Source: X
WORLD

കാനഡയിൽ ആശുപത്രിയിൽ നെഞ്ചു വേദനയുമായി കാത്തിരുന്നത് 8 മണിക്കൂർ; ചികിത്സ ലഭിക്കാതെ ഇന്ത്യൻ സ്വദേശിക്ക് ദാരുണാന്ത്യം

പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പിന്നീട് ഇയാളോട് വെയിറ്റിംഗ് റൂമിൽ കാത്തിരിക്കാനാവശ്യപ്പെടുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കാനഡയിലെ ആശുപത്രിയിൽ മണിക്കൂറുകളോളം ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് 44 കാരനായ ഇന്ത്യൻ വംശജന് ദാരുണാന്ത്യം. ഡിസംബർ 22 ന് ജോലിസ്ഥലത്ത് നിന്നും കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാനഡയിലെ എഡ്മണ്ടണിലുള്ള ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയിലെത്തിച്ച പ്രശാന്ത് ശ്രീകുമാർ എന്നയാളാണ് ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്.

പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പിന്നീട് ഇയാളോട് വെയിറ്റിംഗ് റൂമിൽ കാത്തിരിക്കാനാവശ്യപ്പെടുകയായിരുന്നു. പിന്നീട് പ്രശാന്തിൻ്റെ മാതാപിതാക്കളെത്തി പരിശോധിക്കാനാവശ്യപ്പെട്ടുവെങ്കിലും ഇസിജിയിൽ തകരാറൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാർ വീണ്ടും കാത്തിരിക്കാനാവശ്യപ്പെട്ടു. വേദനയ്ക്ക് ജീവനക്കാർ മരുന്ന് നൽകിയെങ്കിലും ആ സമയത്ത് പ്രശാന്തിൻ്റെ രക്തസമ്മർദം വർധിച്ചു. ഒടുവിൽ എട്ടു മണിക്കൂറിന് ശേഷം ചികിത്സയ്ക്കായി വിളിച്ചപ്പോഴേക്കും പ്രശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു.

പിന്നാലെ നഴ്സുമാർ സഹായം തേടുകയും ജീവൻ നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്തുവെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഭാര്യയും മൂന്ന് കുട്ടികളുമുള്ളയാളാണ് പ്രശാന്ത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ഇതുവരെ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ രോഗിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹതാപം അറിയിക്കുന്നതായി ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

SCROLL FOR NEXT