രാജേഷ് ഗോള Source: Screengrab
WORLD

ജെൻ-സി പ്രക്ഷോഭത്തിനിടെ നേപ്പാളിൽ മരിച്ചവരിൽ ഇന്ത്യൻ വിനോദസഞ്ചാരിയും; മരണം പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടതോടെ

ഗാസിയാബാദ് സ്വദേശിനി രാജേഷ് ഗോളയാണ് ജെന്‍-സി പ്രക്ഷോഭത്തില്‍ മരിച്ചത്

Author : ന്യൂസ് ഡെസ്ക്

നേപ്പാൾ: ജെൻ-സി പ്രക്ഷോഭത്തിനിടെ മരിച്ചരിൽ ഇന്ത്യക്കാരിയും. യുപി ഗാസിയാബാദ് സ്വദേശിനി രാജേഷ് ഗോളയാണ് രാജ്യത്തെ ജെന്‍-സി പ്രക്ഷോഭത്തില്‍ മരിച്ചത്.

സെപ്റ്റംബർ ഏഴിനാണ് പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കുന്നതിനായി രാജേഷ് ഗോള ഭർത്താവ് രാംവീർ സിങ് ഗോളയോടൊപ്പം കാഠ്മണ്ഡുവിൽ എത്തിയത്. എന്നാൽ, സെപ്റ്റംബർ ഒൻപതിന് ഉണ്ടായ കലാപത്തിന് പിന്നാലെ പ്രതിഷേധക്കാർ ഇവർ താമസിച്ച ഫൈവ് സ്റ്റാർ ഹോട്ടലിനും തീയിട്ടു. ബന്ധുക്കൾ പറയുന്നതനുസരിച്ച്, ഹോട്ടലിൻ്റെ ഏറ്റവും മുകളിലെ നിലയിലായിരുന്നു ഹോട്ടലിന് തീയിടുമ്പോൾ രാംവീറും രാജേഷും താമസിച്ചിരുന്നത്.

പരിഭ്രാന്തിയിൽ രാംവീർ ഭാര്യയെ ഒരു കർട്ടൻ ഉപയോഗിച്ച് താഴെയിറക്കാൻ ശ്രമിച്ചു, പക്ഷെ രാജേഷ് താഴേക്ക് വഴുതി വീണു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. രാജേഷിൻ്റെ മൃതദേഹം ഗാസിയാബാദിലെ വീട്ടിലെത്തിച്ചു.

നേപ്പാളിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ നിരവധി ഇന്ത്യൻ തീർഥാടകരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനെ തുടർന്ന് നിരവധി വിനോദസഞ്ചാരികൾ തങ്ങളുടെ യാത്ര വെട്ടിക്കുറച്ചു. മഹാരാജ്ഗഞ്ചിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ തിരിച്ചെത്തുന്ന യാത്രികളുടെ വലിയ തിരക്കാണുള്ളത്.

തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട ജെൻ സികളുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ അരക്ഷിതാവസ്ഥ നിയന്ത്രിക്കാനുള്ള ശ്രമം നേപ്പാളിൽ തുടരുകയാണ്.ഈ മാസം നാലിനാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, യൂട്യൂബ് തുടങ്ങി 26 സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും അടിയന്തരമായി രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തീകരിക്കണമെന്ന് സർക്കാർ നിർദേശം നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇതിനെതിരെയാണ് നേപ്പാളില്‍ പ്രതിഷേധം ഉണ്ടായത്.

SCROLL FOR NEXT