ഇറാൻ ഇസ്രയേലിലേക്ക് തൊടുത്ത ഡ്രോണുകൾ, ഇറാഖിൽ നിന്നുള്ള ദൃശ്യം Source: X/ @Bouncer_Babu
WORLD

വ്യോമാക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിലേക്ക് തൊടുത്തത് നൂറിലധികം ഡ്രോണുകള്‍

ആക്രമണങ്ങൾക്ക് ഇസ്രയേലും യുഎസും കനത്തവില നൽകേണ്ടി വരുമെന്നായിരുന്നു ഇറാൻ്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലും ഇറാനും നേർക്കുനേർ യുദ്ധത്തിലേക്ക്. ഇറാന് നേരെയുള്ള ഇസ്രയേൽ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിലേക്ക് നൂറിലധികം ഡ്രോണുകൾ തൊടുത്തുവിട്ടായിരുന്നു ഇറാൻ്റെ പ്രത്യാക്രമണം. ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് എഫി ഡെഫ്രിൻ പത്രസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന് കനത്ത പ്രഹരമാണുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹൊസൈൻ സലാമി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഉപദേശകൻ അലി ഷംഖാനിക്ക് വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ആണവോർജ്ജ സംഘടനയുടെ മുന്‍ മേധാവിയുമായ ഫെറെയ്ദൂന്‍ അബ്ബാസി, ആണവ ശാസ്ത്രഞ്ജനും ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയുടെ പ്രസിഡൻ്റുമായ മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവർ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ആക്രമണങ്ങൾക്ക് ഇസ്രയേലും യുഎസും കനത്തവില നൽകേണ്ടി വരുമെന്നായിരുന്നു ഇറാൻ്റെ പ്രതികരണം.

ഇറാൻ്റെ ആണവ പദ്ധതിയുടെ ഉന്മൂലനമാണ് ലക്ഷ്യമെന്ന്, ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിൻ്റെ നിലനില്‍പ്പിന് മേല്‍ ഇറാന്‍ ഉയർത്തുന്ന ഭീഷണി അവസാനിക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ അറിയിച്ചു.

ഐഡിഎഫിൻ്റെ ആക്രമണങ്ങള്‍ക്ക് ഒപ്പം, ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദ് ഇറാൻ്റെ തന്ത്രപ്രധാനമായ മിസൈൽ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ ശേഷിയും ദുർബലപ്പെടുത്താൻ അട്ടിമറി പ്രവർത്തനങ്ങള്‍ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാനിൽ നിന്ന് ഇസ്രയേലിലേക്ക് പ്രതികാര നടപടി ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം ഇസ്രായേൽ ആക്രമണങ്ങളിൽ യുഎസിന് പങ്കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു."ഇന്ന് രാത്രി, ഇറാനെതിരെ ഇസ്രായേൽ ഏകപക്ഷീയമായ നടപടി സ്വീകരിച്ചു. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ല, മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുൻ‌ഗണന," റൂബിയോ പ്രസ്താവനയിൽ പറഞ്ഞു.

SCROLL FOR NEXT