ജീവനൊടുക്കിയ പൗറിയ ഹമീദി Source: X
WORLD

'ചർച്ച നടത്താൻ നിൽക്കരുത്, ആക്രമിച്ചോളൂ'; മരിക്കുന്നതിന് മുമ്പ് ട്രംപിനോട് വീഡിയോയിലൂടെ അഭ്യർഥനയുമായി ഇറാനിയൻ യുവാവ്

നിങ്ങൾ ഇത് കാണുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നുണ്ടാകുന്നില്ലെന്നും യുവാവ് വീഡിയോയിലൂടെ പറയുന്നുണ്ട്

Author : വിന്നി പ്രകാശ്

ഇറാൻ ഭരണകൂടവുമായി ഒരു കരാറിലും ഏർപ്പെടരുതെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനോട് അഭ്യർഥിക്കുന്ന സോഷ്യൽ മീഡിയ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ഇറാനിയൻ യുവാവ് ജീവനൊടുക്കി. 10 മിനിറ്റും 44 സെക്കൻഡും ദൈർഘ്യമുള്ള പൗറിയ ഹമീദി എന്ന യുവാവിൻ്റെ വീഡിയോയിൽ ഇറാനിലെ പ്രതിഷേധങ്ങൾക്കെതിരെ നടക്കുന്ന ക്രൂരമായ അടിച്ചമർത്തലിനെക്കുറിച്ച് വ്യക്തമാക്കുന്നതിനൊപ്പം രാജ്യത്തെ പുരോഹിത നേതൃത്വത്തിനെതിരെ വിദേശ ഇടപെടലും ആവശ്യപ്പെടുന്നുണ്ട്.

നിങ്ങൾ ഇത് കാണുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നുണ്ടാകുന്നില്ലെന്നും യുവാവ് വീഡിയോയിലൂടെ പറയുന്നുണ്ട്. 40,000-ത്തിലധികം ആളുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടതായും, റഷ്യ-ഉക്രെയ്ൻ യുദ്ധത്തേക്കാളും ഇസ്രായേൽ-പലസ്തീൻ യുദ്ധത്തേക്കാൾ കൂടുതൽ ഭീകരമാണ് അവസ്ഥയെന്നും ഫെബ്രുവരി 5ന്'PoorY X' എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു. "ഇത് എൻ്റെ ത്യാഗമാണ് - ദയവായി, എൻ്റെ രാജ്യത്തെ സ്വതന്ത്രമാക്കൂ" എന്നാണ് ഹമീദി തൻ്റെ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.

ഇംഗ്ലീഷിൽ റെക്കോർഡു ചെയ്‌ത വീഡിയോയിൽ, ഹമീദി യുഎസ് നേതൃത്വത്തെ നേരിട്ട് അഭിസംബോധന ചെയ്യുകയും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഭരണകൂടവുമായുള്ള ഏതൊരു കരാറും മരിച്ച എല്ലാവരെയും ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. പ്രതിഷേധം തുടരാൻ യുഎസ് പ്രസിഡൻ്റ് ട്രംപ് ഇറാനികളോട് പറഞ്ഞിട്ടുള്ളതനുസരിച്ച് തങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചു. എന്നാൽ ആയുധധാരികളായ പുരുഷന്മാരുമായി യുദ്ധം ചെയ്യുന്നത് സാധ്യമല്ലെന്നും ബാഹ്യ പിന്തുണയില്ലാതെ ഇറാനികൾക്ക് ഇസ്ലാമിക ഭരണകൂടത്തിനെതിരെ വിജയിക്കാൻ കഴിയില്ലെന്നും ഹമീദി വീഡിയോയിൽ പറയുന്നു.

അമേരിക്ക ഇറാനെ ആക്രമിക്കുക എന്നതാണ് ഇപ്പോൾ നമുക്കുള്ള ഏക പ്രതീക്ഷ. ഞങ്ങൾക്ക് ഒറ്റയ്ക്ക് പൊരുതാനാവില്ല. ഇറാൻ്റെ നാടുകടത്തപ്പെട്ട രാജകുമാരൻ റെസ പഹ്‌ലവിക്ക് പിന്തുണ പ്രഖ്യാപിച്ച ഹമീദി ഒരു പരിവർത്തന ഗവൺമെൻ്റ് രൂപീകരിക്കുന്നതിനുള്ള ഏറ്റവും നല്ല തെരഞ്ഞെടുപ്പാണ് അദ്ദേഹം എന്നും പറഞ്ഞു. നമ്മുടെ ആളുകൾ ഇപ്പോൾ എത്രമാത്രം നിരാശരാണെന്ന് നിങ്ങൾക്കറിയില്ല. എനിക്ക് തന്നെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയുന്നില്ല. ഇതുപോലൊരു സ്ഥലത്ത് ജനിക്കുന്നത്, ഭാവിയില്ലാതെ പോകുന്നത് എത്രമാത്രം പരിഹാസ്യകരമാണ് എന്നോർത്ത് കരയാൻ പോലും എനിക്ക് കഴിയുന്നില്ല. ഇതെല്ലാം കഴിയുമ്പോൾ എൻ്റെ രാജ്യത്തെ ജനങ്ങൾക്കൊരു ജീവിതമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നുവെന്നും ഹമീദി വീഡിയോയിലൂടെ പറഞ്ഞു.

റെക്കോർഡിംഗ് അവസാനിച്ചപ്പോൾ പേർഷ്യൻ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയ ഹമീദി ഞങ്ങൾ ഇറാനിലെ ജനങ്ങൾക്ക് ആരുമില്ലെന്നും അതിനാൽ ദയവായി പരസ്പരം പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. വീഡിയോ പങ്കുവെച്ചതിന് ശേഷം ഹമീദി ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ടുകൾ.

സമീപകാല പ്രതിഷേധങ്ങളെത്തുടർന്ന് ഇറാൻ നടപടികൾ ശക്തമാക്കിയതോടെയാണ് യുവാവിൻ്റെ മരണം. ശനിയാഴ്ച, സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നർഗസ് മുഹമ്മദിക്ക് ജയിൽ ശിക്ഷ വിധിച്ച ഭരണകൂടം തിങ്കളാഴ്ച പ്രമുഖ വിമതനായ മെഹ്ദി കരൂബിയുടെ മകൻ ഹൊസൈൻ കരൂബിയെയും അറസ്റ്റ് ചെയ്തിരുന്നു.

SCROLL FOR NEXT