ഇറാൻ ഇസ്രയേൽ സംഘർഷം Source: X/ Himanshu Yadav BJP
WORLD

"അതിർത്തികൾ തുറന്നിട്ടിരിക്കുകയാണ്"; ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കണമെന്ന അഭ്യർഥനയിൽ പ്രതികരിച്ച് ഇറാൻ

അതിർത്തി കടക്കുന്ന ആളുകളുടെ പേര്, പാസ്‌പോർട്ട് നമ്പർ, വാഹന വിവരങ്ങൾ എന്നിവ ജനറൽ പ്രോട്ടോക്കോൾ വകുപ്പിന് നൽകാൻ ടെഹ്‌റാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യയെ വിറപ്പിച്ച് ഇറാൻ- ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ വിദ്യാർഥികളെ തിരികെ എത്തിക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയോട് പ്രതികരിച്ച് ഇറാൻ. ഇറാനിയൻ കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം തുടരുന്നതിനിടെ, നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയ്ക്കാണ് ഇറാൻ മറുപടി നൽകിയത്.

ഇറാനിലെ വ്യോമാതിർത്തി അടച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനായി എല്ലാ കര അതിർത്തികളും തുറന്നിട്ടുണ്ടെന്ന് ടെഹ്‌റാൻ അറിയിച്ചു. ഇതിനു മറുപടിയായി, ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തിന് പച്ചക്കൊടി നൽകി, നയതന്ത്രജ്ഞരെയും സാധാരണക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സഹായം നൽകുകയും ചെയ്തു.

അതിർത്തി കടക്കുന്ന ആളുകളുടെ പേര്, പാസ്‌പോർട്ട് നമ്പർ, വാഹന വിവരങ്ങൾ എന്നിവ ജനറൽ പ്രോട്ടോക്കോൾ വകുപ്പിന് നൽകാൻ ടെഹ്‌റാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്രജ്ഞരുടെയും മറ്റ് പൗരന്മാരുടെയും സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനായി, യാത്രാ സമയവും വ്യക്തി രാജ്യം വിടാൻ ആഗ്രഹിക്കുന്ന അതിർത്തിയും നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇസ്രയേലും ഇറാനും മിസൈൽ ആക്രമണം തുടരുകയാണ്. ഇരുപക്ഷവും പിന്മാറുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനാൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ഇറാനിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ 1,500ലധികം ഇന്ത്യൻ വിദ്യാർഥികളും ഉൾപ്പെടുന്നു, അവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.

ഇറാനിലുള്ള ചില ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ "സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്" മാറ്റുകയാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ അറിയിച്ചിരുന്നു. മറ്റ് സാധ്യമായ മാ‍​ർ​ഗങ്ങളും പരിശോധിച്ച് വരികയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എംബസിയുടെ എക്സ് അക്കൗണ്ടിൽ ഒരു ഗൂഗിൾ ഫോം നൽകി, ഇന്ത്യൻ പൗരന്മാരോട് അവരുടെ വിവരങ്ങൾ നൽകുന്നതിന് അത് പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT