Source: X
WORLD

പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 3,117 പേരെന്ന് ഇറാൻ; പുറത്തുവിട്ടത് ആക്ടിവിസ്റ്റുകളുടെ കണക്കുകളേക്കാൾ കുറവ്

നിലവിലെ സാഹചര്യത്തിൽ മരണസംഖ്യ ഗണ്യമായി ഉയരുന്നുണ്ടാകാം എന്ന ആശങ്കയും നിലനിൽക്കുന്നു.

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: രാജ്യത്തെ ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവിട്ട് ഇറാൻ. സർക്കാർ കണക്കുകളനുസരിച്ച് 3,117 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ അടിച്ചമർത്തിയ സർക്കാർ നീക്കത്തിൽ കൊല്ലപ്പെട്ടതായി അക്ടിവിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളും പുറത്തു വിട്ടതിനേക്കാൾ വളരെ കുറഞ്ഞ കണക്കാണ് ഇറാൻ സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെയും യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സേവനങ്ങൾ നൽകുന്ന ഔദ്യോഗിക സ്ഥാപനമായ ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്‌സ് ആൻഡ് വെറ്ററൻസ് അഫയേഴ്‌സിന്റെയും പ്രസ്താവനകൾ സഹിതമാണ് ഇറാൻ സർക്കാർ മരണസംഖ്യ സ്റ്റേറ്റ് ടെലിവിഷൻ വഴി പുറത്തുവിട്ടത്. ഡിസംബർ 28ന് ആരംഭിച്ച പ്രക്ഷോഭങ്ങളിൽ മരിച്ചവരുടെ കണക്കുകൾ പരിശോധിച്ചാൽ 2,427 പേർ സാധാരണക്കാരും ബാക്കിയുള്ളത് സുരക്ഷാ സേനാംഗങ്ങളുമാണെന്ന് സർക്കാർ പറയുന്നു.

എന്നാൽ, ഈ കണക്കിനെതിരെ മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചിട്ടുണ്ട്. മരണസംഖ്യ കുറഞ്ഞത് 4,902 ആണെന്നും കൂടുതൽ പേർ മരിച്ചിട്ടുണ്ടാകാമെന്നും യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു. മറ്റു പല സംഘടകളും ഇറാൻ സർക്കാർ പുറത്തുവിട്ടതിൽ കൂടുതൽ മരണ സംഖ്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 26,500 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തടവിലാക്കപ്പെട്ടവരിൽ ചിലരെ വധശിക്ഷയ്ക്ക് വിധേയരാക്കുമെന്ന ആശങ്ക ഇനിയും കെട്ടടങ്ങിയിട്ടില്ല. ജനുവരി 8 മുതൽ സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം മൂലം രാജ്യത്ത് നിന്ന് വിവരങ്ങൾ കൂടുതലായി പുറത്തുവരുന്നതിനെ തടസപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മരണസംഖ്യ ഗണ്യമായി ഉയരുന്നുണ്ടാകാം എന്ന ആശങ്കയും നിലനിൽക്കുന്നു.

SCROLL FOR NEXT