ടെഹ്റാൻ: ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയുടെ നാവികസേനയെയും വ്യോമസേനയെയും ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന നയതന്ത്ര ഭിന്നതകൾ കൂടുതൽ വഷളാക്കുന്നതാണ് ഇറാന്റെ പുതിയ നടപടി. രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും വിദേശനയ മുൻഗണനകൾക്കും ഭീഷണി ഉയർത്തുന്നുവെന്ന് ആരോപിച്ചാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീമും അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹാവിയർ മിലെയ് അധികാരമേറ്റശേഷം ഇറാനുമായി കടുത്ത ഏറ്റുമുട്ടല് തുടരുകയാണ് അർജന്റീന ഭരണകൂടം. യുഎസുമായും ഇസ്രയേലുമായും അടുത്ത ബന്ധം പുലർത്തുന്ന മിലെയ് ഭരണകൂടം, ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല സംഘടനയെയും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെയും(ഐആർജിസി) ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് അർജന്റീനയുടെ സായുധ സേനയിലെ രണ്ട് പ്രധാന വിഭാഗങ്ങൾക്ക് എതിരെ കടുത്ത ഉപരോധ നടപടികളിലേക്ക് കടക്കാൻ ഇറാൻ തീരുമാനിച്ചതെന്നാണ് നയതന്ത്ര നിരീക്ഷകരുടെ വിലയിരുത്തൽ. പരസ്പരമുള്ള പോര് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായി തകരുന്ന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്.
ഇറാൻ ഭരണകൂടത്തിന്റെ പ്രഖ്യാപനം അനുസരിച്ച്, അർജന്റീനയുടെ നാവികസേനയ്ക്കും വ്യോമസേനയ്ക്കും അവയുടെ കമാൻഡർമാർക്കും എതിരെ സാമ്പത്തിക, യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള ഉപരോധങ്ങൾ നിലവിൽ വരും. അന്താരാഷ്ട്രതലത്തിൽ തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാന്റെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമേരിക്കൻ സഖ്യകക്ഷികളുടെ നിർദേശങ്ങൾക്ക് വഴങ്ങി അർജന്റീന സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകൾ ലാറ്റിനമേരിക്കൻ മേഖലയിലെ അന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം.
1994ലെ ബ്യൂണസ് ഐറീസ് ജൂത കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിന് ശേഷമാണ് ഇറാനും അർജന്റീനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടായത്. അന്ന് 85 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിൽ ഇറാൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് അർജന്റീന ആരോപിച്ചിരുന്നു. ഇന്റർപോൾ മുഖേന ഇറാൻ പ്രതിനിധികൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാനും അർജന്റീന മുന്നിട്ടിറങ്ങി. ഇതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വലിയ ഉലച്ചിലിലാണു മുന്നോട്ടുപോയത്.
സമീപകാലത്ത് പ്രസിഡന്റ് ഹാവിയർ മിലെയ് വിദേശനയത്തിൽ വരുത്തിയ സമൂലമായ മാറ്റങ്ങൾ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇസ്രയേലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച അർജന്റീന, പലസ്തീൻ ജനതയ്ക്കുമേൽ നടക്കുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തുന്നു. വിദേശ സായുധ സേനകളെ ഭീകര പട്ടികയിൽ ചേർക്കുന്ന രീതി അടുത്ത കാലത്തായി രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്.
ഇറാന്റെ ഈ പുതിയ തീരുമാനത്തോടെ അർജന്റീനയിലെ നയതന്ത്ര പ്രതിനിധികൾക്കും സേനാ ഉദ്യോഗസ്ഥർക്കും മേഖലയിലുള്ള നീക്കങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടി വരും. ലാറ്റിനമേരിക്കയിൽ ഇറാൻ കൂടുതൽ പിന്തുണ ഉറപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അർജന്റീനയുമായുള്ള ഈ നേരിട്ടുള്ള ഏറ്റുമുട്ടൽ മേഖലയിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.