WORLD

"മനുഷ്യരെ കൊല്ലാം, പക്ഷെ ആശയങ്ങള്‍ ഇല്ലാതാകില്ല''; ട്രംപിന് മറുപടിയുമായി ഇറാന്‍

വിലാപയാത്രയില്‍ പങ്കെടുക്കുന്ന നേതാക്കളേയെല്ലാം ഒറ്റവെടിക്ക് ഇല്ലാതാക്കാന്‍ കഴിയും എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം

Author : ന്യൂസ് ഡെസ്ക്

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ഇറാന്‍. ഖമനേയിയുടെ വിലാപയാത്രയില്‍ പങ്കെടുക്കുന്ന നേതാക്കളേയെല്ലാം ഒറ്റവെടിക്ക് ഇല്ലാതാക്കാന്‍ കഴിയും എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

യുഎസിന് നാഗരികതയോ ചരിത്രമോ ഇല്ലെന്ന് ഇറാന്‍ പ്രതികരിച്ചു. ഇറാന്റെ മുതിര്‍ന്ന നേതാക്കളും ആയത്തുള്ള അലി ഖമനേയിയുടെ മൂന്ന് ആണ്‍മക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിലവിലെ പരമോന്നത നേതാവും ഖമനേയിയുടെ മകനുമായ മുജ്തബ ഖമനേയി പങ്കെടുത്തിട്ടില്ല. സുരക്ഷാ കാരണങ്ങളാണ് മുജ്തബ ഖമനേയി പൊതു ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നാണ് സൂചന. ഇറാന്‍-യുഎസ്-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഇതുവരെ മുജ്തബ ഖമനേയി പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ചടങ്ങില്‍ പങ്കെടുക്കുന്ന നേതാക്കളെയെല്ലാം ഒറ്റയിടക്ക് കൊല്ലാനുള്ള അവസരമുണ്ടെങ്കിലും യുഎസ് അത് ചെയ്യുന്നില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. അങ്ങനെ ചെയ്താല്‍ യുഎസിന് ചര്‍ച്ച ചെയ്യാന്‍ ആരുമുണ്ടാകില്ലെന്നും ആക്‌സിയോസിന് നല്‍കിയ പ്രതികരണത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

വിലാപയാത്രയില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. വൈകാരികമായിട്ടായിരുന്നു ജനങ്ങളുടെ പ്രതികരണം. ഖമനേയിയെ ഇറാനിലെ ജനങ്ങള്‍ക്ക് വെറുപ്പാണെന്നാണ് താന്‍ കരുതിയത് എന്നായിരുന്നു ഇതിനെ കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം. ജനങ്ങളുടേത് ചിലപ്പോള്‍ കള്ളക്കണ്ണീരാകാമെന്നും ട്രംപ് പരിഹസിച്ചിരുന്നു.

ട്രംപിന്റെ പരാമര്‍ശങ്ങളോട് കടുത്ത ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. 'മനുഷ്യരെ കൊന്നൊടുക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ ആശയങ്ങളെ ഇല്ലാതാക്കാനാകില്ല. നിങ്ങള്‍ ആയത്തുള്ള ഖമനേയിയെ കൊലപ്പെടുത്തി. പക്ഷെ, യഥാര്‍ത്ഥത്തില്‍ ചെയ്തത് ഒരു സുഗന്ധദ്രവ്യത്തിന്റെ കുപ്പി തകര്‍ക്കുകയായിരുന്നു, അതിന്റെ സുഗന്ധം ഇപ്പോള്‍ എല്ലായിടത്തും പടര്‍ന്നു കഴിഞ്ഞു. ഇത് നിങ്ങള്‍ക്ക് മനസ്സിലാകില്ല. കാരണം നിങ്ങള്‍ക്ക് സംസ്‌കാരമോ ചരിത്രമോ അന്തസസ്സോ ഇല്ല'. എന്നാണ് അര്‍മനേയയിലെ ഇറാന്‍ എംബസി എക്‌സിലൂടെ പ്രതികരിച്ചത്.

ഫെബ്രുവരി 28 നാണ് ഇസ്രയേല്‍- യുഎസ് സംയുക്ത ആക്രമണത്തില്‍ അലി ഖമനേയി കൊല്ലപ്പെട്ടത്. മാര്‍ച്ച് മുതല്‍ ഖമനേയിയുടെ അന്ത്യ ചടങ്ങുകളുടെ സമയക്രമത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും സംഘര്‍ഷവസ്ഥ നിലനിന്നിരുന്നതിനാല്‍ ചടങ്ങുകള്‍ നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കാന്‍ ഇറാന്‍ തെരഞ്ഞെടുത്തത് അമേരിക്കയുടെ 250ാം വാര്‍ഷികമായ ജൂലൈ 4 ആണ്. ജൂലൈ 9 ന് ഖമനേയിയുടെ ജന്മനാടായ വടക്കുകിഴക്കന്‍ പുണ്യനഗരമായ മഷാദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

SCROLL FOR NEXT