ഡൊണാള്‍ഡ് ട്രംപ്, ബെഞ്ചമിന്‍ നെതന്യാഹു Source: News Malayalam 24X7
WORLD

ലോകം മറുചേരിയില്‍, ഒപ്പം നില്‍ക്കാന്‍ ട്രംപ്; 'വളഞ്ഞവഴിയില്‍' നെതന്യാഹു യുഎന്നില്‍ എത്തുമ്പോള്‍

ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും പലസ്തീന്‍ നയങ്ങള്‍ക്ക് ആഗോളതലത്തില്‍ തന്നെ ഇത്രയധികം തിരിച്ചടി നേരിട്ടൊരു കാലം ഉണ്ടായിട്ടില്ലെന്ന് പറയാം.

Author : എസ്. ഷാനവാസ്

ഗാസയിലെ വംശഹത്യക്കുനേരെ ലോകം വിരല്‍ ചൂണ്ടിനില്‍ക്കുമ്പോഴാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎന്‍ പൊതുസഭയിലെത്തുന്നത്. ദീര്‍ഘകാല സഖ്യകക്ഷികളായിരുന്ന രാജ്യങ്ങള്‍ പോലും അകന്നുതുടങ്ങിയിരിക്കുന്നു. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറാകുന്നു. യൂറോപ്യന്‍ യൂണിയന്‍ താരിഫുകളും ഉപരോധങ്ങളുമായി നയം വ്യക്തമാക്കുന്നു. രാജ്യാന്തര കായികവേദികളിലും സാംസ്കാരിക പരിപാടികളിലും ഇസ്രയേലിനൊപ്പം പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരും കൂടുന്നു. ചില രാജ്യങ്ങളെങ്കിലും ഇസ്രയേല്‍ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നില്ല. ഇങ്ങനെ ലോകമാകെ മാറിചിന്തിക്കുന്ന കാലത്താണ് സ്വന്തം പക്ഷം പറയാന്‍ നെതന്യാഹു യുഎന്നിലേക്ക് എത്തുന്നത്. ഏത് എതിര്‍പ്പുകളിലും യുഎസും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒപ്പമുണ്ടാകും എന്നതാണ് നെതന്യാഹുവിന്റെ പ്രതീക്ഷയും ധൈര്യവും.

ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും പലസ്തീന്‍ നയങ്ങള്‍ക്ക് ആഗോളതലത്തില്‍ തന്നെ ഇത്രയധികം തിരിച്ചടി നേരിട്ടൊരു കാലം ഉണ്ടായിട്ടില്ലെന്ന് പറയാം. പാശ്ചാത്യ സഖ്യരാജ്യങ്ങള്‍ ഉള്‍പ്പെടെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെടുന്നുണ്ട്. പതിനായിരങ്ങളുടെ മരണത്തിന് കാരണമായ യുദ്ധത്തിനൊപ്പം ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമായതിനു പിന്നാലെയായിരുന്നു ആവശ്യം. യുദ്ധക്കെടുതിയില്‍ കഴിയുന്ന ജനതയെ മനപൂര്‍വം പട്ടിണിയിലേക്ക് തള്ളിവിടുന്ന തരത്തില്‍ സഹായവിതരണം തടസപ്പെടുത്തുന്ന ഇസ്രയേല്‍ നയങ്ങളെയും അവര്‍ വിമര്‍ശിച്ചിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ എന്നിങ്ങനെ പത്തോളം രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുവന്നു. മരണം കാത്തുകിടക്കുന്ന സമാധാനപ്രക്രിയകള്‍ക്ക് അത് പുതുജീവന്‍ നല്‍കുമെന്നായിരുന്നു പ്രതീക്ഷ.

അടുത്ത സഖ്യകക്ഷികളിലൊന്നായ ജര്‍മനി വെടിനിര്‍ത്തലിനോ, പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രത്തിനോ വേണ്ടി നിലപാടെടുത്തിട്ടില്ലെങ്കിലും, സൈനിക കയറ്റുമതികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍നിന്ന് കേള്‍ക്കുന്നത് വംശഹത്യ ആരോപണമാണ്. നരവംശ ശാസ്ത്രജ്ഞര്‍, രാജ്യാന്തര രാഷ്ട്രീയ വിദഗ്ധര്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവരും സമാന നിലപാട് മുന്നോട്ടുവയ്ക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇസ്രയേലിനെതിരെ വംശഹത്യ ആരോപണങ്ങള്‍ ഉന്നയിച്ച്, നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റും നേടി.

പക്ഷേ, ഇതൊന്നും നെതന്യാഹുവിനെ ഏശിയിട്ടില്ല. ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വാഴ്ച. ആഗോളമായി ബഹിഷ്കരിക്കപ്പെട്ടാലും, ഒറ്റപ്പെടുത്തിയാലും നിലനില്‍ക്കാന്‍ പ്രാപ്തനാണ് എന്നൊരു ആത്മവിശ്വാസമാകാം നെതന്യാഹു പുലര്‍ത്തുന്നത്. ഗാസയില്‍ കരയുദ്ധത്തിന് തുടക്കമിട്ടതിനു പിന്നാലെ നടത്തിയ പ്രസംഗത്തില്‍ അതിന്റെയൊരു ധ്വനി കാണാം. ഇസ്രയേല്‍ സ്വയംപര്യാപ്തവും സൈനികവത്കരിക്കപ്പെട്ടതുമായ ഒരു 'സൂപ്പര്‍ സ്പാര്‍ട്ട' ആയി മാറ്റപ്പെട്ടേക്കാം എന്നാണ് നെതന്യാഹു അന്ന് പറഞ്ഞത്. രാജ്യത്തെ ഓഹരി വിപണിയെ ഉള്‍പ്പെടെ ബാധിച്ചതിനെത്തുടര്‍ന്ന് പ്രസ്താവനയില്‍നിന്ന് പിന്നാക്കം പോയെങ്കിലും, എന്തിനും ഏതിനുമുള്ള തയ്യാറെടുപ്പിലാണ് നെതന്യാഹു എന്ന വെളിപ്പെടുത്തല്‍ തന്നെയായിരുന്നു ആ വാക്കുകള്‍.

എല്ലായ്‌പ്പോഴും അചഞ്ചലമായൊരു പിന്തുണ നെതന്യാഹുവിന് ലഭിക്കുന്നുണ്ട്. അത് മറ്റെങ്ങും നിന്നല്ല, യുഎസ് പ്രസിഡന്റ് ട്രംപില്‍ നിന്നാണ്. ആഗോളരോഷത്തില്‍നിന്നെല്ലാം ഇസ്രയേലിനും നെതന്യാഹുവിനും സംരക്ഷണം തീര്‍ക്കുന്നത് ട്രംപ് മാത്രമാണ്. എന്നാല്‍, ഗാസയിലെ ഏറ്റവും പുതിയ ആക്രമണം, ട്രംപിന്റെ സമാധാനപ്രഖ്യാപനങ്ങളെ അപ്പാടെ തകിടംമറിക്കുന്നതാണ്. വെടിനിര്‍ത്തല്‍ അത്ര വേഗത്തില്‍ നടപ്പാകില്ലെന്നത് റിപ്പബ്ലിക്കന്‍മാര്‍ക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പലസ്തീന്‍ അനുകൂല, ഇസ്രയേല്‍ വിരുദ്ധ മുന്നേറ്റങ്ങള്‍ യുഎസിലും സംഭവിക്കുന്നുണ്ട്. അഭിപ്രായ സര്‍വേകളിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ട്രംപിന്റെ ഇസ്രയേല്‍ അനുകൂല നയങ്ങളോട് ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ അഭിപ്രായ സര്‍വേകളിലും പരസ്യമായും അനിഷ്ടം അറിയിക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയിലും അഭിപ്രായഭിന്നതകളുണ്ട്.

എതിര്‍പ്പുകള്‍ ഉയരുമ്പോഴും നെതന്യാഹുവിനെ കൈവിടാന്‍ ട്രംപ് ഒരുക്കമല്ല. ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറായപ്പോഴും, പിന്നീട് അത് ലംഘിച്ച് വെടിവെപ്പ് തുടര്‍ന്നപ്പോഴും, ഭക്ഷണവും മരുന്നുമൊക്കെ മുടക്കി കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളെ പട്ടിണിക്കിട്ട് കൊന്നപ്പോഴുമെല്ലാം ട്രംപിന്റെ പിന്തുണ തെല്ലും കുറഞ്ഞില്ല. യുഎസില്‍ ഉടലെടുത്ത ഇസ്രേയല്‍ വിരുദ്ധതയോ, ലോകരാജ്യങ്ങളുടെ എതിര്‍പ്പുകളോ ഒന്നും ട്രംപിനും പ്രശ്നമല്ലായിരുന്നു. എന്തുവന്നാലും ട്രംപ് കൂടെയുണ്ടാകും എന്നൊരു ഉറപ്പ് നെതന്യാഹുവിനും ഉണ്ട്. യുഎന്നിലെ അംഗരാജ്യങ്ങള്‍ മൊത്തം എതിരുനിന്നാലും സുരക്ഷാ സമിതി അംഗമായ, വീറ്റോ അധികാരമുള്ള യുഎസ് ഒപ്പമുള്ളതു തന്നെയാണ് നെതന്യാഹുവിന്റെ ധൈര്യം.

ഇതൊക്കെയാണെങ്കിലും, ചില ആശങ്കകള്‍ നെതന്യാഹുവിനെ ബാധിച്ചിട്ടുണ്ട്. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്ര അതിനൊരു ഉദാഹരണമാണ്. ഗ്രീസ്, ഇറ്റലി അതിർത്തിയിലൂടെ മെഡിറ്ററേനിയൻ കടന്ന് ജിബ്രാൾട്ടർ കടലിടുക്കിലൂടെ യൂറോപ്യൻ രാജ്യങ്ങളെ തൊടാതെയാണ് നെതന്യാഹു ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഫ്രഞ്ച് വിമാനത്താവളം ഉള്‍പ്പെടുന്ന മധ്യ യൂറോപ്പിലൂടെ നേരിട്ട് യുഎസിലേക്ക് എത്താമെന്നിരിക്കെ, 600 കിലോമീറ്ററോളമാണ് നെതന്യാഹു അധികം യാത്ര ചെയ്തത്. യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍ കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ, രാജ്യത്ത് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് യൂറോപ്പിലെ ഐസിസി അംഗരാജ്യങ്ങളില്‍ ചിലര്‍ നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് നെതന്യാഹുവിന്റെ വളഞ്ഞവഴി യാത്ര. ഏതെങ്കിലും സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എവിടെയെങ്കിലും ലാന്‍ഡിങ് വേണ്ടിവന്നാല്‍, അറസ്റ്റിലായേക്കുമെന്ന പേടി നെതന്യാഹുവിനെ ബാധിച്ചിട്ടുണ്ടെന്ന് ചുരുക്കം.

ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്: യുഎസ് വിസ നിഷേധിച്ചതിനാല്‍ പലസ്തീന്‍ പ്രധാനമന്ത്രി മഹ്‌മൂദ് അബ്ബാസിന് യുഎന്‍ സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കാനായിരുന്നില്ല. പകരം, വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തത്. 20, 21 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഇസ്രയേല്‍ നടത്തുന്നത് എന്നായിരുന്നു മഹ്‌മൂദ് അബ്ബാസിന്റെ വാക്കുകള്‍. "ഇസ്രയേല്‍ നടത്തുന്നത് മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യമാണ്. പലസ്തീന്‍ ഞങ്ങളുടേതാണ്. ഞങ്ങളൊരിക്കലും ആ മണ്ണ് വിട്ട് പോകില്ല". സമ്മേളനവേദിയിലേക്ക് ഒരു വളഞ്ഞവഴിയും നോക്കിയില്ല, പക്ഷേ പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ട്. കാതുള്ളവര്‍ കേള്‍ക്കട്ടെ.

SCROLL FOR NEXT