ടെഹ്‌റാന്‍: യുഎസ്-ഇസ്രയേല്‍ സൈനിക താവളങ്ങൾ വീണ്ടും ആക്രമിച്ച് ഇറാന്‍. മിഡില്‍ ഈസ്റ്റിലെ 27ഓളം യുഎസ് സൈനിക താവളങ്ങളിലും ടെല്‍ അവീവിലെ ഇസ്രയേലി സൈനിക താവളങ്ങളിലുമാണ് ആക്രമണം നടത്തിയത്. ഖത്തറിലും യുഎഇയിലുമടക്കം വിവിധയിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.
ഖത്തര്‍, യുഎഇ, കുവൈത്ത്, ബഹറൈന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. പുതിയ ആക്രമണത്തില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ അറിയിച്ചു.
ഓപ്പറേഷന്‍ ട്രൂ പ്രോമിസിന്റെ അഞ്ചാം തരംഗമാണ് ഇപ്പോള്‍ നടന്നത്. അമേരിക്കന്‍ ആയുധക്കപ്പലില്‍ ഡ്രോണാക്രമണങ്ങളിലും ആക്രമണം നടത്തി. ആക്രമണം ജബല്‍ അലി ആങ്കറേജിലെന്നും ഇറാനിയന്‍ സൈനിക വിഭാഗമായ ഐആര്‍ജിസി അറിയിച്ചു.
കുവൈറ്റിലെ അബ്ദുള്ള മുബാരക് ഏരിയയിലെ യുഎസ് നേവല്‍ ബെയ്‌സില്‍ നാല് ബലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പതിച്ചു. ഇന്ത്യന്‍ സമുദ്രത്തില്‍ അമേരിക്കന്‍ കോംബാറ്റ് സപ്പോര്‍ട്ട് ഷിപ് ആക്രമിച്ചു. ഖദര്‍ 380 മിസൈലുകളാണ് പ്രയോഗിച്ചതെന്നും സൈനിക വിഭാഗം അറിയിച്ചു.
അതേസമയം, ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ ഇതുവരെ കാണാത്ത വിധമുള്ള ആക്രമണം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രസ്താവന.
'ഇറാന്‍ പ്രസ്താവിച്ചത് അവര്‍ ഇന്ന് ഇതുവരെ കണ്ടതിനേക്കാള്‍ ശക്തമായി ആക്രമിക്കുമെന്നാണ്. മുമ്പ് ആക്രമിച്ചതിനേക്കാള്‍ ശക്തമായി ആക്രമിക്കുമെന്ന്. അങ്ങനെ ചെയ്യാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്. അവര്‍ അങ്ങനെ ചെയ്താല്‍ ഇന്നുവരെ കാണാത്ത നിലയില്‍ ഞങ്ങള്‍ തിരിച്ചടിക്കും,' ട്രംപ് പറഞ്ഞു
എന്നാല്‍ എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്നായിരുന്നു ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഘാലിബാഫ് പറഞ്ഞത്. അമേരിക്കയും ഇസ്രയേലും പരിധി കടന്നു. വിനാശകരമായ പ്രഹരങ്ങള്‍ നേരിടേണ്ടി വരും. വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാനിയന്‍ ഘാലിബാഫ് പറഞ്ഞു.
അതേസമയം ഇറാന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ജി 7 രാജ്യങ്ങളുടെ നേതാക്കളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സംസാരിക്കും. അബുദാബിയിലേക്കുള്ള എല്ലാ സര്‍വീസുകളും എത്തിഹാദ് എയര്‍വേയ്‌സ് റദ്ദാക്കുകയും ചെയ്തു.
ഇറാന്‍ ആക്രമണത്തില്‍ നേരത്തെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിക്കുകയും പുക നിറയുകയും ചെയ്തിരുന്നു. യുഎഇ ജെബെല്‍ അലി തുറമുഖത്ത് തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദുബായില്‍ പ്രധാനപ്പെട്ട അഞ്ചിടങ്ങളിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക് പറ്റിയതായും ആവശ്യമായ വൈദ്യസഹായം നല്‍കിയതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഒറ്റപ്പെട്ടു പോയ യാത്രക്കാര്‍ക്ക് സുരക്ഷിതമായ താമസവും മറ്റു ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെവന്‍സ്റ്റാര്‍ ഹോട്ടലായ ബുര്‍ജ് അല്‍ അറബിലന്റെ താഴെ തടഞ്ഞു നിര്‍ത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കാരണം തീപിടിത്തമുണ്ടായിരുന്നു.