Source: X
WORLD

യുദ്ധം അവസാനിപ്പിക്കാം; സുരക്ഷാ കാര്യങ്ങളിൽ ഉൾപ്പെടെ ഉറപ്പ് വേണമെന്ന് ഇറാൻ, ലക്ഷ്യസാധ്യത്തിനരികെയെന്ന് ട്രംപ്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ന് രാത്രി ട്രംപിന്റെ പ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ്

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധമെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ പ്രതികരണം. എന്നാൽ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് ലഭിക്കണമെന്ന് പെസെഷ്കിയാൻ വ്യക്തമാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് പെസെഷ്കിയാൻ നിലപാട് അറിയിച്ചത്. ആക്രമണങ്ങൾ വീണ്ടും സംഭവിക്കില്ലെന്ന് വിശ്വസനീയമായ ഉറപ്പ് ലഭിച്ചാൽ മാത്രമേ യുഎസുമായും ഇസ്രയേലുമായും ഉള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയൂ എന്നും ഇറാൻ വ്യക്തമാക്കി. ഹോർമുസിലെ സംഘർഷങ്ങൾക്ക് കാരണം യുഎസ് നടപടികളെന്നും പെസെഷ്കിയാൻ പറഞ്ഞു.

ഇറാനെതിരായ യുദ്ധം രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അവസാനിപ്പിക്കാൻ യുഎസിന് കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ ഒരു കരാറിലും ഏർപ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ സംഭവിക്കുന്ന കാര്യങ്ങളുമായി യുഎസിന് ഒരു ബന്ധവുമില്ല, പകരം ജലപാത തുറന്നിടേണ്ട ഉത്തരവാദിത്തം അതിനെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കായിരിക്കുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേ സമയം കരയുദ്ധത്തിനുളള സാധ്യതയും ട്രംപ് സൂചിപ്പിച്ചു.

യുഎസ് ലക്ഷ്യസാധ്യത്തിനരികെ ആണെന്നും സമാധാന കരാറിനായി ഇറാൻ യാചിക്കുകയാണെും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ സൈനിക നടപടി അവസാനിക്കുന്നതോടെ, എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി കരാറിൽ എത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സമാധാന കരാറിനായി യാചിക്കുന്നത് ഇറാനാണെന്നും ട്രംപ് പറഞ്ഞിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ന് രാത്രി ട്രംപിന്റെ പ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. എന്നാൽ യുഎസുമായുള്ള ചർച്ചകളിൽ വിശ്വസമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പ്രതികരിച്ചു.

അതിനിടെ യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ വീഡിയോ പുറത്തുവന്നു. യുഎസ് സൈനികരെ നേരിടാനും പരാജയപ്പെടുത്താനും സജ്ജമാണെന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരിക്കുന്നത്. അത്യാധുനിക ആയുധങ്ങളുമായി ഇറാന്റെ സ്പെഷ്യൽ ഫോഴ്സ് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് 59 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്. ഇറാനിൽ യുസ് കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ആണ് പുതിയ വീഡിയോ.

SCROLL FOR NEXT