വാഷിങ്ടണ്‍: ഏറെ നാള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇസ്രയേലും ലെബനനും പ്രാരംഭ കരാറില്‍ ഒപ്പുവെച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വാഷിങ്ടണില്‍ നടന്ന അഞ്ചാംഘട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യാഥാര്‍ഥ്യമായത്. ഇസ്രയേല്‍ സൈന്യം കൈവശം വെച്ചിരിക്കുന്ന ദക്ഷിണ ലെബനനിലെ ചില പ്രദേശങ്ങള്‍ ലെബനന്‍ സൈന്യത്തിന് കൈമാറുന്നതാണ് കരാറിലെ പ്രധാന ഉള്ളടക്കം.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നടന്ന ചടങ്ങില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഇരു രാജ്യങ്ങളുടേയും അംബാസിഡര്‍മാര്‍ എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു. നേരത്തെ പൂര്‍ണമായ സൈനിക പിന്മാറ്റം വേണമെന്നായിരുന്നു ലെബനന്റെ ആവശ്യം. എന്നാല്‍ ഹെസ്‌ബൊള്ളയുടെ നിരായുധീകരണവും അതിര്‍ത്തിയിലെ സാന്നിധ്യവും ഒഴിവാക്കുമെന്ന ഉറപ്പ് ലഭിക്കാതെ പിന്‍മാറില്ലെന്നായിരുന്നു ഇസ്രയേലിന്റെ നിലപാട്.
തര്‍ക്കങ്ങള്‍ക്കിടെയാണ് പൈലറ്റ് സോണുകള്‍ എന്ന ആശയത്തിലൂടെ ലെബനന്‍ സൈന്യത്തിന് നിയന്ത്രണം കൈമാറാന്‍ ധാരണയായത്. കരാര്‍ പ്രകാരം ഇസ്രയേല്‍ സതേണ്‍ ലെബനിലെ രണ്ട് പ്രദേശങ്ങളില്‍ നിന്നും പിന്മാറും. കരാര്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണെന്നിരിക്കെ തന്നെ വലിയ വെല്ലുവിളികള്‍ മുന്നില്‍ ഉണ്ടെന്നും ഒപ്പുവയ്ക്കല്‍ ചടങ്ങിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ പറഞ്ഞു.
'ഇന്ന് ഒരു തുടക്കത്തിന്റെ തുടക്കമാണ്. മുന്നോട്ട് ഇനിയും ഒരുപാട് ജോലികളുണ്ട്. ആ ജോലികളെ ഒരക്കലും നമ്മള്‍ ചെറുതാക്കി കാണില്ല. എന്നാല്‍ അതിന്റെ പ്രാധാന്യം മനസിലാക്കു്‌നനു. ഇത് ഒരുമിച്ചു കൊണ്ടു വരുന്നതില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,' മാര്‍ക്കോ റുബിയോ പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരം പുനഃസ്ഥാപിക്കുന്നതില്‍ ഈ കരാര്‍ ഒരു നിര്‍ണായക ഘടകമാണെന്ന് യുഎസിലെ ലെബനന്‍ അംബാസിഡര്‍ നദാ ഹമാദേ മോവാദ് പറഞ്ഞു.