Iran Flogs Singer Parastoo Ahmadi 74 Times Over Hijabless Concert News Malayalam
WORLD

ഹിജാബ് ധരിക്കാതെ സംഗീത പരിപാടി അവതരിപ്പിച്ച് യൂട്യൂബില്‍ ഇട്ടു; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

2024 ഡിസംബർ 11 ന് പരസ്തു അഹ്മദി യൂട്യൂബിൽ പുറത്തുവിട്ട 'കാരവൻസെറായ് കോൺസർട്ട്' എന്ന സംഗീത പരിപാടിയാണ് കേസിന് ആധാരമായത്. ടെഹ്റാന് തെക്കുള്ള ഖോം പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ദെയ്ർ ഇ ഗച്ചിൻ കാരവൻസെറായിയിൽ വെച്ചായിരുന്നു ഇതിന്റെ ചിത്രീകരണം.

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈൻ സംഗീത പരിപാടി അവതരിപ്പിച്ച ഇറാനിയൻ ഗായിക പരസ്തു അഹ്മദിക്കും (29)സംഘത്തിലെ മറ്റ് നാല് പേർക്കും 74 ചാട്ടവാറടി. "അശ്ലീലവും അധാർമ്മികവുമായ" ഉള്ളടക്കം ഓൺലൈനിൽ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് കോടതി വിധിച്ച ശിക്ഷ നവംബര്‍ 23 തിങ്കളാഴ്ച ഖോം പ്രോസിക്യൂട്ടറുടെ ഓഫീസിൽ വെച്ചാണ് നടപ്പാക്കിയതെന്ന് ഇവരുടെ അഭിഭാഷകൻ മുസ്തഫ നിലിയെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചാട്ടവാറടിക്ക് പുറമെ, ഇവർക്ക് കലാപരമായ പ്രവർത്തനങ്ങൾക്കും സംഗീത പരിപാടികൾക്കും വിദേശയാത്രയ്ക്കും രണ്ട് വർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

2024 ഡിസംബർ 11 ന് പരസ്തു അഹ്മദി യൂട്യൂബിൽ പുറത്തുവിട്ട 'കാരവൻസെറായ് കോൺസർട്ട്' എന്ന സംഗീത പരിപാടിയാണ് കേസിന് ആധാരമായത്. ടെഹ്റാന് തെക്കുള്ള ഖോം പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ദെയ്ർ ഇ ഗച്ചിൻ കാരവൻസെറായിയിൽ വെച്ചായിരുന്നു ഇതിന്റെ ചിത്രീകരണം. കാണികളില്ലാത്ത വേദിയിൽ പുരുഷ സംഗീതജ്ഞർക്കൊപ്പം കറുത്ത നീളൻ വസ്ത്രം ധരിച്ച്, ഇറാനിൽ നിർബന്ധിതമായ ഹിജാബ് ഒഴിവാക്കിയാണ് അഹ്മദി ഗാനം ആലപിച്ചത്. ഈ വീഡിയോ ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയതിന് പിന്നാലെ, ഇറാന്റെ നിയമ മത മാനദണ്ഡങ്ങൾ ലംഘിച്ചുള്ള നിയമവിരുദ്ധമായ സംഗീത പരിപാടി എന്ന് വിശേഷിപ്പിച്ച് ജുഡീഷ്യറി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പൊതുസദാചാരം ലംഘിച്ചതിനും അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനും അഹ്മദിയും സംഗീതജ്ഞരും ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കോടതി നേരത്തെ കുറ്റം ചുമത്തിയിരുന്നു. 2026 ജൂണിൽ ക്രിമിനൽ കോടതി ഇവർക്ക് 74 ചാട്ടവാറടി ശിക്ഷ വിധിക്കുകയും സെപ്റ്റംബറിൽ അപ്പീൽ കോടതി ഈ ശിക്ഷ ശരിവെക്കുകയും ചെയ്തു. തിങ്കളാഴ്ച ശിക്ഷ നടപ്പാക്കിയ അഞ്ച് പേരിൽ അഹ്മദിയെ കൂടാതെ സഹപ്രവർത്തകരായ സൊഹൈൽ ഫഗീഹ്, അമിൻ താഹെരി, അമിരലി പിർനിയ, മൊഹ്‌സെൻ ലഷ്‌കരി എന്നിവരാണ് ഉള്‍പ്പെട്ടത്.

ചാട്ടവാറടി ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷയാണെന്ന് ചൂണ്ടിക്കാട്ടി ആംനസ്റ്റി ഇന്റർനാഷണൽ ഒക്ടോബറിൽ ശിക്ഷാ നടപടി നിർത്തിവെക്കണമെന്ന് ഇറാൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. 2022-ൽ വസ്ത്രധാരണ നിയമം ലംഘിച്ചെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി മരിച്ചതിനെത്തുടർന്ന് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം ഇറാനിൽ ഹിജാബ് നിയമങ്ങൾക്കെതിരെ സ്ത്രീകളുടെ ചെറുത്തുനിൽപ്പ് ശക്തമായിരുന്നു. ഇറാനിൽ സ്ത്രീകൾ പരസ്യമായി പാടുന്നതിനും പ്രത്യേകിച്ച് സോളോ പ്രകടനങ്ങൾ നടത്തുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ട്. ചാട്ടവാറടി ശിക്ഷ പീഡനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് പാശ്ചാത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും വിമർശിക്കുമ്പോൾ, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇറാന്റെ മറുപടി എന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

SCROLL FOR NEXT