കോംഗോയിൽ വിമതർ തകർത്ത വീടുകൾ 
WORLD

തെരുവില്‍ കെട്ടിയിട്ട് വാക്കത്തികൊണ്ട് വെട്ടിക്കൊന്നു; ഐഎസ് പിന്തുണയുള്ള വിമതരുടെ ക്രൂരത; കിഴക്കന്‍ കോംഗോയിൽ പൊലിഞ്ഞത് 52 പേരുടെ ജീവൻ

മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മോണസ്‌കോ മുന്നറിയിപ്പ് നൽകുന്നു

Author : ന്യൂസ് ഡെസ്ക്

കിഴക്കന്‍ കോംഗോയില്‍ 52 ഗ്രാമവാസികളെ കൂട്ടക്കൊല ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമതർ. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യമായ മോണസ്കോയാണ് വിവരം അറിയിച്ചത്. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന വിമത സംഘമാണ് ആക്രമണത്തിന് പിന്നിൽ. മോണസ്കോ റിപ്പോർട്ട് അനുസരിച്ച്, ഡിആർസി സൈന്യവും റുവാണ്ടൻ പിന്തുണയുള്ള എം23 വിമത ഗ്രൂപ്പും വെടിനിർത്തൽ കരാർ ലംഘിച്ചതായും ആരോപണമുണ്ട്.

ഓഗസ്റ്റ് 9നും 16നുമിടയിലാണ് കൊലപാതകങ്ങളുണ്ടായത്. ബെനി, ലുബെറോ പ്രദേശങ്ങളിൽ നടന്ന ക്രൂര കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്തുവരികയാണ്. വിമതർ വീടുകൾ തോറും കയറി കുട്ടികളെയടക്കം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുരുഷന്മാരെ തെരുവില്‍ കെട്ടിയിട്ട് വാക്കത്തികള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മോണസ്‌കോ മുന്നറിയിപ്പ് നൽകുന്നു.

ആക്രമികൾ നിരവധി വീടുകള്‍ക്കും വാഹനങ്ങൾക്കും തീയിട്ടതായും ഐക്യരാഷ്ട്രസഭയും സൈനിക വൃത്തങ്ങളും റിപ്പോർട്ട് ചെയ്യുന്നു. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ടതിൻ്റെ പ്രതികാരമായായിരുന്നു അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന വിമത സംഘത്തിന്‍റെ ആക്രമണം.

കഴിഞ്ഞ മാസങ്ങളിൽ നിരവധി സമാധാന കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഡിആർസി സൈന്യവും എം23 ഗ്രൂപ്പും തമ്മിലുള്ള സംഘർഷം തുടരുകയാണ് ഇതിനിടെയാണ് സാധാരണക്കാർക്ക് നേരെയുള്ള പുതിയ ആക്രമണം. ഓഗസ്റ്റ് 18-നകം സ്ഥിരമായ സമാധാന കരാറിൽ ഒപ്പുവെക്കാമെന്ന് സർക്കാരും എം23-ഉം സമ്മതിച്ചിരിന്നെങ്കിലും, ഇതുവരെ ഒരു കരാറും പ്രഖ്യാപിച്ചിട്ടില്ല.

SCROLL FOR NEXT