ഇറാൻ്റെ ഇസ്‌ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണവുമായി ഇസ്രയേൽ.
വടക്കൻ ഇസ്രയേലിൽ ഇറാൻ കനത്ത വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് തുടർച്ചയായ റോക്കറ്റ് ആക്രമണം ഉണ്ടായതിനെ തുടർന്ന് വടക്കൻ നിവാസികൾക്ക് അവരുടെ ബോംബ് ഷെൽട്ടറുകൾ ഉപേക്ഷിക്കാമെങ്കിലും അവയ്ക്ക് സമീപം തന്നെ തുടരണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാത്രി മുതൽ ഇസ്രയേലിൻ്റെ തലസ്ഥാനമായ ടെൽ അവീവിനും ജെറുസലേമിനും നേരെ ഇറാൻ കനത്ത മിസൈലാക്രമണമാണ് നടത്തുന്നത്. ഈ ആക്രമണങ്ങളിൽ രണ്ട് പേർ മരിക്കുകയും, 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഈ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇസ്രയേലിന് നേരെ വീണ്ടും മിസൈലുകൾ തൊടുത്തുവിട്ട് ഇറാൻ. ജനങ്ങൾ ബോംബ് ഷെൽട്ടറുകളിൽ തന്നെ തുടരണമെന്ന് ഇസ്രയേൽ സേനയുടെ നിർദേശം. അപകട സൈറണുകൾ മുഴങ്ങുന്നു.
സെൻട്രൽ ഇസ്രയേലിൽ ഇറാൻ്റെ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഹക്കീമിയേഹ്, ടെഹ്റാൻപാർസ് ഉൾപ്പെടെയുള്ള കിഴക്കൻ തെഹ്റാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിൽ തുടർ സ്ഫോടനങ്ങൾ. ഇസ്രയേൽ തിരിച്ചടിക്കുന്നുവെന്ന് റിപ്പോർട്ട്.
യെമനിൽ പറത്തിവിട്ട മൂന്ന് ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു.
സെൻട്രൽ ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ 14 പേർക്ക് പരിക്ക്. 60 വയസുകാരിയായ വീട്ടമ്മ ഗുരുതരാവസ്ഥയിലെന്ന് ടി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ വോൾഫൻ മെഡിക്കൽ സെൻ്റർ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ സെൻട്രൽ ഇസ്രയേലിൽ ജനവാസ മേഖലയിലേക്ക് ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഒരു മരണം. നിലവിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. മൂന്ന് പേരുടെ നില അതീവ ഗുരുതരം. പ്രദേശത്തെ തകർന്ന കെട്ടിടത്തിനുള്ളിൽ രണ്ട് പേർ കുടുങ്ങിക്കിടപ്പുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്ന് രാവിലെ സെൻട്രൽ ഇസ്രയേലിൽ ജനവാസ മേഖലയിലേക്ക് ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് മരണം. റിഷോൻ ലെസിയോണിൽ മിസൈൽ പതിച്ചതിനെ തുടർന്ന് 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 78 പേർ കൊല്ലപ്പെടുകയും 320 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് സ്ഥിരീകരിച്ച് ഇറാൻ സർക്കാർ. ഇസ്രയേൽ വ്യോമ സേനയുടെ 200ലേറെ യുദ്ധ വിമാനങ്ങളാണ് ഇന്ന് പുലർച്ചെ ഇറാനിൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് എഫ്ഫി ഡെഫ്രിൻ അറിയിച്ചു.
നൂറോളം ലക്ഷ്യസ്ഥാനങ്ങളിൽ മുന്നൂറിലേറെ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാൻ്റെ നിരവധി നേതാക്കളെയും ശാസ്ത്രജ്ഞരേയും കൊലപ്പെടുത്തിയെന്നും ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.
ഇന്നലെ രാത്രിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 43 പേർക്ക് പരിക്കേറ്റെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. പരിക്കേറ്റവരിൽ 23 പേർക്ക് പ്രാഥമിക ചികിത്സ നൽകി മടക്കി അയച്ചെന്ന് ഷെബ മെഡിക്കൽ സെൻ്റർ അറിയിച്ചതായി ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിലെ അരാവ മേഖലയിൽ ഡ്രോൺ ആക്രമണം. അപായ സൈറൺ മുഴക്കി സൈന്യം.
ഇറാന്-ഇസ്രയേല്‍ സംഘർഷം ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ വെള്ളിയാഴ്ച ന്യൂയോർക്കിൽ അടിയന്തര യോഗം ചേർന്നു.
സംഘർഷം അവസാനിപ്പിക്കേണ്ട സമയമായെന്നും സമാധാനവും നയതന്ത്രവും നിലനിൽക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് എക്സില്‍ കുറിച്ചു.
ഇറാനിയൻ മിസൈൽ ലോഞ്ചറുകളും ആയുധങ്ങളും തകർത്തെന്ന് ഇസ്രയേൽ സൈന്യത്തിൻ്റെ അവകാശവാദം. ലോഞ്ചറുകൾ തകർക്കുന്ന ഉപഗ്രസ ദൃശ്യങ്ങൾ പുറത്തുവിട്ടു.
വെള്ളിയാഴ്ച രാത്രി ഇസ്രയേൽ ഡിഫൻസ് ഫോഴ്സിൻ്റെ ജെറ്റ് വിമാനങ്ങൾ തെഹ്റാനിലെ നിരവധിയിടങ്ങളിൽ വ്യോമാക്രമണങ്ങൾ നടത്തിയെന്ന് സൈന്യം അവകാശപ്പെട്ടു. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനത്തേയും സൈനിക കേന്ദ്രങ്ങളെയും തകർക്കാൻ കഴിഞ്ഞെന്നും ഇസ്രയേൽ പറഞ്ഞു.
അതേസമയം, ഇന്ന് വിവിധ ഇസ്രയേൽ നഗരങ്ങൾ ലക്ഷ്യമിട്ടെത്തിയ നിരവധി ഇറാനിയൻ ഡ്രോണുകൾ തകർത്തെന്നും സൈന്യം വ്യക്തമാക്കി.
തെഹ്റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിലെ യുദ്ധവിമാന ഹാംഗറിൽ ഇസ്രയേൽ ബോംബാക്രമണമെന്ന് റിപ്പോർട്ടുകള്‍. പുലർച്ചയാണ് ആക്രമണം നടന്നതെന്ന് ഇറാന്‍ സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
“ആക്രമണത്തില്‍ വിമാനത്താവളത്തിൽ സ്‌ഫോടനങ്ങൾക്ക് കാരണമായി, പക്ഷേ റൺവേകളെയോ കെട്ടിടങ്ങളെയോ മറ്റ് സൗകര്യങ്ങളെയോ ഇത് ബാധിച്ചില്ല,” ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 'പുലർച്ചെ ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ' ഏർപ്പെട്ടതായും റിപ്പോർട്ടില്‍ കൂട്ടിച്ചേർക്കുന്നു.
ഇറാൻ്റെ സൈനിക, ആണവ ശേഷികൾക്ക് നേരെ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, രണ്ട് മുതിർന്ന ഇറാനിയൻ സൈനിക ജനറൽമാർ കൊല്ലപ്പെട്ടതായി ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സായുധ സേനാ ജനറൽ സ്റ്റാഫിൻ്റെ ഇൻ്റലിജൻസ് ഡെപ്യൂട്ടി മേധാവി ജനറൽ ഘോലംറേസ മെഹ്‌റാബിയും, ഓപ്പറേഷൻസ് ഡെപ്യൂട്ടി മേധാവി ജനറൽ മെഹ്ദി റബ്ബാനിയും രക്തസാക്ഷികളായി എന്ന് ചാനൽ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് ലബനൻ ഭരണകൂടം അടച്ചിട്ട രാജ്യത്തെ വ്യോമാതിർത്തി ഇന്ന് രാവിലെ വീണ്ടും തുറന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് വെള്ളിയാഴ്ച വൈകി വ്യോമാതിർത്തി അടച്ചത്. വിമാനങ്ങൾ വൈകിയ സാഹചര്യത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തുന്നതായി ലെബനൻ സർക്കാർ അറിയിച്ചു.
ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിലെ ഒരു ഭവന സമുച്ചയത്തിന് നേരെ ഇസ്രയേൽ സൈന്യം നടത്തിയ മിസൈലാക്രമണത്തിൽ 20 കുട്ടികൾ ഉൾപ്പെടെ 60 ഓളം പേർ കൊല്ലപ്പെട്ടതായി ഇറാൻ്റെ ദേശീയ ചാനൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ദി ഗാർഡിയനും അൽജസീറയും ദി ഇന്ത്യൻ എക്സ്‌പ്രസും ഉൾപ്പെടെ ഈ വാർത്ത പങ്കുവെച്ചിട്ടുണ്ട്.
ഇറാനിൽ ആക്രമണം തുടരുകയാണെന്നും അടുത്ത ഘട്ടം അവരുടെ തലസ്ഥാനമായ ടെഹ്‌റാനിൽ സ്വതന്ത്രമായി പറക്കുകയാണെന്നും ഇസ്രയേൽ സൈനിക മേധാവി. "കഴിഞ്ഞ രാത്രിയിലെ തുടർച്ചയായ ആക്രമണങ്ങളിൽ ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നിട്ടുണ്ട്. ഇന്ന് രാവിലെ ടെഹ്‌റാനിലേക്കുള്ള വഴി ഒരുങ്ങിക്കഴിഞ്ഞു," ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ പറഞ്ഞു.
ഇസ്രയേലുമായുള്ള സംഘർഷങ്ങളെ തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെച്ച് ഇറാൻ. ഇറാനിലെ എയർപോർട്ട്സ് ആൻഡ് എയർ നാവിഗേഷൻ കമ്പനിയാണ് ഈ വിവരം അറിയിച്ചത്. ഇറാനിൽ രാജ്യവ്യാപകമായി എല്ലാ വിമാനത്താവളങ്ങളുടെയും സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനിലെയും ഇസ്രയേലിലെയും ഭരണാധികാരികൾ യുക്തിസഹമായി പ്രവർത്തിക്കാനും ചർച്ചകളിലൂടെ പ്രശ്ന പരിഹാരം തേടണമെന്നും മാർപാപ്പയുടെ ആഹ്വാനം. ഈ സാഹചര്യത്തെ വളരെയധികം ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ച് പറഞ്ഞു. "ആണവ ഭീഷണിയിൽ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധത ഒരു കൂടിക്കാഴ്ചയിലൂടെയും ആത്മാർത്ഥമായ സംഭാഷണത്തിലൂടെയും ഉണ്ടാക്കിയെടുക്കണം. ആരും ഒരിക്കലും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുത്," മാർപാപ്പ പറഞ്ഞു.
ഇസ്രയേലിലേക്ക് ഇനി മിസൈലുകളയച്ചാൽ തെഹ്റാൻ നിന്ന് കത്തുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്.
ഇസ്രയേലിനെ സഹായിക്കാൻ നിന്നാൽ യുഎസിനേയും ബ്രിട്ടനേയും ഫ്രാൻസിനേയും തിരിച്ചടിക്കുമെന്ന് ഇറാൻ. ഇസ്രയേലിനെതിരായ ഇറാൻ്റെ ആക്രമണം തടയാൻ ശ്രമിച്ചാൽ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ മേഖലയിലെ താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നാണ് ഇറാനിയൻ സർക്കാർ ദേശീയ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇറാന്റെ പടിഞ്ഞാറൻ പ്രവിശ്യയായ ഹംദാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിൽ പരിക്കേറ്റവരിൽ രക്ഷാപ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹംദാൻ ഗവർണറുടെ സുരക്ഷാ സഹായി അറിയിച്ചു.
ഇസ്രയേൽ ആക്രമണങ്ങളിൽ മൂന്ന് ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ തസ്നീം.
അലി ബകായ് കരിമി, മൻസൂർ അസ്ഗരി, സയീദ് ബോർജി എന്നീ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ സൈന്യം പറയുന്നത്.
“ഓപ്പറേഷൻ റൈസിങ് ലയണിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങളിൽ, ഇറാനിയൻ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിക്ക് നേതൃത്വം നൽകിയ ഒമ്പത് മുതിർന്ന ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു,” കൊല്ലപ്പെട്ടവരുടെ പേരുകൾ പട്ടികപ്പെടുത്തിയ പ്രസ്താവനയിൽ സൈന്യം പറഞ്ഞു. ആക്രമണങ്ങള്‍ നടത്തിയത് ഇന്റലിജൻസ് ഡയറക്ടറേറ്റ് ശേഖരിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സൈന്യം കൂട്ടിച്ചേർത്തു.
സൻജാൻ പ്രവിശ്യയിൽ ഇസ്രയേല്‍ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് കോർപ്സിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പർവതപ്രദേശമാണ് സൻജാൻ.
ഈ പ്രതിസന്ധിയിൽ, സാധ്യമായ എല്ലാ വഴികളിലും ഞങ്ങൾ ഇറാനോടൊപ്പം നിൽക്കും. ഇറാന്റെ താൽപ്പര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കും. ഇറാനികൾ ഞങ്ങളുടെ സഹോദരങ്ങളാണ്, അവരുടെ വേദനയും കഷ്ടപ്പാടും ഞങ്ങളുടെ പൊതുവായ വേദനയാണ്: പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്:
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് പ്രകാരം ഈ നീക്കം. 'പ്രത്യേക ജാഗ്രത' പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിൽലോ ഫ്രഞ്ച് പ്രാദേശിക സുരക്ഷാ മേധാവികൾക്ക് സന്ദേശം അയച്ചു.
ഇറാനെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ അപലപിച്ച് ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലാറ്റി. ഇത് മേഖലയെ "അസ്ഥിരതയുടെയും അരാജകത്വത്തിന്റെയും" അവസ്ഥയിലേക്ക് തള്ളിവിടുമെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.