ഗാസ മുനമ്പിൽ ഹമാസിൻ്റെ പ്രധാന തുരങ്കം കണ്ടെത്തി ഇസ്രയേൽ സേന. ഇസ്രയേൽ ലെഫ്.ഹദർ ഗോൾഡിൻ്റെ മൃതദേഹം അടുത്തിടെ ഹമാസ് സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. 2014 ലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഗാസയിൽ നടന്ന ആക്രമണത്തിനിടെയായിരുന്നു ഗോൾഡിൻ കൊല്ലപ്പെട്ടത്. ഈ മാസം ആദ്യമാണ് തുരങ്കത്തിൽ നിന്നും ഇദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രയേൽ സേന കണ്ടെടുത്തത്.
ഈ തുരങ്കത്തിൻ്റെ വീഡിയോയും ഐഡിഎഫ് എക്‌സിലെ എക്സിലൂടെ പുറത്തുവിട്ടു. ജനസാന്ദ്രതയുള്ള റാഫയുടെ സമീപത്തൂടെ കടന്നു പോകുന്ന തുരങ്കം പാലസ്തീൻ അഭയാർഥികൾ താമസിക്കുന്ന കോമ്പൗണ്ടിലൂടെയും, പള്ളികൾ, ക്ലിനിക്കുകൾ, കിൻ്റർഗാർട്ടനുകൾ എന്നിവയുടെയും താഴത്തു കൂടിയാണ് കടന്നു പോകുന്നത്.
ആയുധങ്ങൾ സൂക്ഷിക്കുന്നതിനും, ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും,താമസത്തിനുമായിട്ടാണ് ഹമാസ് ഈ തുരങ്കം ഉപയോഗിച്ചിരുന്നത്. ഏഴ് കിലോമീറ്ററിലധികം നീളവും 25 മീറ്റർ ആഴവുമുള്ള തുരങ്കത്തിൽ ഏകദേശം 80 മുറികളുണ്ട്. കൊല്ലപ്പെട്ട ഹമാസ് നേതാവ് മുഹമ്മദ് സിൻവാറും, മുഹമ്മദ് ഷബാനയും ഉൾപ്പെടെയുള്ള മുതിർന്ന ഹമാസ് കമാൻഡർമാർ കമാൻഡ് പോസ്റ്റുകളായി ഉപയോഗിച്ചിരുന്ന മുറികളും സൈന്യം കണ്ടെത്തി.
അതേസമയം, വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും വ്യാഴാഴ്ച തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖാൻ യൂനിസിന് കിഴക്കുള്ള ബാനി സുഹൈല പട്ടണത്തിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു പെൺകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മറ്റൊരു ആക്രമണത്തിൽ അടുത്തുള്ള അബാസാൻ പട്ടണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.