ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ Source: X/ World Affairs
WORLD

ഇസ്രയേല്‍ ആക്രമണത്തില്‍ പ്രസിഡന്റ് പെസഷ്‌കിയാനും പരിക്കേറ്റു; വിവരം നല്‍കിയത് ചാരന്മാരോ? കണ്ടെത്താന്‍ ഇറാന്‍

ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റുള്ളയെ വധിച്ചതിനു സമാനമായ രീതിയിലായിരുന്നു ഇസ്രയേല്‍ വ്യോമാക്രമണം

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞമാസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ 16ന് നടന്ന ആക്രമണത്തില്‍, പെസഷ്‌കിയാന്റെ കാലിന് നിസാര പരിക്ക് സംഭവിച്ചെന്നാണ് ഇറാനിലെ ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണത്തിന്റെ നാലാം ദിവസമായിരുന്നു സംഭവം. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ യോഗം നടന്ന പടിഞ്ഞാറന്‍ ടെഹ്റാനിലെ കെട്ടിടത്തിൽ ഇസ്രയേൽ മിസൈൽ പതിച്ചപ്പോഴാണ് പെസഷ്‍കിയാന് പരിക്കേറ്റതെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പെസഷ്‌കിയാനൊപ്പം പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഖാലിബാഫ്, ജുഡീഷ്യറി മേധാവി ഘൊലാം ഹൊസൈന്‍ മൊഹ്സെനി എജെയ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇറാനിയന്‍ ഉദ്യോഗസ്ഥരെല്ലാം കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു. കെട്ടിടത്തിലേക്കുള്ള വഴിയിലും പ്രവേശന കവാടത്തിലുമായി ആറ് ബോംബുകളോ മിസൈലുകളോ പതിച്ചു. അകത്തുള്ളവര്‍ പുറത്ത് പോകുന്നത് തടയാനും, വായു അകത്തേക്ക് കടക്കുന്നത് തടയാനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും അടിയന്തര സാഹചര്യത്തില്‍ രക്ഷപ്പെടാനുള്ള മാര്‍ഗത്തിലൂടെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെയ്റൂട്ടിൽ ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്റുല്ലയെ വധിച്ചതിനു സമാനമായ രീതിയിലായിരുന്നു ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഇസ്രയേലിന് കൃത്യത ഉണ്ടായിരുന്നതിനാല്‍, രാജ്യത്തിനകത്തുനിന്ന് ചാരന്മാര്‍ വിവരങ്ങള്‍ നല്‍കിയിരുന്നോ എന്ന കാര്യവും ഇറാനിയന്‍ അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. അതേസമയം, ഏത് കെട്ടിടമാണ് ആക്രമിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ജൂൺ 16ന് പടിഞ്ഞാറൻ ടെഹ്‌റാനിലെ ഷഹ്‌റക്-ഇ ഗർബിന് സമീപം ഇസ്രയേൽ ആക്രമണം നടത്തിയതായി ഇറാൻ ഇന്റർനാഷണൽ ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗം നടക്കുന്ന സ്ഥലത്ത് ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്നും, എന്നാല്‍ അംഗങ്ങള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഐആർജിസി ജനറൽ മൊഹ്‌സെൻ റെസായിയെ ഉദ്ധരിച്ച് ഇറാൻ ഇന്റർനാഷണലും റിപ്പോർട്ട് ചെയ്തു. എന്നാല്‍, ഒരു റിപ്പോര്‍ട്ടിലും കൂടുതല്‍ വിവരങ്ങളില്ല.

SCROLL FOR NEXT