മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലിലെ ആശുപത്രിക്ക് കേടുപാടുകൾ വന്ന സംഭവത്തില്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 'സ്വേച്ഛാധിപതി'കളെക്കൊണ്ട് വലിയ പിഴയൊടുപ്പിക്കുമെന്ന് നെതന്യാഹു എക്‌സില്‍ കുറിച്ചു. അറാക് ആണവ റിയാക്ടറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ നടന്ന ഇറാന്‍ തിരിച്ചടിയിലാണ് ടെല്‍ അവീവിലെ സൊറോക്ക ആശുപത്രിക്ക് കേടുപാടുകളുണ്ടായത്.
"ഇന്ന് രാവിലെ, ഇറാനിലെ തീവ്ര സ്വേച്ഛാധിപതികൾ ബീർ ഷെവയിലെ സൊറോക്ക ആശുപത്രിക്കും രാജ്യത്തിന്റെ മധ്യഭാഗത്തുള്ള സാധാരണക്കാർക്കും നേരെ മിസൈലുകൾ പ്രയോഗിച്ചു," നെതന്യാഹു എക്‌സില്‍ കുറിച്ചു. തെഹ്‌റാനിലെ 'സ്വേച്ഛാധിപതികൾ' കനത്ത വില നൽകേണ്ടി വരുമെന്നും നെതന്യാഹു പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ ഹോളനിലാണ് ഇറാന്റെ മിസൈൽ ആക്രമണങ്ങള്‍ നടന്നത്. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. ആശുപത്രിയുടെ പഴയ സർജിക്കൽ വാർഡിലാണ് മിസൈല്‍ പതിച്ചതെന്ന് സോറോക്ക ഹോസ്പിറ്റൽ ഡയറക്ടർ ജനറൽ ശ്ലോമി കോദേഷ് അറിയിച്ചു. നാശനഷ്ടങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തുകയാണെന്നും അടിയന്തര സാഹചര്യങ്ങൾക്ക് ഒഴികെ ആശുപത്രിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
അതേസമയം, ഇറാന്റെ ഏറ്റവും പുതിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 47 ആയി എന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ഇസ്രയേലിന്റെ അടിയന്തര രക്ഷാപ്രവർത്തന വിഭാഗം അറിയിച്ചു. ഷെൽട്ടറുകളിലേക്ക് ഓടുന്നതിനിടെ പതിനെട്ട് പേർക്ക് കൂടി പരിക്കേറ്റതായി അടിയന്തര സേവന വിഭാഗം അറിയിച്ചു.