ടെഹ്‌റാന്‍: നേരത്തെ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിക്കാതെ യുഎസുമായി ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖ്വര്‍ ഗാലിബാഫ്. ലെബനനില്‍ ആദ്യം വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും ടെഹ്‌റാന്റെ തടഞ്ഞുവച്ച സ്വത്തുക്കള്‍ തിരിച്ചു നല്‍കണമെന്നും എന്നാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നുമാണ് ഗാലിബാഫ് പറഞ്ഞത്.
'നേരത്തെ പരസ്പരം അംഗീകരിച്ച രണ്ട് കാര്യങ്ങള്‍ നടപ്പാക്കിയിരിക്കണം: ലെബനനിലെ വെടിനിര്‍ത്തലും ഇറാന്റെ തടഞ്ഞുവച്ച സ്വത്തുക്കള്‍ തിരിച്ചു ലഭിക്കലും,' ഗാലിബാഫ് എക്‌സില്‍ കുറിച്ചു.
ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പായി ഈ രണ്ട് കാര്യങ്ങളും നടപ്പാക്കിയിരിക്കണമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി.
ലെബനനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുകയും ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുകയും ചെയ്യണമെന്നുമാണ് അരാഗ്ചി പറഞ്ഞത്.
വിദേശ ബാങ്കില്‍ നിന്ന് ഇറാന് തങ്ങളുടെ കോടിക്കണക്കിന് ഡോളര്‍ വരുന്ന പണം ഇതുവരെയും എടുക്കാന്‍ സാധിച്ചിട്ടില്ല. ഈ പണം പലതും ഗ്യാസ്, എണ്ണ കയറ്റുമതിയിലൂടെ ലഭിക്കുന്ന പണമാണ്.