ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു Source: X/ Benjamin Netanyahu, Donald Trump
WORLD

"ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ മാസങ്ങൾക്ക് മുമ്പേ പദ്ധതിയിട്ടു"; ഫെബ്രുവരിയിൽ വിവരം ട്രംപിനെ അറിയിച്ചെന്നും റിപ്പോർട്ട്

ഫെബ്രുവരിയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ, ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് ഓവൽ ഓഫീസിൽ വെച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ ഒരു അവതരണം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ മാസങ്ങൾക്ക് മുമ്പേ പദ്ധതിയിട്ടിരുന്നെന്നും ഇക്കാര്യം യുഎസ് പ്രസിഡൻ്റായ ട്രംപിനെ 2025 ഫെബ്രുവരിയിൽ തന്നെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പതനത്തിനും, സിറിയയിലെ അസദ് ഭരണകൂടത്തിൻ്റെ പതനത്തിനും ശേഷം ഡിസംബറിൽ ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ പദ്ധതിയിടാൻ തുടങ്ങിയെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഫെബ്രുവരിയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ, ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് ഓവൽ ഓഫീസിൽ വെച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ ഒരു അവതരണം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.

തുടക്കത്തിൽ ആക്രമണത്തിൽ പങ്കുചേരുകയോ വിസമ്മതിക്കുകയോ ചെയ്യുന്നതിന് പകരം, ട്രംപ് മൗനസമ്മതം നൽകിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ ആക്രമണങ്ങൾക്ക് യുഎസ് ഇൻ്റലിജൻസ് സമൂഹത്തിൽ നിന്ന് രഹസ്യ പിന്തുണ ഉറപ്പാക്കാൻ ട്രംപ് തയ്യാറായി. കഴിഞ്ഞ ഏതാനും മാസങ്ങളിലും ദിവസങ്ങളിലുമായി ഇറാനെക്കുറിച്ചുള്ള ട്രംപിൻ്റെ ചിന്താഗതിയിൽ ഉണ്ടായിട്ടുള്ള പ്രകടമായ മാറ്റത്തെക്കുറിച്ചും ഈ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ട്രംപ് വെള്ളിയാഴ്ച രാവിലെ ഉറക്കമുണർന്നപ്പോൾ, അദ്ദേഹത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട ടിവി ചാനലായ ഫോക്സ് ന്യൂസിലൂടെ ഇസ്രയേലിൻ്റെ സൈനിക നീക്കങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ട്രംപിന് സ്വയം പ്രശംസിക്കാതിരിക്കാനും കഴിഞ്ഞില്ലെന്ന് ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ പറയുന്നു.

ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്ക നേരിട്ട് ഇടപെടുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചതോടെ, നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ലേഖനം പറഞ്ഞുവെക്കുന്നുണ്ട്.

SCROLL FOR NEXT