തെഹ്‌റാനിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടി നൽകി ഇറാന്‍. ടെല്‍ അവീവിലും തുറമുഖ നഗരമായ ഹൈഫയിലുമാണ് ഇറാന്റെ ആക്രമണം. നൂറിലധികം മിസൈലുകളാണ് പതിച്ചത്. അതേസമയം പ്രത്യാക്രമണത്തില്‍ ഭൂരിഭാഗം മിസൈലുകളും തടുക്കാനായെന്നാണ് ഇസ്രയേല്‍ അവകാശവാദം.
പുതിയ ആക്രമണത്തില്‍ മൂന്ന് പേരടക്കം ഇസ്രയേലില്‍ ഇതുവരെ എട്ട് പേര്‍ കൊല്ലപ്പെട്ടു. 69, 80 വയസുള്ള സ്ത്രീകളും പത്ത് വയസുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ട മൂന്ന് പേർ എന്ന് ദ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത്. തെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇറാനിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി.
ഇതിനിടെ ഒമാനില്‍ നടക്കാനിരുന്ന അമേരിക്ക-ഇറാന്‍ ആറാംഘട്ട ആണവ കരാര്‍ ചര്‍ച്ചകള്‍ മാറ്റിവെച്ചു. യു എസുമായി ചര്‍ച്ച നടത്തുന്നതില്‍ അര്‍ഥമില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അറബ് രാഷ്ട്രത്തലവന്‍മാരുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു.
യുഎന്നിന്റെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) യുമായും ഇനി സഹകരിക്കില്ലെന്നും ഇറാന്‍ അറിയിച്ചു. ഇസ്രയേല്‍ ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളില്‍ യുഎന്‍ മൗനം പാലിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നീക്കം.
ഇസ്രയേല്‍ പ്രകോപനം തുടര്‍ന്നാല്‍ കൂടുതല്‍ കടുത്ത പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞിരുന്നു. സൈനിക പ്രതിരോധത്തെ തടഞ്ഞാല്‍ അമേരിക്കന്‍, ബ്രിട്ടീഷ്, ഫ്രഞ്ച് ബേസുകള്‍ ആക്രമിക്കുമെന്ന് നേരത്തേ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 80 ഓളം പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.