WORLD

"ഇസ്രയേല്‍ നിരപരാധികളെ കൊന്നൊടുക്കുന്നു, ചെയ്യുന്നത് യുദ്ധക്കുറ്റം"; വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മേര്‍ട്ട്

ഇതുപോലൊരു യുദ്ധം ഇസ്രയേലിന്റെ ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കീഴിലുള്ള ക്രിമിനല്‍ ഗ്യാങ് ഈ മേഖലയില്‍ സമാനതകളില്ലാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എഹുദ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


ഇസ്രയേല്‍ സര്‍ക്കാര്‍ നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മേര്‍ട്ട്. ഇസ്രയേല്‍ ന്യൂസ്‌പേപ്പറും വെബ്‌സൈറ്റുമായ ഹാരേറ്റ്‌സിന് നല്‍കിയ ലേഖനത്തിലാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മുന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇസ്രയേലിന്റെ 12-ാമത്തെ പ്രധാനമന്ത്രിയായിരുന്ന എഹുദ് 2006 മുതല്‍ 2009 വരെയാണ് അധികാരത്തിലിരുന്നത്. മുന്‍ ലികുഡ് പാര്‍ട്ടി നേതാവു കൂടിയായിരുന്നു എഹുദ്.

ഒരു ലക്ഷ്യവുമില്ലാതെ എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെ ഇസ്രയേല്‍ സര്‍ക്കാര്‍ യുദ്ധം അഴിച്ചു വിട്ടിരിക്കുകയാണെന്ന് എഹുദ് പറയുന്നു. ഇതുപോലൊരു യുദ്ധം ഇസ്രയേലിന്റെ ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കീഴിലുള്ള ക്രിമിനല്‍ ഗ്യാങ് ഈ മേഖലയില്‍ സമാനതകളില്ലാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എഹുദ് പറഞ്ഞു.

ഈ യുദ്ധം തീര്‍ത്തും സ്വകാര്യമാണ്. ഇതൊരു സ്വകാര്യ രാഷ്ട്രീയ യുദ്ധമാണ്. അതിന്റെ ഫലം ഗാസയെ മനുഷ്യ ദുരന്ത പ്രദേശമാക്കി മാറ്റുക എന്നത് മാത്രമാണെന്നും എഹുദ് പറഞ്ഞു.

ഇസ്രയേല്‍ യുദ്ധക്കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധികളെ കൊന്നൊടുക്കിയിട്ടില്ലെന്നുമടക്കം മുമ്പ് താന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി തനിക്ക് അങ്ങനെ പറയാന്‍ സാധിക്കുന്നില്ല. ഒരു പരിധിയിലുമില്ലാത്ത ക്രൂരമായി പൗരരെ കൊന്നൊടുക്കുന്നു. ഇത് യുദ്ധക്കുറ്റം തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ബിബിസിക്ക് അദ്ദേഹം ഒരു അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഒരു നേട്ടവും ഇസ്രയേല്‍ കൈവരിച്ചിട്ടില്ലെന്നും ഹമാസിനോടാണ് പോരാടേണ്ടത്, അത് സാധാരണക്കാരോടല്ലെന്നും എഹുദ് പറഞ്ഞിരുന്നു.

SCROLL FOR NEXT