വാഷിങ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകളിൽ തൃപ്തനാകാതെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ വീണ്ടും ആണവ സമ്പുഷ്ടീകരണം തുടങ്ങരുതെന്നാണ് ട്രംപിൻ്റെ ആവശ്യം. അതിനാൽ തന്നെ യുഎസ് വൈകാതെ സൈനിക നടപടികള്‍ക്ക് നിർബന്ധിതനായേക്കും എന്നാണ് ട്രംപിൻ്റെ പ്രതികരണം.
അതേസമയം, സൗദിയിലെ യുഎസ് വ്യോമതാവളത്തില്‍ യുദ്ധ മുന്നൊരുക്കം തകൃതിയായി പുരോഗമിക്കുകയാണ്. ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് നിർദേശവുമായി കൂടുതല്‍ രാജ്യങ്ങളും രംഗത്തെത്തി.
വ്യക്തികളെ അനധികൃതമായി തടവിൽ പാർപ്പിക്കുന്നതിൽ ഇറാൻ ഭരണകൂടത്തിന് വലിയ പങ്കാണുള്ളതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിമർശിച്ചു. ഇറാനിലേക്ക് സഞ്ചരിക്കരുതെന്ന് യുഎസ് പൗരന്മാരോട് അദ്ദേഹം അഭ്യർഥിച്ചു. ഇറാനിലുള്ള യുഎസ് പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും റൂബിയോ നിർദേശിച്ചു.
വ്യാഴാഴ്ച ജനീവയിൽ അമേരിക്കയുമായുള്ള ചർച്ചകളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഇറാനും മധ്യസ്ഥരായ ഒമാനും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ യുഎസ് പ്രതിനിധികൾ തൃപ്തരായിരുന്നില്ല. സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രതിനിധികൾ ചർച്ചകളുടെ പുരോഗതിയിൽ തൃപ്തരല്ലാത്തതിനാൽ നിരാശയോടെയാണ് ജനീവ വിട്ടതെന്നാണ് റിപ്പോർട്ട്.