ടെഹ്‌റാൻ: ഹോർമുസ് കടലിലുക്കിൽ നിന്ന് പണം ഈടാക്കുന്നത് നിയമവിധേയമാക്കാനൊരുങ്ങി ഇറാൻ. യുദ്ധത്തിൽ രാജ്യത്തിനുണ്ടായ നഷ്ടം ഇതിലൂടെ ഈടാക്കാമെന്നാണ് ഇറാൻ്റെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്ക് കപ്പലുകൾക്കായി ചൊവ്വാഴ്ച തുറന്നുകൊടുക്കണമെന്ന ട്രംപിൻ്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാൻ്റെ മുന്നറിയിപ്പ്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ വ്യാപാര കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ ഉയർന്ന ഫീസ് ഈടാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സ്ഥിരീകരിച്ച് ഇറാൻ പ്രതികരിച്ചത്.
ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് മാർച്ച് ആദ്യം മുതൽ തടസപ്പെട്ടിരുന്നു. ഇറാനുമായി യുഎസും ഇസ്രേയേലും തുടങ്ങിവച്ച യുദ്ധമാണ് ഹോർമുസിലെ ചരക്കുനീക്കത്തെ ബാധിച്ചത്.
ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനെതിരെ അസഭ്യവർഷം നടത്തിക്കൊണ്ടാണ് ട്രംപ് പ്രസ്താവന നടത്തിയത്. യുഎസിനും ഇസ്രായേലിനും എതിരെയുള്ള യുദ്ധം പഴയപടിയാവില്ലെന്ന് ഇറാനും പ്രഖ്യാപിച്ചു.
ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ അതേ രീതിയിൽ പ്രതികരിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈനിക നീക്കങ്ങളിൽ യുഎസിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിയതായും ഇറാൻ അവകാശപ്പെട്ടു.