സയണിസ്റ്റ് തീവ്രവാദികൾക്ക് ഒരു ദയയും നൽകില്ലെന്നും ശക്തമായ മറുപടി നൽകുമെന്നും ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മറുപടി. ഖമേനി എവിടെയുണ്ടെന്ന് അറിയാമെന്നും സംഘർഷത്തിൽ ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഈ പ്രതികരണം.
ജറുസലേമിലെ അമേരിക്കൻ എംബസി താത്കാലികമായി അടച്ചു. ഇന്ന് മുതൽ വെള്ളിയാഴ്ച വരെയാണ് പ്രവർത്തനരഹിതമാകുക. എംബസി ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാൻ നിർദേശം നൽകി.
ഇസ്രയേലിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികളുടെ സംഘം ഇന്ന് നാട്ടിൽ തിരിച്ചെത്തും. 110 പേരടങ്ങുന്ന സംഘത്തെയാണ് തിരികെയെത്തിക്കുന്നത്. ചൊവ്വാഴ്ചയോടെ ഇവരെ അർമേനിയൻ അതിർത്തിയിൽ എത്തിച്ചിരുന്നു.
ഇസ്രയേലിലേക്ക് അയയ്ക്കുന്നതിനായി ഉപയോക്തൃ വിവരങ്ങൾ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ് ശേഖരിച്ചുവെന്ന് ആരോപിച്ച് പൗരന്മാരോട് ആപ്പ് ഡിലീറ്റ് ചെയ്യാൻ ഇറാനിയൻ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ആളുകളോട് അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് വാട്ട്‌സ്ആപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. അതേസമയം, സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി.
ഇസ്രയേലിനും ഇറാനും ഇടയിൽ വെടിനിർത്തൽ ഉറപ്പാക്കാൻ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്ന് യുഎഇ. സ്ഥിതി ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നത് തടയാൻ നയതന്ത്ര ഇടപെടൽ ആവശ്യമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ-നഹ്യാൻ പറഞ്ഞു.
അശ്രദ്ധയും തെറ്റായ കണക്കുകൂട്ടലുകളും സംഘർഷം ഇസ്രായേലിൻ്റേയും ഇറാൻ്റേയും അതിർത്തികൾക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാഹചര്യം നിയന്ത്രണാതീതമാകുന്നതിന് മുമ്പ് ശത്രുത അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഏകദേശം 585 പേർ കൊല്ലപ്പെടുകയും 1,326 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്. മരിച്ചവരിൽ 239 പേർ സാധാരണക്കാരാണെന്നും 126 പേർ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും തിരിച്ചറിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
സംഘർഷത്തിനിടെ ഇറാൻ പതിവായി മരണസംഖ്യ പ്രസിദ്ധീകരിക്കുന്നില്ല. തിങ്കളാഴ്ച പുറത്തിറക്കിയ അവരുടെ അവസാന അപ്‌ഡേറ്റിൽ 224 ഇറാനുകാർ കൊല്ലപ്പെടുകയും 1,277 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചത്.
ഇറാനിലെ നിരവധി സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. അമ്പതിലധികം ഇസ്രയേലി വ്യോമസേനാ വിമാനങ്ങളുടെ നേതൃത്വത്തിലായിരുന്നു ഇറാനിൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സേന അറിയിച്ചു. രാജ്യത്തെ ആണവ കേന്ദ്രങ്ങളിലെ സെൻട്രിഫ്യൂജ്, ആയുധ നിർമാണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ഇറാൻ്റെ ആണവായുധ വികസന പദ്ധതിയെ തകർക്കാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ് ആക്രമണമെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു. ഇസ്രയേൽ ഇൻ്റലിജൻസിൽ നിന്നുള്ള കൃത്യമായ മാർഗനിർദ്ദേശ പ്രകാരമാണ് ഏറ്റവും പുതിയ ആക്രമണം നടത്തിയതെന്ന് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ സൈന്യം പറഞ്ഞു.
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ഇസ്രയേൽ സൈന്യം നിഷേധിച്ചു. ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണ സംഘടനയായ ഐഎഇഎയും, യുഎസ് രഹസ്യാന്വേഷണ വിഭാഗവും അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ സമാനമായ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്.
ഇസ്രയേലിനെതിരായി ഇറാൻ ഉപയോഗിക്കുന്ന ഉപരിതല മിസൈലുകളുടെ ഭാഗങ്ങൾ നിർമിക്കുന്ന പ്ലാൻ്റുകളെയും ആക്രമിച്ചതായി ഇസ്രയേലി സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
വടക്കൻ ഇസ്രയേലിൽ ചാവുകടലിന് സമീപത്തായി ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ട് ഇസ്രയേൽ. രണ്ടെണ്ണം വെടിവെച്ചിട്ടെന്നും ഒരെണ്ണം വ്യോമസേന മിസൈൽ ഉപയോഗിച്ച് തകർത്തെന്നും ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.
ഇറാൻ്റെ ആണവായുധ നിർമാണ യൂണിറ്റുകളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇതുവരെയും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഷിങ്ടൺ അധികൃതരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ട്രംപും നാഷണൽ സെക്യൂരിറ്റി ടീമും തമ്മിലുള്ള ചർച്ചയിൽ ഉരുത്തിരിഞ്ഞ പല ആശയങ്ങളിൽ ഒന്ന് മാത്രമാണ് ഇറാനെ ആക്രമിക്കുന്നതെന്നും എന്നാൽ ഇതേ കുറിച്ച് തീരുമാനത്തിലെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ആണവ നിരായുധീകരണം സംബന്ധിച്ച യുഎസ് നിബന്ധനകൾ അംഗീകരിപ്പിക്കാൻ വേണ്ടിയാണ് ട്രംപ് സൈനിക നീക്കം നടത്തുമെന്ന പ്രതീതി സൃഷ്ടിച്ചതെന്നും വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
മൊസാദ് ഏജന്‍റുകളെന്ന് ആരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ഇറാൻ. ഓൺലൈനിൽ ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ പ്രതിച്ഛായ മോശമാക്കാൻ പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.
ഇറാൻ സർക്കാരിൻ്റെ തകർച്ച ആസന്നമായിരിക്കുന്നുവെന്നും സ്വേച്ഛാധിപതികൾ ഇങ്ങനെയാണ് വീഴുന്നതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. "ഇറാനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈൻ്റെ അതേ തരത്തിലുള്ള അന്ത്യം നേരിടേണ്ടിവരു. ഇസ്രയേൽ രാഷ്ട്രത്തിനെതിരെ ഇതേ പാത തിരഞ്ഞെടുത്ത ഏകാധിപതിയുടെ വിധി ഖമേനി ഓർക്കുന്നത് നന്നായിരിക്കും,” കാറ്റ്സ് പറഞ്ഞു.
ഇറാന്‍ കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഇറാന്‍ കീഴടങ്ങില്ല. ഇസ്രയേല്‍ വലിയ തെറ്റു ചെയ്തു. അതിന് തക്കതായി ശിക്ഷ നല്‍കുമെന്ന് ഖമേനി പറഞ്ഞു.
അടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ സമാധാനമോ ഇറാന്‍ അംഗീകരിക്കില്ല. ഭീഷണിയുടെ ഭാഷയോട് ഇറാന്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഇറാന്റെ ചരിത്രമറിയുന്നവര്‍ക്ക് അറിയാം. യുഎസ് ആക്രമണത്തിന് മുതിര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഖമേനി പറഞ്ഞു.
ഇന്ന് പശ്ചിമ ഇറാനിലെ 40 ഓളം കേന്ദ്രങ്ങളിലെ ആക്രമണം പൂര്‍ത്തിയാക്കിയെന്ന് ഇസ്രയേല്‍. ഇസ്രയേലിന് നേരെ ഇറാന്‍ ഉന്നമിട്ട 40 ലേറെ മിസൈലുകള്‍ 25 ഓളം ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് ആക്രമിച്ചെന്നും ഇസ്രയേല്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ 144 മൃതദേഹങ്ങളും 560 പരിക്കേറ്റവരെയും എത്തിച്ചതായി ഗാസയിലെ ആരോഗ്യമന്ത്രാലയം. മാര്‍ച്ചില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിച്ച ശേഷം പലസ്തീനില്‍ കൊല്ലപ്പെട്ടത് 5334 പേരാണ്. 17,800 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
തെഹ്റാനില്‍ ആക്രമണം നടത്തുകയാണെന്ന് സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെ, ഇസ്രയേല്‍ വ്യോമസേനാ ജെറ്റുകള്‍ ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകര്‍ത്തുവെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഇറാനിയൻ സ്വേച്ഛാധിപതിയുടെ അടിച്ചമര്‍ത്തലിന്റെ പ്രധാന ആയുധം' തകര്‍ത്തെന്നാണ് കാറ്റ്സിന്റെ വാക്കുകള്‍. ഇറാന്‍ ഭരണത്തിന്റെ അടയാളങ്ങള്‍ തകര്‍ക്കുകയും, എവിടെയായിരുന്നാലും ആയത്തൊള്ള ഭരണകൂടത്തെ ആക്രമിക്കുകയും ചെയ്യുമെന്നും കാറ്റ്സ് കൂട്ടിച്ചേര്‍ത്തു.