ഗാസയിലെ ഭക്ഷ്യക്ഷാമം Source; X
WORLD

പട്ടിണിയിലും ദാരിദ്ര്യത്തിലും അൻപതിനായിരത്തിലധികം ആളുകൾ; ഗാസയിലെ ഭക്ഷ്യക്ഷാമം ആദ്യമായി സ്ഥിരീകരിച്ച് ഐപിസി

ഞാൻ പറയുന്നത് മാത്രം കേൾക്കാതെ നിങ്ങൾ ഈ റിപ്പോർട്ട് വായിക്കൂ, എന്ന് ആവശ്യപ്പെടുകയാണ് ഐക്യരാഷ്ട്രസഭയുടെ അടിയന്തര ദുരിതാശ്വാസ കോർഡിനേറ്റർ ടോം ഫ്ലെച്ചർ

Author : ന്യൂസ് ഡെസ്ക്

ഗാസ സിറ്റിയിൽ ആദ്യമായി ഭക്ഷ്യക്ഷാമം സ്ഥിരീകരിച്ച് ആഗോള ഭക്ഷ്യക്ഷാമ നിരീക്ഷക സംഘടനയായ ഐപിസി. ഗാസയിലെ ഭക്ഷ്യക്ഷാമം അഞ്ചാം ഘട്ടത്തിലാണെന്ന് IPC റിപ്പോർട്ടിൽ പറയുന്നു. അൻപതിനായിരത്തിലധികം ആളുകൾ പട്ടിണിയും ദാരിദ്ര്യവും നേരിടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗാസയിലെ ക്ഷാമം മാനവികതയുടെ പരാജയമാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജെനറൽ അന്‍റോണിയോ ഗുറ്ററസ് പ്രതികരിച്ചു.

ഗാസയിൽ ഭക്ഷ്യക്ഷാമമാണെന്ന് സ്ഥിരീകരിക്കുകയാണ് ഒരു ആഗോള സമിതി. ഐക്യരാഷ്ട്ര സഭാ പിന്തുണയുള്ള ഭക്ഷ്യസുരക്ഷ നിരീക്ഷിക്കുന്ന ദ ഇന്‍റഗ്രേറ്റഡ് ഫൂഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ എന്ന സമിതിയുടേതാണ് കണ്ടെത്തൽ. ഗാസയിലെ ഭക്ഷ്യക്ഷാമം അഞ്ചാം ഘട്ടത്തിലാണെന്ന് IPC റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യക്ഷാമത്തിന്‍റെ ഏറ്റവും രൂക്ഷവും മോശവുമായ അവസ്ഥയാണ് ഫേസ് ഫൈവ്. സെപ്റ്റംബർ അവസാനമാകുമ്പോഴേക്കും ദേർ അൽ-ബലാഹ്, ഖാൻ യൂനിസ് എന്നിവിടങ്ങളിലും സമാന സാഹചര്യം അനുഭവപ്പെടുമെന്ന മുന്നറിയിപ്പും സംഘടന നൽകുന്നു.. ഗാസയിലെ അഞ്ച് വയസിനു താഴെയുള്ള 132,000 കുട്ടികളുടെ ജീവൻ പോഷകാഹാരക്കുറവ് മൂലം ഭീഷണി നേരിടുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗാസയിലെ ഭക്ഷ്യക്ഷാമം മനുഷ്യത്വത്തിന്റെ പരാജയമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. അന്താരാഷാട്ര നിയമപ്രകാരം ഗാസയിൽ ഭക്ഷണവും വൈദ്യസഹായവും ഉറപ്പാക്കേണ്ട കടമ ഇസ്രായേലിനുണ്ട്. ഈ സാഹചര്യം തുടരാൻ ഞങ്ങൾക്ക് അനുവദിക്കില്ല. ഇനി ഒഴികഴിവുകളില്ല. നടപടിയെടുക്കാനുള്ള സമയം നാളെയല്ല - ഇപ്പോഴാണ്. ഉടനടി വെടിനിർത്തൽ പ്രാബല്യത്തിൽ വരണം. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നും ഗുട്ടറെസ് എക്സിൽ കുറിച്ചു.

ഈ ഘട്ടത്തിൽ ഇസ്രയേലിനോട് അഭ്യർത്ഥിക്കുകയാണ് ലോകരാജ്യങ്ങൾ ഒന്നടങ്കം. യുദ്ധം അവസാനിപ്പിക്കാൻ. അടിയന്തരമായി ഭക്ഷണ സാധനങ്ങൾ ഗാസയിലെത്തിക്കണെമന്നും ലോകരാജ്യങ്ങൾ ഇസ്രയേലിനോട് ആവശ്യപ്പെടുന്നു. അതേസമയം ഗാസയിൽ ഭക്ഷ്യക്ഷാമം ഇല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇസ്രയേൽ. ഹമാസിന്റെ വ്യാജ പ്രചാരണത്തിന് അനുയോജ്യമായ രീതിയിലാണ് റിപ്പോർട്ടെന്നും വിലയിരുത്തൽ ഏകപക്ഷീയമാണെന്നും ഇസ്രയേലിന്റെ വിമർശനം. എന്നാൽ ഐപിസിയുടെ റിപ്പോർട്ട് നിഷേധിക്കുന്ന ഇസ്രയേലിനു മുന്നിൽ ,ഞാൻ പറയുന്നത് മാത്രം കേൾക്കാതെ നിങ്ങൾ ഈ റിപ്പോർട്ട് വായിക്കൂ, എന്ന് ആവശ്യപ്പെടുകയാണ് ഐക്യരാഷ്ട്രസഭയുടെ അടിയന്തര ദുരിതാശ്വാസ കോർഡിനേറ്റർ ടോം ഫ്ലെച്ചർ.

SCROLL FOR NEXT