Source: X
WORLD

റോഡരികിൽ പ്രാർഥിക്കുകയായിരുന്ന പലസ്തീൻ പൗരന് നേരെ ഇസ്രയേൽ സൈനികന്റെ അതിക്രമം; യുവാവിന് നേരെ വാഹനം ഇടിച്ച് കയറ്റി

ആയുധധാരിയായ ഇസ്രായേലി സൈനികൻ തന്റെ ഫോർവീലർ ഇടിച്ചുകയറ്റുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

വെസ്റ്റ് ബാങ്ക്: റോഡരികിൽ പ്രാർഥിക്കുകയായിരുന്ന പലസ്തീൻ പൗരന് നേരെ ഇസ്രയേൽ സൈനികന്റെ അതിക്രമം . നിസ്കരിക്കുകയായിരുന്ന യുവാവിന് നേരെ വാഹനം ഇടിച്ച് കയറ്റി. റോഡിലേക്ക് വീണ യുവാവിനോട് സ്ഥലത്ത് നിന്ന് മാറി പോകാൻ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. റാമല്ലയുടെ കിഴക്കുള്ള ദേർ ജരീറിൽ വച്ചാണ് പ്രാർഥനയിലായിരുന്ന പലസ്തീൻ പൗരന് നേരെ അതിക്രമം നടത്തിയത്. ആയുധധാരിയായ ഇസ്രായേലി സൈനികൻ തന്റെ ഫോർവീലർ ഇടിച്ചുകയറ്റുകയായിരുന്നു.

ആക്രമത്തിന് ഇരയായ പലസ്തീൻ പൗരനെ ആശുപ്ത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ യുവാവിന് സാരമായ പരിക്കുകളൊന്നും തന്നെയില്ലെന്നാണ് റിപ്പോർട്ടുകൾ. പലസ്തീൻ ടിവിയിൽ സംപ്രേഷണം ചെയ്തതും റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചതുമായ വീഡിയോയിൽ, സിവിലിയൻ വസ്ത്രം ധരിച്ച ഒരാൾ തോളിൽ തോക്കുമായി റോഡരികിൽ പ്രാർത്ഥിക്കുന്ന ഒരാളിലേക്ക് ഒരു ഓഫ്-റോഡ് വാഹനം ഓടിച്ചുകയറ്റുന്നതായി കാണാം. ഇയാൾ നേരത്തേ പ്രദേശത്ത് വെടിയുതിർത്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ കൃത്യം നടത്തിയ ആൾ സൈന്യത്തിലെ സ്ഥിരാംഗം അല്ലെന്നും ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.ഇയാളുടെ കയ്യിൽ നിന്നും ആയുധം കണ്ടുകെട്ടി, തുടർന്ന് അറസ്റ്റ് ചെയ്തതായും അഞ്ച് ദിവസം വീട്ടുതടങ്കലിൽ വെക്കുമെന്നും ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരായ ഇസ്രായേലി സിവിലിയൻ ആക്രമണങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും അക്രമാസക്തമായ വർഷങ്ങളിലൊന്നായിരുന്നു ഇത്.

SCROLL FOR NEXT