തെഹ്‌റാനിലെ ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ത്തെന്ന് ഇസ്രയേല്‍. ഇസ്രയേല്‍ വ്യോമസേനാ ജെറ്റുകള്‍ ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ത്തതായി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ കറാജിലും പായം വിമാനത്താവളത്തിലുമടക്കം ഇറാന്റെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനിലെ ടെലിവിഷന്‍ ചാനലുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ചാനലുകളില്‍ ഇസ്ലാമിക ഭരണകൂടത്തിനെതിരായി തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
ഉപഗ്രഹ ചാനലുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇറാനിയന്‍ ഭരണകൂടത്തിനെതിരായി നടന്ന പ്രതിഷേധങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചാനലുകളില്‍ വന്നത്. സ്ത്രീകള്‍ മുടിമുറിക്കുന്നതിന്റെയും ഹിജാബ് അഴിക്കുന്നതിന്റേയും ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു.
ഇറാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ വിദ്യാര്‍ഥി സംഘം ഡല്‍ഹിയിലെത്തി. ഇറാനില്‍ നിന്നൊഴിപ്പിച്ച 110 വിദ്യാര്‍ഥികളെയാണ് ഡല്‍ഹിയില്‍ എത്തിച്ചത്. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഉന്നത ഉദ്യോഗസ്ഥരും
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരം കാണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശമുണ്ട്. ഉപാധികളില്ലാതെ ജറുസലേമിന്റെ സുരക്ഷ സംരക്ഷിക്കപ്പെടണം. ഇറാന്‍-റഷ്യന്‍ കരാറില്‍ പ്രതിരോധ സഹകരണം ഇല്ലെന്നും, അതിനാല്‍ അത്തരം ചര്‍ച്ചകള്‍ അനാവശ്യമെന്നും പുടിന്‍
അറാക്ക് ജല റിയാക്ടറിനടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും ഒഴിയാന്‍ ഇറാന് ഇസ്രയേല്‍ നിര്‍ദേശം. തെഹ്‌റാന്റെ തെക്ക് പടിഞ്ഞാറായി 250 കിലോമീറ്റര്‍ അകലെയാണ് അറാക് റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്. എക്‌സിലൂടെയാണ് ഐഡിഎഫിന്റെ മുന്നറിയിപ്പ്.
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലിലെ സൊറോക ആശുപത്രി തകര്‍ന്നതായി റിപ്പോര്‍ട്ട്. ടെല്‍ അവീവിലും ഇറാന്‍ മിസൈലുകള്‍ പതിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അറാക് ആണവ റിയാക്ടറിന് നേരെ ആക്രമുണ്ടായതിന് പിന്നാലെ ഇസ്രയേലിന് തിരിച്ചടി നല്‍കി ഇറാന്‍. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ ഹോളനിലാണ് ഇറാന്‍റെ മിസൈൽ ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്ന് ഇസ്രയേലിലെ അടിയന്തര സര്‍വീസ് ആയ മേഗന്‍ ഡേവിഡ് ആഡം അറിയിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നും 20 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മേഗന്‍ ഡേവിഡ് ആഡം അറിയിച്ചു.
ഇറാന് മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലിലെ സൊറോക ആശുപത്രി തകര്‍ന്ന സംഭവത്തില്‍ മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു. 'ഇന്ന് രാവിലെ 'ഇറാന്‍ തീവ്രവാദികള്‍' സൊറോക്ക ആശുപത്രിക്കും പൗരന്മാര്‍ക്കും നേരെയാണ് മിസൈല്‍ ആക്രമണം നടത്തിയത്. തെഹ്‌റാനിലെ 'സ്വേച്ഛാധിപതി'കളെക്കൊണ്ട് വലിയ പിഴയൊടുപ്പിക്കും,' നെതന്യാഹു എക്‌സില്‍ കുറിച്ചു.
യുഎസിന്റെ നേരിട്ടുള്ള സൈനിക ഇടപെടലിനെതിരെ ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഘരിബാബാദി. സംഘർഷം വികസിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും, ആവശ്യമെങ്കിൽ 'ആക്രമണകാരികളെ ഒരു പാഠം പഠിപ്പിക്കാൻ' തയ്യാറാണെന്നും ഘരിബാബാദി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ സജീവമായി ശ്രമിക്കുന്നതായി കാണിക്കുന്ന വിവരങ്ങൾ ആണവ നിരീക്ഷണ ഏജൻസിയുടെ പക്കലില്ലെന്ന് ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി. ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ഇറാൻ അന്താരാഷ്ട്ര ആണവ സുരക്ഷാ മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത പാലിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഗ്രോസിയുടെ പ്രതികരണം.
ഇറാനിൽ നിന്നും 1,600-ലധികം പേരെയും ഇസ്രയേലിൽ നിന്നും നൂറുകണക്കിന് ആളുകളെയും ചൈന ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ.
ഇറാനുമായും ഇസ്രയേലുമായും ചൈന ബന്ധം തുടരുമെന്നും സംഘർഷം ലഘൂകരിക്കാൻ ആവശ്യപ്പെടുന്നുവെന്നും ജിയാകുൻ അറിയിച്ചു.
സംഘർഷത്തിൽ സൈനികമായി ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, "അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലപ്രയോഗം നടത്തുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ" ചൈന എതിരാണെന്നായിരുന്നു ജിയാകുന്റെ പ്രതികരണം.
ഇന്ന് നടന്ന ഇറാന്‍ മിസൈല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ ഇസ്രയേലികളുടെ എണ്ണം വർധിക്കുന്നു. ഇറാൻ ആക്രമിച്ച സ്ഥലങ്ങളിൽ നിന്ന് പരിക്കേറ്റ 137 പേരെ വൈദ്യചികിത്സയ്ക്കായി കൊണ്ടുപോയതായാണ് അല്‍ ജസീറയുടെ റിപ്പോർട്ട്.
ഇറാന്റെ തിരിച്ചടി ശക്തമായ സാഹചര്യത്തില്‍ ഇസ്രയേലിലെ യുഎസ് സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ഷെല്‍ട്ടറുകളില്‍ തുടരാന്‍ നിർദേശം നല്‍കിക്കൊണ്ട് യുഎസ് എംബസി പ്രസ്താവനയിറക്കി. യുഎസ് പൗരന്മാർ ഇസ്രയേലിൽ നിന്ന് മടങ്ങുന്നത് ഉറപ്പാക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും എംബസി കൂട്ടിച്ചേർത്തു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഇനി അധികകാലം ജീവനോടെയിരിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്.
"(ഖമേനിയെ) പോലുള്ള ഒരാൾ എപ്പോഴും തന്റെ ഏജന്റുമാരിലൂടെ ഇസ്രയേലിനെ നശിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഞങ്ങളെ ആക്രമിക്കാൻ തയ്യാറുള്ള ഈ മനുഷ്യൻ ജീവനോടെയിരിക്കരുത്. ഈ മനുഷ്യനെ തടയുക, ഇല്ലാതാക്കുക എന്നത് ഞങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമാണ്," ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
തെഹ്‌റാനിലെ എംബസി അടച്ചുപൂട്ടി, നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും രാജ്യത്തിന് പുറത്തെത്തിച്ചുവെന്ന് ബൾഗേറിയൻ പ്രധാനമന്ത്രി റോസൻ ഷെല്യാസ്‌കോവ്.
ബൾഗേറിയൻ നയതന്ത്ര ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും അയൽരാജ്യമായ അസർബൈജാനിലേക്ക് കാറിൽ മാറ്റിയതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇടപെടുന്നതില്‍ ഹിസ്ബുള്ളയ്ക്ക് യുഎസിന്റെ മുന്നറിയിപ്പ്. ഹിസ്ബുള്ള ഇടപെട്ടാൽ അത് "വളരെ മോശം തീരുമാനം" ആയിരിക്കുമെന്ന് സിറിയയിലെ യുഎസ് പ്രത്യേക പ്രതിനിധി ടോം ബരാക് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടത് 69 പേർ. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 221 പേർക്കാണ് പരിക്കേറ്റത്.
2023 ഒക്ടോബറിൽ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 55,706 പലസ്തീനികൾ കൊല്ലപ്പെടുകയും 130,101 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകള്‍.
യുഎസിനോട് ഇസ്രയേല്‍ സഹായം അഭ്യർഥിക്കുന്നത് 'ബലഹീനതയുടെ ലക്ഷണമാണെന്ന്' ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അയത്തുള്ള അലി ഖമേനിയെ "ഇല്ലാതാക്കുക" എന്നതാണ് പ്രഖ്യാപിത യുദ്ധലക്ഷ്യം എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞതിനു പിന്നാലെയായിരുന്നു പ്രതികരണം.
ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ആധുനികകാലത്തെ ഹിറ്റ്ലറാണ് ഖമേനി. ഇറാന്‍ പോലുള്ള രാജ്യത്തിന്റെ തലവനായും, ഇസ്രയേലിന്റെ നാശം പ്രഖ്യാപിത ലക്ഷ്യമാക്കുകയും ചെയ്ത ഖമേനിയെപ്പോലെയുള്ള ഒരു സ്വേച്ഛാധിപതി തുടരുന്നത് അനുവദിക്കാനാകില്ലെന്നും കാറ്റ്സ് പറഞ്ഞു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന ആശുപത്രിയും കെട്ടിടങ്ങളും സന്ദര്‍ശിച്ചശേഷമായിരുന്നു കാറ്റ്സിന്റെ പ്രതികരണം.
ഭീരുവായ ഇറാനിയന്‍ സ്വേച്ഛാധിപതി ബങ്കറില്‍ ഒളിച്ചിരുന്ന് ഇസ്രയേലിലെ ആശുപത്രികള്‍ക്കും ജനവാസ കെട്ടിടങ്ങള്‍ക്കും നേരെ മിസൈല്‍ പ്രയോഗിക്കുകയാണ്. ഇതെല്ലാം ഗുരുതരമായ യുദ്ധകുറ്റകൃത്യങ്ങളാണ്. ഖമേനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേല്‍ പ്രതിരോധസേന പര്യാപ്തമാണ്. ആണവ ഭീഷണി ഒഴിവാക്കുക, മിസൈല്‍ ഭീഷണികളെ നിര്‍വീര്യമാക്കുക എന്നിവയാണ് യുദ്ധത്തിന്റെ ലക്ഷ്യം. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി, ഈ മനുഷ്യന്‍ ഇനിയും നിലനില്‍ക്കരുതെന്ന് സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് അത് അറിയാമെന്നും കാറ്റ്സ് വ്യക്തമാക്കി.
ഇറാന് 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ഇന്റര്‍നെറ്റ് വാച്ച്ഡോഗ് നെറ്റ്ബ്ലോക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 നവംബറിലെ പ്രതിഷേധക്കാലത്തിനു ശേഷമുള്ള കടുത്ത നടപടിയെന്നാണ് റിപ്പോര്‍ട്ട്. ആശയവിനിമയം വളരെ അനിവാര്യമായ സാഹചര്യത്തില്‍ ഇറാന്റെ നടപടി പൊതുജനത്തെ സാരമായി ബാധിക്കുന്നതാണെന്നും നെറ്റ്ബ്ലോക്സ് പറയുന്നു.
ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരായ സൈനിക നടപടിയില്‍ യുഎസിനെ പ്രതീക്ഷിച്ച് ഇസ്രയേല്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'യുഎസും പങ്കാളിയാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, അതിനായി ആരും നിര്‍ബന്ധിക്കുന്നില്ല. അവര്‍ സ്വയം തീരുമാനമെടുക്കണം. അടുത്ത 24-48 മണിക്കൂറിനുള്ളില്‍ അത് അറിയാനാകും' -റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്റെ ആണവ പദ്ധതിക്കെതിരെ സൈനിക നടപടി ഒരു പരിഹാരമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഫ്രാന്‍സ്. ഇറാന്റെ ആണവ പദ്ധതി പശ്ചിമേഷ്യയുടെ സ്ഥിരതയ്ക്കും, ഫ്രഞ്ച് താല്പര്യങ്ങള്‍ക്കും കടുത്ത ഭീഷണിയാണ്. ദേശീയ, മേഖലാ താല്പര്യങ്ങള്‍ക്ക് അത് ഉയര്‍ത്തുന്ന ഭീഷണിയുടെ ഗൗരവം ഫ്രാന്‍സ് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, സൈനിക നടപടികൊണ്ട് അത് പരിഹരിക്കാനാകില്ല. പ്രതിസന്ധി ഗുരുതരമാണ്. സംഘര്‍ഷം ലഘൂകരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്താല്‍ മാത്രമേ പരിഹാരം കാണാനാകൂ. നയതന്ത്ര പരിഹാരമാണ് ആവശ്യം. അടിച്ചമര്‍ത്തുന്നതും മേഖലയെ അസ്ഥിരപ്പെടുത്തുന്നതുമായ ഇറാനിയന്‍ ഭരണകൂടത്തോട് യാതൊരു അനുകമ്പയുമില്ലെന്നും ഫ്രഞ്ച് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവ ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി യൂറോപ്പിലേക്കെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ജനീവയിലെത്തുന്ന അരാഗ്‌ചി ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നാണ് ജര്‍മന്‍ നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആണവ പദ്ധതി സമാധാനപരമായി തുടരുമെന്ന് ഉറപ്പാക്കാൻ ഇറാനെ പ്രേരിപ്പിക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. മന്ത്രിസംഘം ആദ്യം യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞന്‍ കാജ കാലസുമായി ചര്‍ച്ചകള്‍ നടത്തും. അതിനുശേഷമാകും സംഘം അരാഗ്‌ചിയുമായി കൂടിക്കാഴ്ച നടത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.