മിസൈലുകൾ പതിക്കുന്ന ദൃശ്യം Source: News Malayalam 24X7 (sourced)
WORLD

യുഎസിനെതിരെ സൈനിക നടപടി ആരംഭിച്ച് ഇറാന്‍; ഖത്തറിലും ഇറാഖിലും ആക്രമണം; ദോഹയില്‍ ആറ് മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്

ദോഹയില്‍ തീജ്വാലകള്‍ കണ്ടതായും സ്‌ഫോടനങ്ങളും കേട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

Author : ന്യൂസ് ഡെസ്ക്

യുഎസിനെതിരെ സൈനിക നടപടി ആരംഭിച്ച് ഇറാൻ. ഇറാഖിലും ഖത്തറിലും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ആറ് മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ തീജ്വാലകള്‍ കണ്ടതായും സ്‌ഫോടനങ്ങളും കേട്ടതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നെന്ന വിവരം പുറത്തുവരുന്നത്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് യുഎസ് ഇറാനില്‍ ആക്രമണം നടത്തിയത്. പിന്നാലെ തിരിച്ച് ആക്രമണം നടത്തുമെന്ന് ഇറാന്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഖത്തറിലെ യുഎസ് പൗരര്‍ക്ക് നിര്‍ദേശവുമായി യുഎസ് എംബസി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ തുടരണമെന്നാണ് ഖത്തറിലെ യുഎസ് എംബസി അറിയിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നും സന്ദേശത്തില്‍ പറയുന്നു.

പശ്ചിമേഷ്യയിലെ യുഎസിന്റെ ഏറ്റവും വലിയ വ്യോമതാവളം സ്ഥിതി ചെയ്യുന്നത് ഖത്തറിലാണ്. ഈ പശ്ചാത്തലത്തിലാണ് എംബസികള്‍ മുന്‍കരുതല്‍ നടപടികള്‍ക്കുള്ള നിര്‍ദേശം നല്‍കിയത്.

ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ബെയ്സ്മെന്റുകളില്‍ തുടരണമെന്നും ഖത്തര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും എംബസി അറിയിച്ചു.

അതേസമയം ഇറാന്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. ഇറാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണിതെന്നും ഖത്തര്‍ വ്യക്തമാക്കി. മിസൈലുകളെ വ്യോമ പ്രതിരോധം നിര്‍വീര്യമാക്കിയെന്നും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ഖത്തര്‍ അറിയിച്ചു.

SCROLL FOR NEXT