ജറുസലേം: ഇസ്രായേലിൽ അടുത്ത സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ചുമതല പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങിയതിന് പിന്നാലെ, ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടിയായ ലിക്കുഡിനെയും സഖ്യകക്ഷിയായ റിലീജിയസ് സയണിസത്തെയും പുതിയ സർക്കാരിന്റെ ഭാഗമാകാൻ ക്ഷണിച്ച് മുൻ കരസേനാ മേധാവിയും യാഷർ പാർട്ടി നേതാവുമായ ഗാഡി ഐസൻകോട്ട്. "ഇത് ഐക്യത്തിനുള്ള സമയമാണ്" എന്ന് പ്രഖ്യാപിച്ച ഐസൻകോട്ട്, താൻ മുന്നോട്ടുവെക്കുന്ന കർശനമായ ഭരണതത്വങ്ങൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ഇരുപാർട്ടികൾക്കും സർക്കാരിൽ പങ്കാളികളാകാമെന്ന് വ്യക്തമാക്കി.
എന്നാൽ നെതന്യാഹുവുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. പ്രസംഗത്തിലുടനീളം നെതന്യാഹുവിന്റെ പേര് പരാമർശിക്കാതിരുന്ന അദ്ദേഹം, 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണ സമയത്ത് രാജ്യത്തിന്റെ ഉന്നത അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന ആരും ഇനി പൊതുജീവിതത്തിൽ തുടരാൻ പാടില്ലെന്ന കർശന വ്യവസ്ഥയും മുന്നോട്ടുവെച്ചു.
ഇസ്രായേൽ രാഷ്ട്രം അതീവ വെല്ലുവിളി നിറഞ്ഞ ഒരു ചരിത്രഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിലവിലെ അവസ്ഥ തുടർന്നാൽ തിരിച്ചുപോക്കില്ലാത്ത വലിയ ഇരുട്ടിലേക്ക് രാജ്യം വീണുപോകുമെന്നും ഐസൻകോട്ട് മുന്നറിയിപ്പ് നൽകി. ഇസ്രായേലിനെ യഹൂദ, ജനാധിപത്യ രാജ്യമായി നിലനിർത്തുക, സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ മൂല്യങ്ങൾ മുറുകെപ്പിടിക്കുക, രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തുക, ഹമാസിനെ പൂർണ്ണമായി ഉന്മൂലനം ചെയ്യുക എന്നീ നാല് അടിസ്ഥാന തത്വങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്.
ഈ തത്വങ്ങൾ അംഗീകരിച്ച് ഇസ്രായേലിന്റെ സുരക്ഷയ്ക്കും ഭാവിക്കും വേണ്ടി ധീരമായ തീരുമാനങ്ങൾ എടുക്കാൻ തയ്യാറുള്ള ആർക്കും തന്റെ സർക്കാരിലേക്ക് സ്വാഗതമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഐക്യസർക്കാരിന് ആഹ്വാനം ചെയ്ത നെതന്യാഹുവിന്റെ നീക്കത്തെ രാഷ്ട്രീയ വിലപേശലിനുള്ള പൊള്ളയായ തന്ത്രമെന്ന് അദ്ദേഹം പരിഹസിച്ചു.
അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ സ്വന്തം സഖ്യകക്ഷികൾക്കിടയിൽ തന്നെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ലിക്കുഡ് പക്ഷത്തെ ഒപ്പം നിർത്താനുള്ള തന്ത്രപരമായ നീക്കവുമായി ഐസൻകോട്ട് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിറിന്റെ പാർട്ടിയെ ഐസൻകോട്ട് ചർച്ചകളിലേക്ക് ക്ഷണിച്ചതേയില്ല.
നെതന്യാഹുവിനെ പൂർണ്ണമായി മാറ്റിനിർത്തി, ലിക്കുഡിലെ മധ്യവർത്തി നിലപാടുള്ള നേതാക്കളെയും ജനപ്രതിനിധികളെയും ഒപ്പം നിർത്തി ഭൂരിപക്ഷം ഉറപ്പാക്കാനാണ് ഐസൻകോട്ടിന്റെ നീക്കം. ഇതോടെ ഇസ്രായേൽ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന നെതന്യാഹു യുഗത്തിന് അന്തിമ തിരശ്ശീല വീഴുമോ എന്ന ആകാംക്ഷയിലാണ് ആഗോള സമൂഹം.