WORLD

വ്യോമപാത ഭാഗികമായി അടച്ചിട്ട് ഇറാൻ; പ്രതിഷേധക്കാരെ വധിക്കുന്ന നടപടി ഇറാൻ നിർത്തിവച്ചെന്ന് ട്രംപ്

പ്രത്യേക അനുമതിയുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഒഴികെയുള്ള മറ്റു വിമാന സർവീസുകൾ നിർത്തലാക്കിയെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: ഇറാനിൽ പ്രതിഷേധക്കാർക്ക് വധശിക്ഷ നടപ്പാക്കാനുള്ള തുടർ നീക്കം ഇറാൻ സർക്കാർ നിർത്തിവച്ചതിന് പിന്നാലെ വ്യോമപാത ഭാഗികമായി അടച്ചിടാൻ ഇറാൻ നീക്കം. പ്രത്യേക അനുമതിയുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഒഴികെയുള്ള മറ്റു വിമാന സർവീസുകൾ നിർത്തലാക്കിയെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, തൻ്റെ നിർദേശപ്രകാരം ഇറാനിലെ പ്രതിഷേധക്കാരെ വധിക്കുന്ന നടപടി ഇറാൻ നിർത്തിവച്ചിട്ടുണ്ടെന്ന് ട്രംപ് വാദിച്ചു. ഇറാൻ സൈനികരുടെ നടപടി തുടരുകയാണെങ്കിൽ അവർക്കെതിരെ കടുത്ത സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനിയൻ സർക്കാർ വൃത്തങ്ങളിൽ നിന്ന് ഇതു സംബന്ധിച്ച ഉറപ്പ് ലഭിച്ചതായും ട്രംപ് അറിയിച്ചു.

ഇറാനെ ആക്രമിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്, സാഹചര്യങ്ങൾ നിരീക്ഷിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് ട്രംപ് വൈറ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ മറുപടി നൽകി. ഖത്തറിലേക്ക് യാത്ര പോകുന്ന പൗരന്മാർക്ക് യുഎസ് ജാഗ്രതാ നിർദേശം നൽകി. അത്യാവശ്യ യാത്രകൾ മാത്രമെ നടത്താവൂയെന്നും യുഎസ് സർക്കാർ പൗരന്മാർക്ക് നിർദേശം നൽകി. ഇറാനെതിരെ യുഎസ് സൈനിക നീക്കങ്ങൾ നടത്തിയേക്കുമെന്ന സാഹചര്യങ്ങൾ മുൻനിർത്തി ഖത്തറിലെ മിലിറ്ററി ആസ്ഥാനത്ത് നിന്ന് യുഎസും ബ്രിട്ടനും ആളുകളെ ഒഴിപ്പിച്ചിരുന്നു.

അതേസമയം, ഇറാനിലെ വ്യോമപാത അടച്ചതിന് പിന്നാലെ ഏതാനും വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയെന്ന് എയർ ഇന്ത്യ അറിയിച്ചു. പകരം സഞ്ചാരപാതകൾ ഉപയോഗിക്കേണ്ടി വരുന്നതിനാൽ ഈ റൂട്ടിലുള്ള മറ്റു സർവീസുകൾക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ഓൺലൈനിലൂടെ ഈ സാഹചര്യങ്ങൾ വിലയിരുത്തി വേണം യാത്ര ചെയ്യാനെന്നും എയർ ഇന്ത്യ അറിയിച്ചു.

ഇറാനിലെ ദേശസ്നേഹികള്‍ പ്രതിഷേധങ്ങള്‍ തുടരണമെന്നും സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നുമാണ് ട്രൂത്ത് സോഷ്യല്‍ വഴിയുള്ള ട്രംപിന്‍റെ ആഹ്വാനം. ഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി ട്രംപ് നേരത്തേ സൂചന നൽകിയിരുന്നു. ഇറാനെതിരെ പദ്ധതിയിടുന്നതിൽ ഒന്ന് വ്യോമാക്രമണം ആയിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ അവരുടെ പരസ്യ പ്രഖ്യാപനങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വകാര്യമായി സ്വീകരിക്കുന്നതെന്നും ലീവിറ്റ് വ്യക്തമാക്കി.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉടനടി നടപടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു . ഉത്തരവ് അന്തിമവും നിർണായകവുമാണെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ വഴിയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ചൈന,തുർക്കി, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇറാനുമായി അടുത്ത വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾ. ട്രംപിൻ്റെ പുതിയ തീരുവ പ്രഖ്യാപനം നിലവിൽ ഇന്ത്യ അടക്കം ഉള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാണ് .

SCROLL FOR NEXT