ജറുസലേം: അധികാരത്തില്‍ തുടരാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിനെ ക്ഷണിച്ച് പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. നാലാഴ്ചയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഉള്ള സമയ പരിധി.
67 നിയമസഭാംഗങ്ങളുടെ പിന്തുണയോടെയാണ് ഐസന്‍കോട്ട് അധികാരത്തിലേക്ക് അടുക്കുന്നത്. ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിനെ പുറത്താക്കിക്കൊണ്ട് പുതിയ സഖ്യം കെട്ടിപ്പടുക്കാന്‍ ഐസന്‍കോട്ടിന് ഇനി 28 ദിവസത്തെ സമയമുണ്ട്.
കെന്നസെറ്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ നിര്‍ണായക നീക്കം. രാജ്യത്തിന്റെ ദീര്‍ഘകാല രാഷ്ട്രീയ ചരിത്രത്തിന് മാറ്റം കുറിക്കാന്‍ ഐസന്‍കോട്ടിന് ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിത്. 120 അംഗ പാര്‍ലമെന്റില്‍ 67 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഐസന്‍കോട്ട് പ്രസിഡന്റിനെ അറിയിച്ചത്.
ഞായറാഴ്ച പ്രാദേശിക സമയം അഞ്ച് മണിയോടെ ജറുസലേമിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഐസന്‍കോട്ടിന് അധികാരപത്രം കൈമാറും. നെതന്യാഹുവുമായും ഐസന്‍കോട്ടുമായും ഇതു സംബന്ധിച്ച് പ്രസിഡന്റ് ചര്‍ച്ച നടത്തിയതായാണ് വിവരം.