ആക്രമണദൃശ്യങ്ങൾ  Source: X
WORLD

ഇസ്രയേലിൽ ആക്രമണം കടുപ്പിച്ച് ഇറാൻ; 48 മണിക്കൂറിനകം ഹോർമുസ് തുറക്കണമെന്ന് ഇറാന് ട്രംപിൻ്റെ അന്ത്യശാസനം

ആക്രമണത്തിൽ ആണവകേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ആണവ വികിരണം ഉണ്ടായിട്ടില്ലെന്നും ഇസ്രയേൽ.

Author : ന്യൂസ് ഡെസ്ക്

ജറുസലേം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അശാന്തമായി തുടരുന്നു. ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ. രണ്ട് വ്യത്യസ്ത ഇടങ്ങളിലായി ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 100ലധികം പേർക്ക് പരിക്കേറ്റെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിൻ്റെ സുപ്രധാന ആണവകേന്ദ്രമായ ഡിമോണ ആണവകേന്ദ്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 47 പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിൽ ആണവകേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ആണവ വികിരണം ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയായ ഐഎഇഎ അറിയിച്ചു.

മറ്റൊരു നഗരമായ അറദിൽ ഉണ്ടായ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 70 ഓളം പേർക്കാണ് പരിക്കേറ്റത്.ആക്രമണങ്ങളെ അപലപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്സിൽ കുറിപ്പ് പങ്കുവെച്ചു. ശത്രുക്കൾക്കെതിരായ ആക്രമണം തുടരുമെന്നും കുറിപ്പിൽ നെതന്യാഹു പറഞ്ഞു. 48 മണിക്കൂറിനകം ഹോർമുസ് തുറക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും ട്രംപ് അറിയിച്ചു.

യുഎസ് ഇറാനെ ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാക്കിയെന്നും താൻ നിശ്ചയത്തിലും നേരത്തെ ഇത് പൂർത്തിയാക്കാൻ സാധിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ താൻ അത് ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ പറയുന്നു. ഇറാൻ്റെ നേതൃത്വത്തെയും നാവിക, വ്യോമസേനകളെയും ഇല്ലാതാക്കിയെന്നും ട്രംപ് കുറിപ്പിൽ അവകാശപ്പെടുന്നുണ്ട്.

SCROLL FOR NEXT