ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍. പ്രകോപിപ്പിച്ചാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിച്ചു. ആക്രമണത്തെ ശക്തമായി നേരിടുമെന്നും ഒരു ആക്രമണവും മറുപടിയില്ലാതെ പോകില്ലെന്നും ട്രംപിനോടുള്ള മറുപടിയായി ഇറാന്‍ പറഞ്ഞു.
അതേസമയം വ്യോമത്താവളം ആക്രമിച്ചതിന് പിന്നാലെ വൈറ്റ് ഹൗസില്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. യുഎസിന്റെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമത്താവളമാണ് ഖത്തറിലെ അല്‍ ഉദൈദ്. യുഎസിനെതിരായ ഇറാന്‍ ആക്രമണത്തിന് ഓപ്പറേഷന്‍ ബഷറത്ത് അല്‍-ഫത്തെ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ആക്രമണത്തിന് പിന്നാലെ സിറിയ, ജിബൂട്ടി തുടങ്ങി പശ്ചിമേഷ്യയിലെ മറ്റു മറ്റു യുഎസ് വ്യോമത്താവളങ്ങളും അതീവ ജാഗ്രതയിലാണ്. ജിസിസി ഇറാന്റെ ആക്രമണത്തെ അപലപിച്ചു. യുഎഇ, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും താത്കാലികമായി വ്യോമപാത അടച്ചിട്ടുണ്ട്. അതേസമയം ആക്രമണം ഖത്തറിനെതിരായല്ലെന്ന് ഇറാന്‍ അറിയിച്ചു. വ്യോമത്താവളം ഖത്തറിലെ ആള്‍ത്താമസമില്ലാത്തിടത്താണെന്ന് ഇറാനിയന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.
അല്‍ ഉദൈദ് വ്യോമത്താവളം ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമുണ്ടായതെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സായുധ സേന ജാഗരൂകരാണെന്നും രാജ്യാതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വ്യോമത്താവളത്തിലേക്ക് വന്ന മിസൈലുകള്‍ നിര്‍വീര്യമാക്കിയെന്നും ആര്‍ക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നും ഖത്തര്‍ അറിയിച്ചു.
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് യുഎസ് ഇറാനില്‍ ആക്രമണം നടത്തിയത്. തിരിച്ച് ആക്രമണം നടത്തുമെന്ന് ഇറാന്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിലെ വ്യോമത്താവളം ആക്രമിച്ചത്. അതേസമയം ഖത്തറിന് ആക്രമണത്തെക്കുറിച്ച് ഇറാന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം.