യുഎസിലെ നോർത്ത് കരോലിനയിൽ പുതുവത്സര ദിനത്തിൽ ഐസിസ്(ISIS) ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എഫ്ബിഐ. ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെ പതിനെട്ടുകാരനായ നോർത്ത് കരോലിന സ്വദേശി ക്രിസ്റ്റൻ സ്റ്റർഡിവൻ്റിനെ എഫ്ബിഐ കസ്റ്റഡിയിലെടുത്തതായും യുഎസ് നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് പുതുവത്സര ആക്രമണം 2026 എന്നെഴുതിയ കുറിപ്പും കണ്ടെടുത്തു. 20 പേരെ കുത്തി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഇതിൽ വിവരിച്ചിരുന്നു.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പുതുവത്സരത്തിന് തലേ ദിവസം കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന് മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തതിനാൽ അപകടം ഒഴിവായതായും എഫ്ബിഐ വ്യക്തമാക്കി. പ്രദേശത്തെ ഒരു സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് ആക്രമണം നടത്താനായിരുന്നു ആസൂത്രണം ചെയ്തത്.
2022 ൽ മൈനറായിരുന്ന സമയം മുതൽ എഫ്ബിഐയുടെ നിരീക്ഷണത്തിലാണ് സ്റ്റർഡിവാൻ്റ്. വിദേശത്ത് ഒരു ഐസിസ് അംഗവുമായി അയാൾക്ക് ബന്ധമുണ്ടായിരുന്നതായും കറുത്ത വസ്ത്രം ധരിച്ച് ചുറ്റിക ഉപയോഗിച്ച് ആക്രമണം നടത്താനാണ് ഇയാൾക്ക് നിർദേശം ലഭിച്ചിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കത്തികളും ചുറ്റികകളും ഉപയോഗിച്ച് സ്റ്റർഡിവാൻ്റ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു. കോടതി രേഖകൾ പ്രകാരം, അണ്ടർകവർ ഉദ്യോഗസ്ഥരുമായി സ്റ്റർഡിവൻ്റ് തൻ്റെ പദ്ധതിയെക്കുറിച്ച് ഓൺലൈനിൽ വെളിപ്പെടുത്തിയിരുന്നു.
പൊലീസ് കൊല്ലുന്നതിനുമുമ്പ് ഒന്നിലധികം ആളുകളെ ആക്രമിക്കാനുള്ള പദ്ധതികളും സ്റ്റർഡിവൻ്റിൻ്റെ വീട്ടിൽ നിന്നും കണ്ടെടുത്ത കുറിപ്പുകളിൽ വിവരിച്ചിരുന്നതായാണ് റിപ്പോർട്ട്. ഒരു വിദേശ ഭീകര സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകാൻ ശ്രമിച്ചതിന് സ്റ്റർഡിവൻ്റിനെതിരെ കേസ് എടുത്തിട്ടുണ്ട്.