WORLD

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയരുന്നു; അടിച്ചും തിരിച്ചടിച്ചും യുഎസും ഇറാനും

തെക്കൻ ഇറാനിലെ സിരിക്, ബന്ദർ അബ്ബാസ് തീരനഗരങ്ങളിലും തന്ത്രപ്രധാനമായ ഖേഷാം, ഖാർഗ് ദ്വപുകളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു

Author : ന്യൂസ് ഡെസ്ക്

ബഹ്റൈൻ: സമാധാന കരാർ ലംഘിച്ച് യുഎസും ഇറാനും പരസ്പരം ആക്രമണങ്ങൾ അഴിച്ചുവിട്ടതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയരുകയാണ്. യുഎസിന് മറുപടി നൽകാൻ ശക്തമായ ആക്രമണത്തിലൂടെയാണ് ഇറാൻ തിരിച്ചടിച്ചത്. ബഹ്റൈനിലേയും കുവൈത്തിലെയും 85 സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഐആർജിസി അവകാശപ്പെട്ടു. ബഹ്റൈനിലെ യുഎസ് 5th ഫ്ലീറ്റ് ബേസും, കുവൈത്തിലെ അലി അൽ സലേം ബേസും ഉൾപ്പടെയുള്ള കേന്ദ്രങ്ങളാണ് ഇറാൻ ലക്ഷ്യമിട്ടത്.

ബുഷഹറിൽ യുഎസ് ഡ്രോൺ വെടിവെച്ചിട്ടെന്നും ഇറാന്റെ അവകാശവാദം ഉയർന്നു.വ്യോമപ്രതിരോധം തീർത്ത് മിസൈൽ-ഡ്രോണാക്രമണങ്ങൾ നേരിടുന്നു എന്ന് കുവൈത്ത് അറിയിച്ചു. മുന്നറിയിപ്പ് നൽകി ബഹ്റൈനിലും അപായ സൈറണുകൾ മുഴക്കി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി ആയാണ് യുഎസ് ഇറാനെ ആക്രമിച്ചത്. തെക്കൻ ഇറാനിൽ ഇന്ന് പുലർച്ചെ ഉണ്ടായത് വ്യാപക വ്യോമാക്രണമാണ്.

തെക്കൻ ഇറാനിലെ സിരിക്, ബന്ദർ അബ്ബാസ് തീരനഗരങ്ങളിലും തന്ത്രപ്രധാനമായ ഖേഷാം, ഖാർഗ് ദ്വപുകളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും തീരദേശ റഡാറുകളും IRGCയുടെ 60ഓളം ബോട്ടുകളും ആക്രമിച്ച് തകർത്തെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞദിവസം ഹോർമൂസിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്നാണ് യുഎസ് വാദം.

ഇറാൻ്റെ എണ്ണ ഉപരോധത്തിന് യുഎസ് അനുവദിച്ച ഇളവും റദ്ദാക്കി. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷം, ശനിയാഴ്ച, പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ സാങ്കേതിക ചർച്ചകളുടെ അടുത്ത ഘട്ടം പുനരാരംഭിക്കാനിരിക്കും എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഏറ്റുമുട്ടൽ തുടരുന്നത്. പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങൾക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില മൂന്ന് ശതമാനത്തിലധികം വർധിച്ചു.

SCROLL FOR NEXT