WORLD

ഹോര്‍മുസ് കടലിടുക്ക് ഇന്ത്യക്കായി തുറന്നിരിക്കുകയാണ്; ഉറപ്പ് നല്‍കി ഇറാന്‍ അംബാസഡര്‍

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ടോള്‍ ഈടാക്കുന്നുവെന്ന വാര്‍ത്തയും ഇറാൻ അംബാസഡർ നിഷേധിച്ചു

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുകയാണെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് ടോള്‍ ഈടാക്കുന്നുവെന്ന വാര്‍ത്ത ഇറാന്‍ അംബാസഡര്‍ നിഷേധിച്ചു.

വിഷമഘട്ടത്തിലും ഇന്ത്യയും ഇറാനും തമ്മില്‍ നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ഫതാലി പറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ യുഎസ് നാവികസേന ഏര്‍പ്പെടുത്തിയ ഉപരോധം സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തിലാണ് അംബാസഡറുടെ പ്രതികരണം. അതോടൊപ്പം, വാഷിംഗ്ടണ്‍ തങ്ങളുടെ 'നിയമവിരുദ്ധമായ ആവശ്യങ്ങളില്‍' നിന്ന് പിന്മാറിയില്ലെങ്കില്‍ സംഘര്‍ഷങ്ങള്‍ പുനരാരംഭിക്കാനുള്ള സാധ്യതയും ഫതാലി മുന്നോട്ടുവെച്ചു.

എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാനുമായി സൗഹൃദം പങ്കിടുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി പറഞ്ഞതായി ഫതാലി ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യന്‍ കപ്പലുകളുടെ യാത്ര സുഖമമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധങ്ങള്‍ നീക്കിയതിന് ശേഷം ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലാണ് ഉറപ്പ് ലഭിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തില്‍ തടസ്സങ്ങളുണ്ടായാല്‍ അത് ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലയെ ശക്തമായി ബാധിക്കും. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും കൈകാര്യം ചെയ്യുന്നത് ഈ കടലിടുക്ക് വഴിയാണ്.

ഇസ്ലാമാബാദിലെ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം യുഎസ് ആണെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ഫതാലി പറഞ്ഞു. യുഎസ് എത്തിയത് ചര്‍ച്ചയ്ക്കായിരുന്നില്ല, മറിച്ച് ഇറാന്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെടാനാണെന്ന് അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT