ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎസുമായി തുടരുന്ന സമാധാന നീക്കങ്ങളുടെ ഭാഗമായി പുതിയ നിർദേശങ്ങൾ മുന്നോട്ടു വച്ച് ഇറാൻ. വ്യാഴാഴ്ച രാത്രിയോടെയാണ് ഈ സമാധാന നിർദേശങ്ങൾ മധ്യസ്ഥരായ പാകിസ്ഥാന് മുന്നിൽ ഇറാൻ വച്ചതെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ നിർദേശങ്ങളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൃപ്തനല്ലെന്നും റിപ്പോർട്ടുണ്ട്.
"ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ അവ ഉദ്ദേശ്യലക്ഷ്യത്തിൽ എത്തുന്നില്ല. ഒന്നുകിൽ ഞങ്ങൾ അവരെ കത്തിച്ചു തീർക്കും, അല്ലെങ്കിൽ ഒരു ഉടമ്പടിയിലെത്തും. അവരുടെ നിബന്ധനകൾ എനിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല," ട്രംപ് പറഞ്ഞു. എന്നാൽ ഇറാൻ്റെ ആവശ്യങ്ങളെ കുറിച്ച് വിശദീകരിക്കാൻ ട്രംപ് തയ്യാറായില്ല.
അതേസമയം, പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ സമാധാന നീക്കങ്ങൾ തുടരുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ്-ഇറാൻ ചർച്ചകൾക്ക് വേഗം കുറഞ്ഞതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സന്ദേശങ്ങൾ കൈമാറുകയാണ് പാകിസ്ഥാൻ്റെ ദൗത്യം. ഊർജസ്വലമായ നയതന്ത്ര നീക്കങ്ങളാണ് ഇക്കാര്യത്തിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഒരു സമാധാന കരാർ സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാകിസ്ഥാനുള്ളത്. എന്നാൽ വിട്ടുവീഴ്ചയല്ല, വിജയമാണ് യുഎസ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന.
പശ്ചിമേഷ്യയിലെ സമാധാനം മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പും, ലോകത്തിലെ ദശലക്ഷക്കണക്കിന് ദരിദ്രരുടെ ഉപജീവനമാർഗവും അപകടത്തിലാണെന്ന് പാകിസ്ഥാൻ പറയുന്നു. യുദ്ധം കാരണം പ്രതിമാസ ഊർജ ഇറക്കുമതി ബിൽ ഏകദേശം മൂന്നിരട്ടിയായി വർധിച്ചെന്നും പാകിസ്ഥാൻ ചൂണ്ടിക്കാട്ടി.
ഇറാൻ ഭരണകൂടത്തിനുള്ളിൽ തന്നെ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞ് കടുത്ത അഭിപ്രായവ്യത്യാസം നിലനിൽപ്പുണ്ടെന്നും, നേതൃത്വത്തിന് കൃത്യമായ ഒരു തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ട്രംപ് പരിഹസിച്ചു. ബോംബാക്രമണം പുനരാരംഭിക്കാൻ തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ലെങ്കിലും, യുഎസ് സെൻട്രൽ കമാൻഡിൽ നിന്ന് സൈനിക നീക്കങ്ങൾക്കുള്ള പുതിയ പ്ലാനുകൾ താൻ സ്വീകരിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി.
അതേസമയം, യുദ്ധം തുടരുന്നതിന് കോൺഗ്രസിന്‍റെ അനുമതി തേടില്ലെന്ന സൂചനയും ട്രംപ് നൽകി. യുദ്ധം തുടങ്ങി 60 ദിവസത്തിനകം പാർലമെന്‍റിന്‍റെ അനുമതി വാങ്ങണമെന്ന 1973ലെ 'വാർ പവേഴ്‌സ് റെസല്യൂഷൻ' ഭരണഘടനാ വിരുദ്ധമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. മാർച്ച് രണ്ടിനാണ് യുദ്ധം തുടങ്ങിയതായി ട്രംപ് കോൺഗ്രസിനെ അറിയിച്ചത്. ഇതനുസരിച്ച് നിയമപരമായ 60 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാൽ കോൺഗ്രസിനോട് അനുവാദം ചോദിക്കാൻ താൻ ബാധ്യസ്ഥനല്ലെന്ന നിലപാടിലാണ് ട്രംപ്.