Source; X
WORLD

ട്രംപിന് കണക്ക് അറിയുമോ? ഉപരോധം തുടര്‍ന്നാല്‍ എണ്ണവില പിടിച്ചാല്‍ കിട്ടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഗണിത സമവാക്യത്തിലൂടെ ട്രംപിന് മുന്നറിയിപ്പ്

Author : ന്യൂസ് ഡെസ്ക്

ട്രംപിന്റെ ഉപരോധത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഗണിത സമവാക്യം നിരത്തി മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ആണ് എക്‌സില്‍ ഗണിത സമവാക്യം എഴുതി ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ടെഹ്‌റാനിലെ തര്‍ബിയത് മൊദരെസ് സര്‍വകലാശാലയില്‍ നിന്ന് പൊളിക്കല്‍ ജിയോഗ്രഫിയില്‍ പിഎച്ച്ഡിയുള്ള വ്യക്തിയാണ് മുഹമ്മദ് ബാഗര്‍ ഗാലിബാഫ്. യുഎസുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിലുള്ള പ്രതിഷേധവും ഉപരോധം തുടര്‍ന്നാല്‍ ലോകം നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ് ബാഗര്‍ ഗാലിബാഫിന്റെ പോസ്റ്റിലുള്ളത്.

"നിലവിലെ ഇന്ധനവില വര്‍ധനവ് കണ്ട് നിങ്ങള്‍ ആസ്വദിച്ചോളൂ. ഉപരോധം തുടരുകയാണെങ്കില്‍, പെട്രോളിന് 4-5 ഡോളര്‍ ആയിരുന്ന പഴയ കാലത്തെക്കുറിച്ച് നിങ്ങള്‍ വേദനയോടെ ഓര്‍ക്കും" എന്നാണ് ΔO_BSOH>0 ⇒ f(f(O))>f(O) എന്ന ഗണിത സമവാക്യത്തിനൊപ്പം ഗാലിബാഫ് കുറിച്ചത്.

അതായത് എണ്ണവില ഇനിയും വലിയ രീതിയില്‍ വര്‍ധിക്കുമെന്ന് സാരം.

ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ച പരാജയപ്പെടാന്‍ കാരണം യുഎസ് തന്നെയാണെന്നും ഗാലിബാഫ് എക്‌സില്‍ കുറിച്ചിരുന്നു. ഇറാന്റെ വിശ്വാസം നേടിയെടുക്കാന്‍ യുഎസിന് സാധിച്ചില്ലെന്നും ഇറാനിയന്‍ പ്രതിനിധി സംഘം ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും യുഎസിന് വിശ്വസ്തത തെളിയിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഎസിന്റെ ഉപരോധം തുടര്‍ന്നാല്‍ എണ്ണയുടെ പഴയ നിരക്കുകള്‍ ആളുകള്‍ക്ക് വെറുമൊരു ഓര്‍മ മാത്രമായി മാറുമെന്ന മുന്നറിയിപ്പാണ് പുതിയ പോസ്റ്റില്‍ അദ്ദേഹം ട്രംപിന് നല്‍കുന്നത്. എണ്ണവിലയിലെ വര്‍ധനവ് കേവലം നേര്‍രേഖയിലുള്ളതായിരിക്കില്ലെന്നും അത് വളരെ വേഗത്തില്‍ ഇരട്ടിക്കുന്ന രീതിയിലായിരിക്കുമെന്നും സൂചിപ്പിക്കാനാണ് ഗണിത സമവാക്യം ഗാലിബാഫ് ഉപയോഗിച്ചത്.

എന്താണ് ഈ സമവാക്യം? ΔO_BSOH>0 ⇒ f(f(O))>f(O)

BSOH എന്നത് Blockade of the Strait of Hormuz എന്നതിനെയാണ് സൂചിപ്പിക്കുന്നത്. O എന്നത് എണ്ണ വിലയെ സൂചിപ്പിക്കുന്നു എന്ന് കരുതുക. f(O) എന്നത് ആ വിലയിലുണ്ടാകുന്ന മാറ്റമാണ്. സാധാരണഗതിയില്‍ വില വര്‍ധിക്കുന്നത് ഒരു നിശ്ചിത നിരക്കിലാണെങ്കില്‍, f(f(O)) ഈ സമവാക്യത്തില്‍ പറയുന്നത് മാറ്റത്തിന്റെ നിരക്ക് തന്നെ വര്‍ധിക്കുമെന്നാണ്.

അതായത്, എണ്ണവില വെറുതെ കൂടുകയല്ല, മറിച്ച് വില കൂടുന്നതിന്റെ വേഗത വര്‍ധിച്ചുകൊണ്ടേയിരിക്കും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ വില ഇരട്ടിയാകും.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടാല്‍ വിപണിയില്‍ പെട്ടെന്നുണ്ടാകുന്ന എണ്ണക്ഷാമം വില കുത്തനെ ഉയരാന്‍ കാരണമാകും. ഗാലിബാഫ് നല്‍കുന്ന സൂചന പ്രകാരം ആദ്യ ഘട്ടത്തില്‍ വില ചെറിയ തോതില്‍ വില വര്‍ധിക്കുകയും ഉപരോധം തുടര്‍ന്നാല്‍ വില വര്‍ധനവിന്റെ തോത് നിയന്ത്രണാതീതമായ രീതിയില്‍ വേഗത്തിലാകുകയും ചെയ്യും.

സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത വിധം എണ്ണ വില ഉയരുന്ന സാഹചര്യം വരുമെന്ന് ട്രംപിന് ഗണിതത്തിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് ഗാലിബാഫ്.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ യുഎസ് ഉപരോധം ലംഘിക്കാന്‍ ശ്രമിക്കുന്ന ഇറാന്റെ നാവികസേനാ കപ്പലുകളെ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഹോര്‍മുസില്‍ ഉപരോധം ആരംഭിച്ചതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ ഭീഷണി.

SCROLL FOR NEXT