അമേരിക്കയിലെ യൂട്ടായിലെ വാലി ഫെയർ മാളിൽ വച്ച് ഇന്ത്യക്കാരനായ യുവാവിന് നേരെ വംശീയ ആക്രമണം. മാളിലെ കിയോസ്ക് ജീവനക്കാരനായ സൊഹൈൽ എന്ന യുവാവിനെയാണ് 15 തവണ കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ 48 കാരനായ പീറ്റർ മൈക്കൽ ലാർസൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ സൊഹൈലിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായ അദ്ദേഹം നിലവിൽ വെന്റിലേറ്ററിലാണ്.
മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് താൻ ആക്രമണം നടത്തുന്നതെന്നും അവരെ കൊല്ലുകയാണ് തൻ്റെ ലക്ഷ്യമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. സൊഹൈലിന്റെ അടുത്തെത്തിയ ലാർസൻ ആദ്യം എവിടെ നിന്നാണെന്ന് ചോദിച്ചത്. സൊഹൈൽ താൻ ഇന്ത്യയിൽ നിന്നാണെന്നും പേര് സൊഹൈൽ എന്നാണെന്നും മറുപടി നൽകിയതോടെ മുസ്ലീം എന്നാണോ എന്നായിരുന്നു അടുത്ത ചോദ്യം. അതെ എന്ന് മറുപടി നൽകിയതിനു പിന്നാലെ കയ്യിൽ കരുതിയ കത്തിയെടുത്ത് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും ഉപഭോക്താക്കളും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ലാർസൻ കടുത്ത വംശീയ ചിന്താഗതിയുള്ള ആളാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരവകുപ്പുകൾ ചുമത്തി കേസെടുത്തു. അമേരിക്കയിൽ സമീപക്കാലത്തായി മുസ്ലീം വിരുദ്ധ ആക്രമണങ്ങൾ വർധിച്ചുവരുകയാണെന്ന് മനുഷ്യവകാശ സംഘടനകളും മുന്നറിയിപ്പു നൽകുന്നുണ്ട്.