ന്യൂയോര്‍ക്ക്: 2035-ഓടെ ക്രൈസ്തവ വിഭാഗത്തെ മറികടന്ന് ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്ന് പ്രമുഖ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോർട്ട്. പ്യൂ ടെമ്പിൾട്ടൺ ഗ്ലോബൽ റിലീജിയസ് ഫ്യൂച്ചേഴ്സ് പ്രോജക്റ്റിന്റെ ഭാഗമായി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020 മുതൽ 2070 വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ, മുസ്ലിം ജനസംഖ്യകളിൽ രണ്ടിടത്തും വർദ്ധനവുണ്ടാകുമെങ്കിലും മുസ്ലിം ജനസംഖ്യ വേഗത്തിൽ വളരുമെന്നാണ് വിലയിരുത്തൽ. ലോകജനസംഖ്യയുടെ 99.98 ശതമാനത്തെയും ഉൾക്കൊള്ളുന്ന 201 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏഴ് പ്രമുഖ മത വിശ്വാസ വിഭാഗങ്ങളുടെ ഭാവി മാറ്റങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് മുസ്ലിം വിഭാഗമാണെന്നതാണ് ഈ വേഗത്തിലുള്ള വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് പ്യൂ റിസർച്ച് ചൂണ്ടിക്കാട്ടുന്നു. മുസ്ലിം സ്ത്രീകളിലെ ശരാശരി പ്രത്യുൽപാദന നിരക്ക്3.1 കുട്ടികളാണെങ്കിൽ ക്രൈസ്തവ സ്ത്രീകളിൽ ഇത് 2.5 ആണ്. ഒരു തലമുറയ്ക്ക് സ്വാഭാവികമായി ജനസംഖ്യ നിലനിർത്താൻ ഏകദേശം 2.1 എന്ന നിരക്കാണ് ആവശ്യമായി വരുന്നത്. സ്വാഭാവിക ജനസംഖ്യാ വളർച്ചയിലൂടെ 2070-ഓടെ മുസ്ലിം ജനസംഖ്യയിൽ 160 കോടി പേരുടെ വർദ്ധനവുണ്ടാകുമ്പോൾ ക്രൈസ്തവ വിഭാഗത്തിൽ ഇത് 79.2 കോടി ആയിരിക്കുമെന്നാണ് കണക്കുകൂട്ടൽ.
മതം മാറുന്നതോ മതവിശ്വാസം ഉപേക്ഷിക്കുന്നതോ വഴിയുള്ള നഷ്ടം മുസ്ലിം വിഭാഗത്തിൽ വളരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. പ്രവചന കാലയളവിൽ ഇസ്ലാമിലേക്ക് എത്തുന്നവരും വിട്ടുപോകുന്നവരും തമ്മിലുള്ള അന്തരം 80 ലക്ഷം പേരുടെ കുറവ് മാത്രമായിരിക്കുമ്പോൾ ക്രൈസ്തവ വിഭാഗത്തിൽ ഇത് 10.5 കോടിയാണ്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നവരിൽ ഭൂരിഭാഗവും നിരീശ്വരവാദികളായോ മതരഹിതരായോ മാറുന്ന പ്രവണതയാണ് കാണുന്നത്. അതേസമയം, ക്രിസ്ത്യാനികൾ ഇസ്ലാമിലേക്ക് മതം മാറുന്നതല്ല ഈ വളർച്ചയ്ക്ക് കാരണമെന്നും ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറുന്നവരുടെ എണ്ണം തിരിച്ചുള്ളതിനേക്കാൾ അല്പം കൂടുതലാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.
ഭൂമിശാസ്ത്രപരമായി പരിശോധിച്ചാൽ മുസ്ലിം ജനസംഖ്യാ വളർച്ചയുടെ 74 ശതമാനവും നിലവിൽ മുസ്ലിം ഭൂരിപക്ഷമുള്ള 53 രാജ്യങ്ങളിൽ തന്നെയായിരിക്കും സംഭവിക്കുക. 2070 ഓടെ ഈ രാജ്യങ്ങളിൽ മാത്രം 120 കോടി മുസ്ലിങ്ങൾ അധികമായുണ്ടാകും. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ ജനസംഖ്യയുടെ 95 ശതമാനവും 2070 ൽ മുസ്ലിങ്ങളാകും. പാകിസ്ഥാനിലെ മുസ്ലിം ജനസംഖ്യ 2020-ലെ 22.7 കോടിയിൽ നിന്ന് 2070ൽ 46.1 കോടിയായി ഇരട്ടിക്കുമെന്നും ഇതോടെ ഇന്തോനേഷ്യയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായി പാകിസ്ഥാൻ മാറുമെന്നും റിപ്പോർട്ട് പറയുന്നു.
ഏഷ്യ-പസഫിക് മേഖലയിൽ മതരഹിതരായവരുടെ എണ്ണത്തെ മുസ്ലിങ്ങൾ മറികടക്കും. സമാനമായി ക്രൈസ്തവ ജനസംഖ്യാ വളർച്ചയുടെ 92 ശതമാനവും നിലവിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള 120 രാജ്യങ്ങളിൽ തന്നെയായിരിക്കും. എങ്കിലും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, പ്രകൃതിദുരന്തങ്ങൾ, യുദ്ധങ്ങൾ തുടങ്ങിയവ ഈ പ്രവചനങ്ങളിൽ മാറ്റങ്ങളുണ്ടാക്കിയേക്കാമെന്നും പ്യൂ റിസർച്ച് സെന്റർ വ്യക്തമാക്കുന്നു.