Source: X
WORLD

സമാധാനത്തിനുള്ള നൊബേൽ ജേതാവ് നർഗസ് മുഹമ്മദിയെ 6 വർഷം തടവിന് ശിക്ഷിച്ച് ഇറാൻ

രാജ്യം വിടുന്നതിന് രണ്ട് വർഷത്തെ വിലക്കും നർഗസിന് ഏർപ്പെടുത്തിയിട്ടുണ്ട്

Author : വിന്നി പ്രകാശ്

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് നർഗസ് മുഹമ്മദിക്ക് ഇറാനിയൻ കോടതി ആറ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കുറ്റകൃത്യങ്ങൾ ചെയ്യാൻ ഒത്തുകൂടിയതിനും കൂട്ടുനിന്നതിനുമാണ് നർഗസിനെ ശിക്ഷിച്ചതെന്ന് അഭിഭാഷകനായ മുസ്തഫ നിലി വ്യക്തമാക്കി. രാജ്യം വിടുന്നതിന് രണ്ട് വർഷത്തെ വിലക്കും നർഗസിന് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമേ പ്രചാരണ പ്രവർത്തനങ്ങൾക്ക് മുഹമ്മദിക്ക് ഒന്നര വർഷത്തെ തടവും കിഴക്കൻ പ്രവിശ്യയായ സൗത്ത് ഖൊറാസാനിലെ ഖോസ്ഫ് നഗരത്തിലേക്ക് രണ്ട് വർഷത്തേക്ക് നാടുകടത്തുമെന്നും അഭിഭാഷകൻ അറിയിച്ചു. ഇറാനിയൻ നിയമപ്രകാരം, ഈ ശിക്ഷകളെല്ലാം ഒരേസമയം അനുഭവിക്കണം. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാൽ മുഹമ്മദിയെ ചികിത്സയ്ക്കായി താൽക്കാലികമായി ജാമ്യത്തിൽ വിടാൻ വിട്ടേക്കുമെന്നും നിലി പ്രത്യാശ പ്രകടിപ്പിച്ചു.വിധി അന്തിമമല്ലെന്നും അപ്പീൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിലെ വധശിക്ഷയ്ക്കും സ്ത്രീകളുടെ നിർബന്ധിത വസ്ത്രധാരണ രീതിക്കുമെതിരെ ശബ്ദമുയർത്തിയതിന് കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയ്ക്ക് 53 കാരിയായ മുഹമ്മദി നിരവധി തവണ വിചാരണ ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.കൂടുതൽ സമയവും ജയിലിലായിരുന്നതിനാൽ തന്നെ 2015 മുതൽ പാരിസിൽ താമസിക്കുന്ന തൻ്റെ ഇരട്ടക്കുട്ടികളെ കാണാൻ പോലും മുഹമ്മദിയ്ക്ക് കഴിഞ്ഞിട്ടില്ല.

2024 ഡിസംബറിൽ, ആരോഗ്യപരമായ കാരണങ്ങളാൽ അവരെ മൂന്നാഴ്ചയ്ക്ക് ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ, ജയിലായിരുന്ന സമയത്തും ജയിൽ മുറ്റത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും നിരാഹാര സമരം നടത്തിയും മുഹമ്മദി പ്രതിഷേധം തുടർന്ന് വന്നിരുന്നു.

ഇറാനിലെ വധശിക്ഷയ്‌ക്കെതിരായ പ്രചാരണത്തിനാണ് മുഹമ്മദി 2023-ൽ സമാധാന നൊബേൽ നേടിയത്. ആ സമയത്ത് ജയിലിലായിരുന്നതിനാൽ മുഹമ്മദിയുടെ കുട്ടികളാണ് അവർക്കുവേണ്ടി അവാർഡ് ഏറ്റുവാങ്ങിയത്.

SCROLL FOR NEXT