വടക്കൻ ഗാസ നഗരത്തിലെ അൽ ബഖ എന്ന കടൽത്തീര കഫേയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 39 പേരാണ് കൊല്ലപ്പെട്ടത്. Source: X/ Ph.Gritti
WORLD

ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; തിങ്കളാഴ്ച മാത്രം കൊല്ലപ്പെട്ടത് 95 പേർ

കഫെ, സ്കൂൾ, ഭക്ഷണ വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് സ്ഫോടനം നടത്തിയത്. ഗാസ നഗരത്തിലും നഗര പ്രവിശ്യയുടെ വടക്കുമായി 62 പേരാണ് കൊല്ലപ്പെട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Author : ന്യൂസ് ഡെസ്ക്

പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ സൈന്യം കൂട്ടക്കുരുതി തുടരുന്നു. തിങ്കളാഴ്ച മാത്രം വിവിധയിടങ്ങളിലായി ഇസ്രയേൽ സേന നടത്തിയ സ്ഫോടനങ്ങളിൽ 95 പേരാണ് കൊല്ലപ്പെട്ടത്. കഫെ, സ്കൂൾ, ഭക്ഷണ വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് സ്ഫോടനം നടത്തിയത്. ഗാസ നഗരത്തിലും നഗര പ്രവിശ്യയുടെ വടക്കുമായി 62 പേരാണ് കൊല്ലപ്പെട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

വടക്കൻ ഗാസ നഗരത്തിലെ അൽ ബഖ എന്ന കടൽത്തീര കഫേയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 39 പേരാണ് കൊല്ലപ്പെട്ടത്. ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ മാധ്യമ പ്രവർത്തകൻ ഇസ്മായിൽ അബു ഹതാബും കഫേയിൽ തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇസ്രയേൽ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു.

തിങ്കളാഴ്ചയും ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിലെ യാഫ സ്കൂളിന് നേരെ ബോംബാക്രമണം നടത്തി. നൂറുകണക്കിന് പലസ്തീനികൾ അഭയം പ്രാപിച്ച സ്ഥലമായിരുന്നു അത്. മധ്യ ഗാസയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ അഭയം തേടിയിരുന്ന ദെയ്ർ എൽ ബലാഹിലെ അൽ അഖ്‌സ ആശുപത്രിയുടെ മുറ്റവും ഇസ്രയേൽ സൈന്യം ആക്രമിച്ചു.

ഇസ്രയേലിന്റെ ആക്രമണത്തെ ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് ശക്തമായി അപലപിച്ചു. പലസ്തീൻ്റെ ആരോഗ്യ സംവിധാനത്തിനെതിരായ വ്യവസ്ഥാപിത കുറ്റകൃത്യമാണിതെന്ന് അവർ വിശേഷിപ്പിച്ചു. ആശുപത്രി പരസരത്ത് ടെൻ്റിൽ താമസിച്ചിരുന്ന അഭയാർഥികൾക്ക് നേരെ ഇസ്രയേൽ വ്യോമസേന ബോംബിട്ടത്. ഗാസയിലെ ആരോഗ്യ സംരക്ഷണ സംവിധാനം ഇസ്രയേൽ ആസൂത്രിതമായി നശിപ്പിച്ചതായി മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള വിദഗ്ധരും ആരോപിച്ചു. 22 മാസത്തെ ഗാസ യുദ്ധത്തിനിടെ ഡസൻ കണക്കിന് ആശുപത്രികളെ ഇസ്രയേൽ സൈന്യം പലതവണ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പലസ്തീനികൾ കൊല്ലപ്പെട്ടു. വിവാദമായ അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നടത്തുന്ന ഖാൻ യൂനിസിലെ സഹായ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെയാണ് ആക്രമണം. ആക്രമണത്തിൽ അമ്പത് പേർക്ക് പരിക്കേറ്റെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. മെയ് അവസാനത്തോടെ ഗാസയിൽ പരിമിതമായ സഹായ വിതരണങ്ങൾ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഏറ്റെടുത്ത ശേഷം ഏകദേശം 600 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

SCROLL FOR NEXT