സ്ഫോടനമുണ്ടായത് വനിതാ അവതാരക വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ആയിരുന്നു. Source: Screen Grab, IRIB Channel
WORLD

Israel-Iran Attack News Live Updates | തെഹ്റാനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഇറാൻ്റെ ദേശീയ ടെലിവിഷൻ ചാനലിൽ മിസൈലാക്രമണം, നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

നാല് ദിവസത്തോളമായി ഇറാന് നേരെ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾക്ക് പിന്നാലെ 224 പേരാണ് മരിച്ചത്.

ന്യൂസ് ഡെസ്ക്

മരണസംഖ്യ ഉയരുന്നു

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യമന്ത്രാലയം. 1200 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലില്‍ കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്

ഇസ്രേയലില്‍ വീണ്ടും ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ വരുന്നതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. സുരക്ഷാ മുന്നറിയിപ്പുകള്‍ ഉടന്‍ മുഴങ്ങുമെന്നും ഭീഷണികളെ വെടിവെച്ചിടാനുള്ള നടപടികള്‍ തുടരുമെന്നും ഐഡിഎഫ് വ്യക്തമാക്കി. ജനങ്ങളേട് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ബോംബ് ഷെല്‍ട്ടറുകളില്‍ തുടരണമെന്നും ഐഡിഎഫ് അറിയിച്ചു.

"ഇറാന്റെ പുതിയ ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി പേര്‍ക്ക് പരിക്ക്"

ഇസ്രയേലില്‍ ഇറാന്‍ നടത്തിയ പുതിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ പബ്ലിക് ബ്രോഡ്കാസ്റ്റിങ് കമ്പനിയായ കാന്‍. യെമനില്‍ നിന്നും ആക്രമണം വരുന്നതായി മിലിട്ടറി സ്ഥിരീകരിച്ചിട്ടുണ്ടെന്നും കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്‍ട്രല്‍ ഇസ്രയേലില്‍ ഇറാന്‍ മിസൈല്‍ പതിച്ചു

സെന്‍ട്രല്‍ ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ പതിച്ചതായി YNet ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിലെ പെതാഹ് തിക്വയിലെ കെട്ടിടത്തിന് മുകളിലാണ് പതിച്ചത്. പ്രദേശത്ത് തീ ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരതരമല്ലെന്നും Ynet ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്‍ട്രല്‍ ഇസ്രയേലിലെ ആക്രമണത്തില്‍ മൂന്ന് മരണം

സെന്‍ട്രല്‍ ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ ഹൈഫയിലുണ്ടായ പുതിയ ആക്രമണത്തിൽ രണ്ട് പേര്‍ക്ക് ചെറിയ പരിക്കും മൂന്നു പേരെ കാണാനില്ലെന്നും വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് മൊസാദ് അംഗങ്ങള്‍ കൂടി ഇറാനില്‍ പിടിയില്‍

തെഹ്‌റാന്‍ പ്രവിശ്യയില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ രണ്ട് അംഗങ്ങള്‍ കൂടി പിടിയിലായി. 200 കിലോഗ്രാമിലേറെ സ്‌ഫോടക വസ്തുക്കളും 23 ഡ്രോണുകളും ലോഞ്ചറുകളും ഇവരില്‍ നിന്നും പിടികൂടി. കഴിഞ്ഞ ദിവസം രണ്ടു പേരെ പിടികൂടിയിരുന്നു.

ആണവായുധം വികസിപ്പിക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പെസഷ്‌കിയാന്‍

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. പാര്‍ലമെന്റില്‍ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കവെയാണ് പെസഷ്കിയാൻ ഇക്കാര്യം വ്യക്തമാക്കിയത്.

'നമ്മള്‍ ആണവായുധങ്ങള്‍ ആഗ്രഹിക്കുന്നില്ല. പശ്ചാത്യലോകം പറയുന്നത് ഇറാന്‍ അത്തരം ആയുധങ്ങള്‍ കൈവശപ്പെടുത്തരുതെന്നാണ്. എന്നാല്‍ നമുക്ക് ഈ ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഒരു ഉദ്ദേശ്യവും ഇല്ല,' പെസഷ്‌കിയാന്‍ പറഞ്ഞു.

ഗാസയിലെന്നപോലെ കുട്ടികളെ കൊല്ലുന്നത് ഇസ്രയേൽ പതിവാക്കിയിരിക്കുന്നു: ഇറാന്‍ വിദേശകാര്യ മന്ത്രാലയം

വാർത്താ സമ്മേളനത്തിനിടയില്‍, ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് ഇറാനിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഇസ്മായിൽ ബഗായ് അവരുടെ കഥകൾ പങ്കുവെച്ചു

“ഗാസയിൽ ചെയ്യുന്നതുപോലെ നിരപരാധികളായ കുട്ടികളെ കൊല്ലുകയാണ് ഇസ്രയേല്‍ ഭരണകൂടം,” ഇസ്മായിൽ ബഗായ് പറഞ്ഞു.

"മനുഷ്യരാശിക്കെതിരായ" യുദ്ധം

ഇസ്രയേൽ ആക്രമണങ്ങൾ രാജ്യത്തിനെതിരായ യുദ്ധമല്ല, മറിച്ച് 'മനുഷ്യരാശിക്കെതിരായ' യുദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് .

"ഇത് അന്താരാഷ്ട്ര സമൂഹത്തെയും അന്താരാഷ്ട്ര നിയമത്തെയും വെല്ലുവിളിക്കുന്ന ഒരു ക്രിമിനൽ സംഘം ആരംഭിച്ച യുദ്ധമാണ്," ഇസ്മായിൽ ബഗായ് തെഹ്‌റാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"ഇറാനിലെ ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമിക്കുന്നു"; ഗുരുതര യുദ്ധക്കുറ്റമെന്ന് ഇറാൻ

ഇറാൻ്റെ പടിഞ്ഞാറൻ ഭാഗത്തുള്ള കെർമൻഷയിലെ ഫറാബി ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണത്തിന് ലക്ഷ്യമിട്ടതായി തെളിവുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ്. "ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ നിർദ്ദേശപ്രകാരം ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവും യുദ്ധക്കുറ്റവുമാണ്. ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും. ഇസ്രയേൽ ഭരണകൂടത്തിൻ്റെ പിന്തുണക്കാർക്കും മാപ്പുസാക്ഷികൾക്കും ഇനിയങ്ങോട്ടേക്ക് നാണക്കേടിൻ്റെ കാലമാണ്," ഇസ്മായിൽ ബഗായ് എക്സിൽ കുറിച്ചു.

തെഹ്‌റാനിലെ ജനങ്ങളെ മനഃപ്പൂർവം ഉപദ്രവിക്കാൻ ഉദ്ദേശ്യമില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

തെഹ്‌റാനിലെ ജനങ്ങളെ മനഃപ്പൂർവം ഉപദ്രവിക്കാൻ ഇസ്രയേലിന് ഉദ്ദേശ്യമില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. നേരത്തെ നടത്തിയ ഭീഷണി കലർന്ന പരാമർശങ്ങളും അദ്ദേഹം പിൻവലിച്ചു. "ഇറാൻ്റെ കൊലപാതകിയായ ഏകാധിപതി ഇസ്രയേൽ നിവാസികളോട് ചെയ്യുന്നതു പോലെ, തെഹ്‌റാൻ നിവാസികളെ ശാരീരികമായി ഉപദ്രവിക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല. എന്നാൽ, തെഹ്‌റാൻ ഉറപ്പായും സ്വേച്ഛാധിപത്യത്തിന് വില നൽകേണ്ടി വരും. ഇറാനിയൻ ഭരണകൂടത്തിൻ്റെ പ്രധാനലക്ഷ്യങ്ങളേയും സുരക്ഷാ ഇൻഫ്രാസ്ട്രക്ചറുകളേയും ആക്രമിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഇത്തരം പ്രദേശങ്ങളിൽ നിന്ന് തെഹ്റാൻ നിവാസികൾ വീടൊഴിയേണ്ടി വരും," ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

സെൻട്രൽ ഇസ്രയേലിൽ അഞ്ചിടത്തായി ഇറാൻ്റെ മിസൈൽ ആക്രമണം; 8 മരണം, 300 പേർക്ക് പരിക്ക്

തിങ്കളാഴ്ച രാവിലെ അഞ്ചോളം സെൻട്രൽ ഇസ്രയേൽ നഗരങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ എട്ട് മരണം റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ ബാലിസ്റ്റിക് മിസൈലാക്രമണങ്ങളിൽ എട്ടോളം ഇസ്രയേലുകാർ കൊല്ലപ്പെട്ടെന്നും 300 പേർക്ക് പരിക്കേറ്റെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പെറ്റ തിവ്‌കയിൽ നാലു പേരും ഹൈഫയിൽ മൂന്ന് പേരും നെയ് ബ്രാക്കിൽ ഒരാളും മരിച്ചതായി ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ 287 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മറ്റു 14 പേർക്ക് സാരമായി പരിക്കേറ്റിട്ടുമുണ്ട്.

ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിന് നേരെ ഇസ്രയേൽ നടത്തിയ സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ശക്തമായി തിരിച്ചടിച്ചത്. നാല് ദിവസത്തോളമായി ഇറാന് നേരെ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾക്ക് പിന്നാലെ 224 പേരാണ് മരിച്ചത്. ഇതിൽ 70 പേർ സ്ത്രീകളും നല്ലൊരു ശതമാനം കുട്ടികളുമാണെന്ന് നേരത്തെ ഇറാൻ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു.

ഇസ്രയേൽ വിജയത്തിലേക്കുള്ള പാതയിലെന്ന് പ്രധാനമന്ത്രി നെതന്യാഹു

ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാന് മുകളിലുള്ള വ്യോമമേഖലയുടെ നിയന്ത്രണം ഇസ്രയേൽ വ്യോമസേന കയ്യടക്കിയെന്നും തങ്ങൾ വിജയത്തിലേക്ക് അടുക്കുന്നുവെന്നുമുള്ള അവകാശവാദവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ തകർക്കുമെന്നും മിസൈൽ നിർമാണ യൂണിറ്റ് നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു.

മധ്യ ഇസ്രയേലിലെ ടെൽ നോഫ് വിമാനത്താവളം സന്ദർശിച്ചപ്പോഴാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം പറഞ്ഞതെന്ന് ഇസ്രയേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരോടൊപ്പം നെതന്യാഹു കൂടിക്കാഴ്ചയും നടത്തി.

തെക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യത്തിൻ്റെ വെടിവെപ്പിൽ 34 പലസ്തീനുകാർ കൊല്ലപ്പെട്ടു

തെക്കൻ ഗാസയിൽ സഹായവിതരണ കേന്ദ്രത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 34 പലസ്തീനുകാർ കൊല്ലപ്പെട്ടു. ഗാസ ആരോഗ്യമന്ത്രാലയമാണ് മരണം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. യുഎസും ഇസ്രയേലും ചേർന്ന് സംയുക്തമായി നടത്തുന്ന ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ ഭക്ഷണവിതരണ കേന്ദ്രത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ഇറാൻ്റെ മിസൈൽ ആക്രമണം: ഇതുവരെ 24 പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

നാലു ദിവസത്തിനിടെ വിവിധ ഇറാനിയൻ മിസൈൽ ആക്രമണങ്ങളിലായി 24 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേൽ സർക്കാർ. ഇറാൻ ഇതുവരെ രാജ്യത്തേക്ക് 350 ഓളം മിസൈലുകൾ തൊടുത്തുവിട്ടുവെന്നും ഇസ്രയേൽ കണക്കുകൾ നിരത്തി.

തെഹ്റാനെ ആക്രമിച്ച് ഇസ്രയേൽ

ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിൽ വിവിധയിടങ്ങളിൽ ആക്രമണം നടത്തി ഇസ്രയേൽ. സ്ഫോടനങ്ങൾ നടക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. തെഹ്റാൻ നിവാസികളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ഇസ്രയേൽ സൈന്യം നിർദേശം നൽകിയിട്ടുണ്ട്.

ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവീവിലെ താമസക്കാരോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

തെഹ്റാനിലെ ദേശീയ ചാനൽ ഓഫീസ് ആക്രമിച്ച് ഇസ്രയേൽ

ഇറാനിലെ ദേശീയ ചാനൽ ഓഫീസ് ആക്രമിച്ച് ഇസ്രയേൽ. ഐആർഐബി ദേശീയ ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. തത്സമയ ചാനൽ സംപ്രേഷണത്തിനിടയിൽ ഓഫീസിന് നേരെ വ്യോമാക്രണം നടക്കുകയായിരുന്നു.

"ഇസ്രയേൽ മാധ്യമ സ്ഥാപനങ്ങൾ ആക്രമിക്കും", ടെൽ അവീവിൽ നിന്നും ജനങ്ങളോട് പിൻമാറാൻ നിർദേശിച്ചു

തിങ്കളാഴ്ച രാത്രിയോടെ തെഹ്റാന് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം ശക്തമാക്കുമെന്നും ഇന്ന് രാത്രി ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാനിയൻ സൈന്യം എക്സിൽ കുറിച്ചു. ടെൽ അവീവിൽ നിന്നും ജനങ്ങൾ പിൻമാറണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് തുർക്കിയും റഷ്യയും

ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് തുർക്കിയും റഷ്യയും. ആസൂത്രിതവും വഞ്ചനാപരവുമായ ഉദ്ദേശ്യങ്ങളോടെയാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചതെന്ന് തുർക്കി പ്രസിഡൻ്റ് എർദോഗൻ പറഞ്ഞു. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

ഇസ്രയേലിൻ്റെ ഈ നീക്കം ബലപ്രയോഗമാണെന്നും ഇറാനുമായുള്ള ശത്രുത ഉടനടി ചർച്ചകളിലൂടെ അവസാനിപ്പിക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഇറാൻ-ഇസ്രയേൽ സംഘർഷം വർധിച്ചുവരുന്നതിൽ ഇരു നേതാക്കന്മാരും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. "ഇതിനോടകം തന്നെ ധാരാളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൂടാതെ മുഴുവൻ മേഖലയ്ക്കും ഗുരുതരമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ നീക്കം," വ്ളാഡിമിർ പുടിൻ പറഞ്ഞു.

തബ്രിസിന് സമീപം ഇസ്രയേലി എഫ് 35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ വാദം

തബ്രിസിന് സമീപം ഒരു ഇസ്രയേലി എഫ് 35 സ്റ്റെൽത്ത് ഫൈറ്റർ വിമാനം ഇറാൻ വെടിവെച്ചിട്ടതായി ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള നൂർ ന്യൂസ് അവകാശപ്പെട്ടു. എന്നാൽ ഇത്തരമൊരു സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ഇസ്രയേൽ വിമാനം വെടിവെച്ചിട്ടു എന്ന ഇറാൻ്റെ മുൻ അവകാശ വാദങ്ങളെല്ലാം വ്യാജ വാർത്ത ആണെന്ന് ഇസ്രയേൽ കൂട്ടിച്ചേർത്തു.

SCROLL FOR NEXT