യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ, യുഎസിനും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പുമായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മേധാവി അഹമ്മദ് വാഹിദി രംഗത്ത്. 'ശത്രുക്കൾക്ക് ഇപ്പോൾ നേരിടേണ്ടി വരുന്നത് ഒരു തുടക്കം മാത്രമാണെന്നും, യുഎസും സഖ്യകക്ഷികളും ഇതിലും വലിയ അപമാനവും പരാജയവും നേരിടേണ്ടി വരുമെന്നും അസത്യത്തിന്മേൽ സത്യം വിജയിക്കുമെന്നും അഹമ്മദ് വാഹിദി പറഞ്ഞു. ഇറാൻ്റെ ഭൂഗർഭ 'മിസൈൽ സിറ്റി'എന്നറിയപ്പെടുന്ന ആയുധ സംഭരണശാല സന്ദർശിക്കവെയാണ് വാഹിദിയുടെ പ്രതികരണം.
ഫെബ്രുവരി 28 ന് നടന്ന യുഎസ്-ഇസ്രയേൽ ആക്രണമത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെയാണ് ഈ മേഖലയിൽ യുദ്ധ സമാനമായ സാഹചര്യം ഉടലെടുക്കുന്നത്. ഇതിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങൾക്കു നേരെ ഇറാൻ ആക്രമണം നടത്തുകയും, ആഗോള എണ്ണക്കടത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു.
ശനിയാഴ്ച, പുതുതായി വിന്യസിച്ച വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന യുഎസ് എംക്യു-9 റീപ്പർ ഡ്രോൺ തങ്ങളുടെ എയ്റോസ്പേസ് ഫോഴ്സ് വെടിവച്ചിട്ടതായും ഐആർജിസി പറഞ്ഞു. നിരീക്ഷണം, രഹസ്യാന്വേഷണം, പ്രത്യക ഉന്നമിട്ടുള്ള ആക്രമണങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഒരു യുഎസ് സൈനിക ഡ്രോൺ ആണ് എംക്യു-9 റീപ്പർ.
യുദ്ധവുമല്ല സമാധാനവുമല്ലാത്ത ഈ അവസ്ഥ അംഗീകരിക്കാനാവില്ലെന്നും, ഒന്നുകിൽ യുദ്ധക്കളത്തിൽ തീരുമാനമാകുമെന്നും അല്ലെങ്കിൽ തങ്ങളുടെ വ്യവസ്ഥകൾ വാഷിംഗ്ടൺ അംഗീകരിക്കേണ്ടി വരുമെന്നും ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹൊസൈൻ മൊഹെബ്ബി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ കുറഞ്ഞത് മൂന്ന് വ്യോമപ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തതായും അവർ കൂട്ടിച്ചേർത്തു. നവംബർ 15 ന് ബഹറൈനിലെ യുഎസ് റഡാർ കേന്ദ്രത്തിന് നേരെ ആറ് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെടുന്നുണ്ട്.
ഇറാനും യുഎസും തമ്മിലുള്ള ഏറ്റുമുട്ടലിലെ പ്രധാന സംഘർഷ കേന്ദ്രങ്ങളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഈ ജലപാത അന്താരാഷ്ട്ര ഊർജ്ജ വിതരണത്തിനുള്ള ഒരു നിർണായക പാതയാണ്. നിയന്ത്രണ രേഖയിലുള്ള ഈ പ്രദേശങ്ങളിലൂടെയുള്ള അനധികൃത നീക്കങ്ങൾക്കെതിരെ ഇറാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം. യുഎസ് ഈ മേഖലയിൽ സമുദ്ര ഇടപാടുകൾ നിലനിർത്താൻ ശ്രമിക്കുകയായിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ചർച്ചകൾക്ക് തയ്യാറാണെങ്കിലും വാഷിങ് ടണിന് സ്വീകാര്യമായ വ്യവസ്ഥകൾ അവർ മുന്നോട്ട് വയ്ക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇറാനെ ഒരിക്കലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും, ആവശ്യമെങ്കിൽ വീണ്ടും സൈനിക നടപടിക്ക് ഉത്തരവിടുമെന്നും ട്രംപ് വ്യക്തമാക്കി.