Source: Fars News agency
WORLD

Israel-Iran Attack News Live Updates | പടിഞ്ഞാറൻ ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; ഡ്രോണുകളും ക്വാഡ്‌കോപ്റ്ററുകളും വെടിവെച്ചിട്ട് ഇറാൻ

തെഹ്‌റാനിലെ എണ്ണ സംഭരണശാല ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം

ന്യൂസ് ഡെസ്ക്

ഇസ്രയേലിന് ഇറാന്റെ തിരിച്ചടി

ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ മിസൈല്‍ ആക്രമണം. പതിച്ചത് നൂറിലധികം മിസൈലുകള്‍ തെഹ്‌റാനിലെ എണ്ണ സംഭരണശാല ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ ഇതുവരെ 8 മരണം റിപ്പോർട്ട് ചെയ്തു.

ആണവ ചര്‍ച്ചയില്‍ നിന്ന് പിന്മാറി ഇറാന്‍

യുഎസുമായി ആറാം റൗണ്ട് ആണവ ചര്‍ച്ചയില്‍ നിന്ന് പിന്മാറി ഇറാന്‍. ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ച നടത്തുന്നതില്‍ കഴമ്പില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

യുഎന്നിന്റെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) യുമായും ഇനി സഹകരിക്കില്ലെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രയേല്‍ ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളില്‍ യുഎന്‍ മൗനം പാലിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നീക്കം.

ഇറാന്റെ മിസൈലുകളെ പ്രതിരോധിച്ചു-ഇസ്രയേല്‍

പ്രത്യാക്രമണത്തില്‍ ഇറാന്‍ വിക്ഷേപിച്ച ഭൂരിഭാഗം മിസൈലുകളും തകര്‍ത്തതായി ഇസ്രയേല്‍. പ്രധാനമന്ത്രി ഞെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ കാബിനറ്റ് വിളിച്ചു ചേര്‍ക്കുകയും ചെയ്തു.

ഇറാന്‍ തിരിച്ചടിയില്‍ ഇസ്രയേലില്‍ മരണ സംഖ്യ ഉയരുന്നു

ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. 36 ഓളം പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ പത്ത് വയസുള്ള ആണ്‍കുട്ടിയും 69, 80 വയസുള്ള സ്ത്രീകളും. ഇസ്രയേലിൽ സംഘർഷത്തിൽ ഇതുവരെ എട്ട് പേർ കൊല്ലപ്പെട്ടു.

ഇസ്രയേലില്‍ മരണസംഖ്യ ഉയരുന്നു

പുലർച്ചെ എണ്ണ സംഭരണശാലയില്‍ ഉണ്ടായ ഇറാന്‍ ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. ബാത് യാമിയിലെ കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടി കൂടി മരിച്ചതോടെ മധ്യ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇതോടെ ഇറാന്‍‌ ആക്രമണങ്ങളില്‍ ഇസ്രയേലിലെ മരണസംഖ്യ എട്ടായി ഉയർന്നു.

ഏകദേശം 35 പേരെ കാണാതായതായും 100ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

"ക്രൂരമായ ആക്രമണങ്ങള്‍"; ഇസ്രയേലിനെ വിമർശിച്ച് ചൈന

ഇറാൻ ആണവ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം തേടുന്ന അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്റെ ആക്രമണങ്ങളെ എതിർക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഇറാൻ, ഇസ്രയേൽ വിദേശകാര്യ മന്ത്രിമാരുമായി വാങ് യി ഫോണില്‍ സംസാരിച്ചു.

ഇറാനിയൻ വ്യോമാതിർത്തി അടഞ്ഞുകിടക്കും

ഇറാനിയൻ സിവിൽ ഏവിയേഷൻ അധികൃതർ രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചിടൽ ഇന്ന് ഉച്ചകഴിഞ്ഞ് 3:00 വരെ നീട്ടി.

ഇറാന്റെ വിമാനത്താവളങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റിൽ നോക്കണമെന്നും സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

ആ മിസൈലിന്റെ പേര് 'ഖാസിം സുലൈമാനി'!

ഇറാൻ ഇസ്രയേലിലേക് തൊടുത്തത് കൊല്ലപ്പെട്ട ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ പേരുള്ള മിസൈൽ.

ഇറാന്‍ തൊടുത്ത ഖാസിം സുലൈമാനി മിസൈല്‍

മധ്യ ഇസ്രയേലിലെ മരണസംഖ്യ ഉയർന്നു

ബാത് യാം നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രയേലും വൈനെറ്റ് ന്യൂസ് ഔട്ട്‌ലെറ്റും റിപ്പോർട്ട് ചെയ്യുന്നു.

ടെൽ അവീവിന് തൊട്ടു തെക്കായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

ദുഃഖകരമായ പ്രഭാതം - ഐസക് ഹെർസോഗ്

"വളരെ ദുഃഖകരവും ദുഷ്‌കരവുമായ ഒരു പ്രഭാതം" ആണ് രാജ്യം അനുഭവിച്ചതെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്."ക്രിമിനൽ ഇറാനിയൻ ആക്രമണങ്ങൾ" എന്നാണ് ഹെർസോഗ് ആക്രമണങ്ങളെ വിശേഷിപ്പിച്ചത്. പരിക്കേറ്റവർ സുഖം പ്രാപിക്കുന്നതിനും ഇപ്പോഴും കാണാതായ ഇസ്രയേലികളെ കണ്ടെത്തുന്നതിനും വേണ്ടി പ്രാർത്ഥിക്കുമെന്നും എക്‌സ് പോസ്റ്റിൽ ഹെർസോഗ് പറഞ്ഞു.

ഇറാന്‍ റിഫൈനറിയിലെ ഇന്ധന ഉൽപ്പാദനം തടസപ്പെട്ടില്ല: റിപ്പോർട്ട്

തെഹ്‌റാൻ ഓയിൽ റിഫൈനറിയിലെ ഇന്ധന ഉൽപ്പാദനം, വിതരണം, എന്നിവ തടസമില്ലാതെ തുടരുന്നുവെന്ന് ഇറാന്റെ സ്റ്റുഡന്റ് ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു.

ഇസ്രയേല്‍ ആക്രമണത്തില്‍ റിഫൈനറിയുമായി ബന്ധമില്ലാത്ത ഇന്ധന ടാങ്കിലാണ് തീപിടുത്തമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇസ്രയേല്‍ നടത്തുന്ന വംശഹത്യാപരമ്പര

ആഗോളതെമ്മാടി സ്വരൂപം പൂണ്ട് ഇസ്രയേല്‍. ഭൂലോക പൊലീസ് ചമഞ്ഞ് യുഎസ്. കുഞ്ഞുകുട്ടി പരാദീനങ്ങളും, വോയധികരും, ഗര്‍ഭിണികളും, നടക്കാനാവാത്തവരും, നില്‍ക്കാന്‍പോലുമാകാത്തവരും, പൂര്‍ണകിടപ്പിലായവരുമെല്ലാമുള്ള ജനവാസ കേന്ദ്രങ്ങളുടെ മധ്യത്തിലേക്ക് എയ്തുവിടുന്ന ആ മിസൈലുകളുണ്ടല്ലോ, അതിന്റെ പേരാണ് ധാര്‍ഷ്ട്യം. ഇപ്പോള്‍ ഇസ്രയേല്‍ ഇറാനില്‍ നടത്തുന്നത് മാപ്പര്‍ഹിക്കാത്ത യുദ്ധക്കുറ്റമാണ്....വായിക്കാം - SPOTLIGHT

ആണവ പദ്ധതികളില്‍ ഇറാനെ ചർച്ചയ്ക്ക് ക്ഷണിച്ച് ജർമനി, ഫ്രാന്‍സ്, യുകെ

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ അയവ് വരുത്താനാണ് തങ്ങള്‍ പ്രവർത്തിക്കുന്നതെന്ന് മിഡിൽ ഈസ്റ്റ് സന്ദർശിക്കുന്ന ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ.

ആണവ പദ്ധതിയെക്കുറിച്ച് ഇറാനുമായി ചർച്ചകള്‍ നടത്താമെന്ന് പറഞ്ഞ ജർമൻ വിദേശകാര്യ മന്ത്രി, ഇറാന്‍ ഇത് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നതായും കൂട്ടിച്ചേർത്തു. ഇസ്രയേലിനോ, യുറോപ്പിനോ, മിഡില്‍ ഈസ്റ്റിനോ ഇറാന്‍ ഭീഷണി അല്ലെന്നും ജോഹാൻ വാഡെഫുൾ വ്യക്തമാക്കി.

ഇസ്രയേല്‍ ആക്രമണം ഗള്‍ഫ് സംഘർഷത്തിന് കാരണമാകും: ഇറാന്‍ വിദേശകാര്യ മന്ത്രി

അസ്സലുയെയിലെ ഊർജ സംവിധാനത്തിന് നേരെ നടന്ന ഇസ്രയേല്‍ ആക്രമണം ഗൾഫ് മേഖലയെ സംഘർഷത്തിലേക്ക് നയിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചി. തെഹ്‌റാനില്‍ ഒരു വാർത്താസമ്മേളനത്തിൽ സംസാരിച്ചപ്പോഴായിരുന്നു പ്രസ്താവന.

ഗാസയിൽ സഹായം കാത്തിരുന്ന അഞ്ച് പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടു.

തെക്കൻ ഗാസയിലെ റാഫയ്ക്ക് സമീപമുള്ള സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ വൃത്തങ്ങൾ വഫ വാർത്താ ഏജൻസിയോട് പറഞ്ഞു.

മധ്യ ഗാസയിലെ നെറ്റ്സാരിം ഇടനാഴിക്ക് സമീപം സഹായത്തിനായി കാത്തിരിക്കുന്നതിനിടെ ഇസ്രയേൽ സൈന്യം നേരത്തെ കൊലപ്പെടുത്തിയ മൂന്ന് പേർക്ക് പുറമെയാണിത്.

ഇസ്രയേലിൽ ഇറാൻ അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി

കൂടുതല്‍ ആക്രമണം?

ഇറാനില്‍ ഇസ്രയേല്‍ കൂടുതല്‍ ആക്രമണത്തിനൊരുങ്ങുന്നുവെന്ന് സൂചന. ആണവ കേന്ദ്രങ്ങള്‍ക്ക് പരിസരത്തുള്ള ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം

രണ്ട് മൊസാദ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി ഇറാൻ

ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിലെ അംഗങ്ങളാണെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഇറാൻ. അൽബോർസ് പ്രവിശ്യയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്ഫോടകവസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും തയ്യാറാക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ഇസ്രയേലിന് യുഎസ് സഹായം ലഭിച്ചു: ഇറാന്‍ വിദേശകാര്യ മന്ത്രി

യുഎസ് പിന്തുണയില്ലാതെ ഇസ്രയേല്‍ ഭരണകൂടത്തിന് ഒറ്റയ്ക്ക് ഇറാനെ ആക്രമിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി പറഞ്ഞതായി തസ്നിം വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഇറാൻ സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് സൈന്യം ഇസ്രയേൽ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നതിന് ധാരാളം തെളിവുകൾ ഉണ്ടെന്നും അരഖ്ചി കൂട്ടിച്ചേർത്തു.

ബാത് യാം സന്ദർശിച്ച് നെതന്യാഹു

ഇറാൻ മിസൈലാക്രമണമുണ്ടായ ബാത് യാം സന്ദർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗും ഒപ്പം.

ഇറാനിലെ മെട്രോ സ്റ്റേഷനുകളും പള്ളികളും ബോംബ് ഷെൽട്ടറുകളാകും

മെട്രോ സ്റ്റേഷനുകളും പള്ളികളും ബോംബ് ഷെൽട്ടറുകളായി ഉപയോഗിക്കുമെന്ന് ഇറാൻ. ഇറാനിയൻ സർക്കാർ വക്താവ് ഫത്തേമെഹ് മൊഹജെറാനിയാണ് ഇന്ന് രാത്രി മുതൽ മെട്രോ സ്റ്റേഷനുകളും പള്ളികളും പൊതുജനങ്ങൾക്ക് ബോംബ് ഷെൽട്ടറുകളായി ലഭ്യമാകുമെന്ന് അറിയിച്ചത്.

ഇറാനിലെ ആണവ കേന്ദ്രമായ ഇസ്‌ഫഹാൻ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ

ഇറാനിലെ ആണവ കേന്ദ്രമായ ഇസ്‌ഫഹാൻ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. സൈനിക വക്താവാണ് ഈ വിവരം സ്ഥിരീകരിച്ചതെന്ന് റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു

ഇസ്രയേലിലെ ഹൈഫ, ടെൽ അവീവ്, ബാത് യാം എന്നിവിടങ്ങളില്‍ നടന്ന ഇറാൻ മിസൈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

ഇറാൻ്റെ ആണവ പദ്ധതി ഭീഷണിയെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി

ഇറാൻ്റെ ആണവ പദ്ധതി ഇസ്രയേലിനും മേഖലയിലെ രാജ്യങ്ങൾക്കും ഭീഷണിയെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ഷാങ് നൊയേൽ ബഹോ.

ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് ഉടൻ പരിസമാപ്തിയാകുമെന്ന് ട്രംപ്

ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് ഉടൻ പരിസമാപ്തിയാകുമെന്നും സമാധാന നീക്കങ്ങളും ചർച്ചകളും പുരോഗമിക്കുകയാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. "സമാധാന നീക്കത്തിൻ്റെ ഭാഗമായി ഇരു രാജ്യങ്ങളും ആദ്യമൊരു ഒത്തുതീർപ്പിലെത്തണം. അധികം വൈകാതെ ഇസ്രയേലിനും ഇറാനുമിടയിൽ സമാധാനം പുലരും. നിരവധി ചർച്ചകളും ഫോൺ കോളുകളും നടക്കുന്നുണ്ട്," ട്രംപ് സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലാക്രമണം തുടർന്ന് ഇറാൻ

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലാക്രമണം തുടർന്ന് ഇറാൻ. ആക്രമണങ്ങൾ പ്രതിരോധിച്ചെന്നും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇസ്രയേൽ സൈന്യം.

ഇറാൻ്റെ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 11 ഇസ്രയേലുകാർ; 200 പേർക്ക് പരിക്കേറ്റു

ഇറാൻ്റെ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 11 ഇസ്രയേലുകാരെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. വിവിധയിടങ്ങളിലായി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 200 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ശത്രു പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങളെയും ആണവ പദ്ധതിയെയും ഇസ്രായേൽ വ്യോമസേന കൃത്യവും വിപുലവുമായ രീതിയിൽ ആക്രമിക്കുകയാണെന്ന് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ പറഞ്ഞു.

ഇസ്രയേൽ മിസൈൽ അക്രമണത്തിൽ ടെഹ്റാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഹോസ്റ്റൽ തകർന്നു; വിദ്യാർഥികൾക്ക് പരിക്ക്

ഇസ്രയേൽ മിസൈൽ അക്രമണത്തിൽ ടെഹ്റാനിലെ ജമ്മു കാശ്മീരിൽ നിന്നുള്ള വിദ്യാർഥികളുടെ ഹോസ്റ്റൽ തകർന്നു. മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ ജമ്മു കശ്മീർ സ്വദേശികളായ വിദ്യാർഥികൾക്ക് പരിക്കേറ്റു.

വിദ്യാർഥികളുടെ പരിക്ക് നിസാരമാണെങ്കിലും ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി അറിയിച്ചു.

മഷാദ് എയർപോർട്ടിൽ ഇസ്രയേൽ ആക്രമണം; ഡ്രോണുകളും ക്വാഡ്‌കോപ്റ്ററുകളും വെടിവെച്ചിട്ട് ഇറാൻ

ഇറാനിലെ മഷാദ് എയർപോർട്ടിൽ ഇസ്രയേൽ ആക്രമണം. വിമാനങ്ങളിൽ ഇന്ധനം നിറക്കാൻ ഉപയോഗിക്കുന്ന വിമാനം തകർത്തു. അതേസമയം, ഇസ്രയേലിൻ്റെ ഡ്രോണുകളും ക്വാഡ്‌കോപ്റ്ററുകളും ഇറാൻ വെടിവെച്ചിട്ടെന്നും റിപ്പോർട്ടുണ്ട്. 44 ഇസ്രയേലി ഡ്രോണുകളും ക്വാഡ്‌കോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.

പടിഞ്ഞാറൻ ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം

പടിഞ്ഞാറൻ ഇറാനിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. പടിഞ്ഞാറൻ ഇറാനിലെ മിസൈൽ കേന്ദ്രങ്ങളാണെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം ആരംഭിച്ചതെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

ഹൈഫയിൽ ഇറാനിയൻ മിസൈൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

വടക്കൻ ഇസ്രായേലിലെ ഹൈഫയിൽ ഇറാനിയൻ മിസൈൽ ആക്രമണത്തെ തുടർന്ന് കുറഞ്ഞത് നാല് പേർക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ നാഷണൽ എമർജൻസി സർവീസ് റിപ്പോർട്ട് ചെയ്തു. ഹൈഫയിൽ മിസൈലുകൾ പതിച്ചതായും ആഘാതത്തിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായും റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

SCROLL FOR NEXT