ചരക്ക് കപ്പൽ, പ്രതീകാത്മക ചിത്രം  
WORLD

''ആദ്യം രക്ഷിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം''; ഹോര്‍മുസില്‍ കുടുങ്ങിയ നാവികര്‍ക്കായുള്ള ദൗത്യം നിര്‍ത്തിവെച്ച് ഐഎംഒ

ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച ചരക്ക് കപ്പല്‍ ഒമാന്‍ തീരത്ത് ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.

Author : ന്യൂസ് ഡെസ്ക്

ഹോര്‍മുസില്‍ കുടുങ്ങിയ നാവികരെ പുറത്തെത്തിക്കാനുള്ള ദൗത്യം താത്ക്കാലികമായി നിര്‍ത്തിവെച്ച് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍. ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച ചരക്ക് കപ്പല്‍ ഒമാന്‍ തീരത്ത് ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.

കപ്പിലിന് നേരെയുണ്ടായത് ഡ്രോണ്‍ ആക്രമണമെന്നാണ് വിവരം. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് ആരോപിക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തം ഇറാന്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. സുരക്ഷാ ഗ്യാരന്റി ലഭിക്കാതെ ഇനി മുന്നോട്ട് പോകേണ്ടെന്നാണ് ഐഎംഒ തീരുമാനം. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോര്‍മുസില്‍ കുടുങ്ങിയ 600 കപ്പലുകളെയും 11,000 നാവികരെയും തിരികെ എത്തിക്കാനുള്ള ദൗത്യം ചൊവ്വാഴ്ചയാണ് ഐഎംഒ ആരംഭിച്ചത്.

'നിരവധി കപ്പലുകള്‍ ഇതിനകം ഐഎംഒ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആവശ്യമായ സുരക്ഷാ ഉറപ്പുകള്‍ ലഭിക്കേണ്ടതിനാല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണ്,' ഐഎംഒ സെക്രട്ടറി ജനറല്‍ ആള്‍സെനിയോ ഡോമിന്‍ഗ്വേസ് പറഞ്ഞു.

ഇന്ന് ഒമാന്‍ ഉള്‍ക്കടലില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയ ഒരു കപ്പലിനു നേരെ ഒരു ആക്രമണം നടന്നതായി തനിക്ക് വിവരം ലഭിച്ചു. ഈ കപ്പല്‍ ഐഎംഒയുടെ ഒഴിപ്പിക്കല്‍ ചട്ടക്കൂടിന് കീഴിലല്ലാതെ കടന്നുപോയിട്ടില്ല.

നാവികരുടെ സുരക്ഷ പരമ പ്രധാനമാണെന്ന് ഞാന്‍ എപ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍, ഏകോപിത സമീപനവും നാവിഗേഷന്‍ സുരക്ഷയും ഉറപ്പാക്കുന്നതിന്, കൂടുതല്‍ വ്യക്തത ലഭിക്കുന്നതുവരെ ഒഴിപ്പിക്കല്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

ഇറാന്‍ അനുമതി നല്‍കിയ പാതയിലൂടെ മാത്രമേ യാത്ര നടത്താവൂ എന്നും ഒമാന്‍ നിര്‍ദേശിച്ച പാത ഉപയോഗിച്ചാല്‍ സുരക്ഷാ ഗ്യാരന്റി നല്‍കാനില്ലെന്നും ഐആര്‍ജിസി നേരത്തെ അറിയിച്ചിരുന്നു.

SCROLL FOR NEXT