സൗരയൂഥത്തിന് പുറത്തുനിന്നൊരു മൂന്നാമത്തെ അതിഥി. ധൂമകേതുവെന്ന് തോന്നിക്കുന്ന ത്രീ ഐ/അറ്റ്‌ലസിന്‍റെ വരവിനെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം നോക്കികാണുന്നത്. ഒക്ടോബർ 29ന് സൂര്യനോട് ഏറ്റവും അടുത്തെത്തിയിരിക്കുന്ന ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ശാസ്ത്രഞ്ജർ. അതേസമയം, വരുന്നത് ധൂമകേതുവാണോ? അന്യഗ്രഹ പേടകമാണേ? എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. അന്യഗ്രഹജീവികളുടെ സാന്നിധ്യം ഉറപ്പിക്കാവുന്ന പലതും ഇതിലുണ്ടെന്നാണ് ഹാർവാർഡ് പ്രൊഫസർ അവി ലോബ് സൂചിപ്പിക്കുന്നത്. ത്രീ ഐ/അറ്റ്‌ലസ് ഒരു പ്രകൃതിദത്ത വസ്തുവാണോ അതോ അസാധാരണമായ മറ്റെന്തെങ്കിലുമാണോ എന്ന് വൈകാതെ തന്നെ വെളിപ്പെടുമെന്നാണ് പ്രതീക്ഷ.
ഒക്ടോബർ 29ന് രാവിലെ 11:47നാണ് ധൂമകേതു സൂര്യനോട് ഏറ്റവും അടുത്തെത്തിയത്. ഇതിനെ പെരിഹെലിയോൺ എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു നിർണായക നിമിഷമാണെന്നായിരുന്നു ലോബ് അഭിപ്രായപ്പെട്ടത്. വാൽനക്ഷത്രത്തിന്റെ "ആസിഡ് ടെസ്റ്റ്" എന്നാണ് ആ നിമിഷത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. അതിൻ്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 3I/ATLAS ഒരു ബഹിരാകാശ പേടകമാണെങ്കിൽ, ദിശയോ വേഗതയോ മാറ്റാൻ അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് അതെന്നാണ് അദ്ദേഹത്തിൻ്റെ നിരീക്ഷണം.
നാസയും ജ്യോതിശാസ്ത്രജ്ഞരും ഇതുവരെ ഇതിനെ വിശേഷിപ്പിച്ചത് അന്യഗ്രഹത്തിൽ നിന്നും സൗരയൂഥത്തിന് അരികിലൂടെ പായുന്ന മൂന്നാമത്തെ വസ്തുവായിട്ടാണ്. 2017ൽ ഔമുവാമുവയും 2019ൽ ബോറിസോവും ഇത്തരത്തിൽ കടന്നുപോയിരുന്നു. ഹബിൾ ബഹിരാകാശ ദൂരദർശിനി ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന അവയുടെ ചിത്രങ്ങൾ പോലും പകർത്തിയിട്ടുണ്ട്.
ഈ നിഗൂഢ വസ്തു അന്യഗ്രഹജീവികളുടെ സാങ്കേതികവിദ്യയായിരിക്കാമെന്ന് അനുമാനിക്കുന്ന ഒരു പ്രബന്ധം ഡോ. അവി ലോബിന്റെ നേതൃത്വത്തിലുള്ള മൂന്ന് ഗവേഷകർ അടുത്തിടെ പുറത്തിറക്കിരുന്നു. ത്രീ ഐ/അറ്റ്‌ലസിന്‍റെ അസാധാരണമായ പാതയാണ് ഇത്തരത്തില്‍ ഒരു അനുമാനത്തിലെത്താന്‍ കാരണം. കൃത്യമായി നിയന്ത്രിക്കപ്പെടുന്ന രീതിയിലാണ് ത്രീ ഐ/അറ്റ്‌ലസിന്‍റെ യാത്രയും പെരുമാറ്റവുമെന്നാണ് പ്രബന്ധത്തില്‍ പറയുന്നത്.
ത്രീ ഐ/അറ്റ്‌ലസ് സ്വാഭാവികമായ ഒന്നായാണ് കാണപ്പെടുന്നതെങ്കിലും സാധാരണ വാൽനക്ഷത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന എട്ട് അസാധാരണ സ്വഭാവവിശേഷങ്ങൾ ഇതിൽ കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അസാധാരണമായ പാതയാണ് ഇത്തരത്തില്‍ ഒരു അനുമാനത്തിലെത്താന്‍ കാരണം. കൃത്യമായി നിയന്ത്രിക്കപ്പെടുന്ന രീതിയിലാണ് ത്രീ ഐ/അറ്റ്‌ലസിന്‍റെ യാത്രയും പെരുമാറ്റവുമെന്നാണ് ലോബ് പറയുന്നത്. 20 കിലോമീറ്റർ വ്യാസമെങ്കിലും ഇതിനുണ്ടാകാമെന്നും ഇത്ര ഭീമാകാരമായ വസ്തു എങ്ങിനെ എത്തിയെന്നത് അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു. ഇത്രയധികം മാസുള്ള വസ്തു സൗരയൂഥത്തിനകത്ത് എത്താന്‍ സാധാരണയായി 10,000 വർഷമെങ്കിലും അദ്ദേഹം വ്യക്തമാക്കി.
ത്രീ ഐ/അറ്റ്‌ലസിന്‍റെ ഭ്രമണപഥം ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളുമായി വളരെ അടുത്തായാണ് കാണിക്കുന്നത്. ഇത് അപൂർവമായ ഒന്നാണെന്നും അദ്ദേഹം പറയുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സൂര്യനിലേക്കുള്ള ഒരു ജെറ്റ് അല്ലെങ്കിൽ ആന്റി-ടെയിൽ ഇതിൽ ദൃശ്യമായെന്നും അതൊരും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കൂടാതെ ഔമുവാമുവയേക്കാൾ ഒരു ദശലക്ഷം മടങ്ങ് പിണ്ഡമുള്ളതും 2I/ബോറിസോവിനേക്കാൾ വളരെ വലുതുമാണ് ത്രീ ഐ/അറ്റ്‌ലസ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു സ്വാഭാവിക വാൽനക്ഷത്രമാണെങ്കിൽ സൂര്യന്റെ ചൂടേറ്റ് അത് വിഘടിക്കുകയും വാതകവും പൊടിയുമടങ്ങിയ ഒരു തിളക്കമുള്ള മേഘം പുറപ്പെടുവിക്കാൻ കാരണമാകുമെന്നാണ് ലോബ് പറയുന്നത്. എന്നാൽ അത് കൃത്രിമമായ എന്തെങ്കിലും ആണെങ്കിൽ തന്ത്രപരമായി പ്രവർത്തിക്കുകയോ, കൂടുതൽ തിളക്കത്തോടെ ചെറിയ പേടകങ്ങൾ പുറത്തുവിടുകയോ ചെയ്തേക്കാം. ഇത് നൂതന സാങ്കേതികവിദ്യയുടെ ലക്ഷണങ്ങളായിരിക്കാമെന്നും ലോബ് വ്യക്തമാക്കുന്നു.
അന്യഗ്രഹ സാങ്കേതികവിദ്യയുടെ സാധ്യത വളരെ വലുതായിരിക്കും, നമ്മൾ അത് ഗൗരവമായി കാണണം. ഏതൊരു ശാസ്ത്ര ഫിക്ഷൻ കഥയ്ക്കും കഴിയുന്നതിനേക്കാൾ കൂടുതൽ പ്രകൃതി പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുമെന്നും ലോബ് പറയുന്നു. അതേസമയം, ത്രീ ഐ/അറ്റ്‌ലസ് ഭൂമിക്ക് ഭീഷണിയല്ലെന്നും വളരെ അകലെയായി തുടരുമെന്നുമാണ് നാസ സ്ഥിരീകരിക്കുന്നത്. അതിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതലറിയാൻ ശാസ്ത്രജ്ഞർ വരും മാസങ്ങളിൽ ഇത് നിരീക്ഷിക്കുന്നത് തുടരും.