സുരക്ഷാ യോഗത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു Source: www.timesofisrael.com
WORLD

ഗാസയിലെ 'മാനവിക നഗരം'; തമ്മിലിടഞ്ഞ് ഇസ്രയേല്‍ സര്‍ക്കാരും സൈന്യവും; നെതന്യാഹു - സായുധ സേനാ മേധാവി വാക്ക്പോര്

ബന്ദികളുടെ മോചനം ഉള്‍പ്പെടെ നീക്കങ്ങളെ ബാധിക്കുന്ന പദ്ധതി യുദ്ധലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സൈന്യം.

Author : ന്യൂസ് ഡെസ്ക്

ദക്ഷിണ ഗാസയില്‍ പലസ്തീന്‍കാര്‍ക്കായുള്ള നിര്‍ദിഷ്ട ക്യാംപിന്റെ പേരില്‍ ഇടഞ്ഞ് ഇസ്രയേല്‍ സര്‍ക്കാരും സൈന്യവും. ഗാസയിലെ മുഴുവന്‍ ജനതയെയും റഫ നഗരത്തില്‍ കെട്ടിപ്പടുക്കുന്ന 'മാനവിക നഗര'ത്തിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ഗാസയിലെമ്പാടും സൈനിക സാന്നിധ്യം നിലനിര്‍ത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് പദ്ധതിക്ക്. അതേസമയം, ചെലവേറിയ പദ്ധതിക്ക് അസംഖ്യം പ്രശ്നങ്ങളുണ്ടെന്നാണ് സൈന്യത്തിന്റെ വിമര്‍ശനം. ബന്ദികളുടെ മോചനം ഉള്‍പ്പെടെ നീക്കങ്ങളെ ബാധിക്കുന്ന പദ്ധതി യുദ്ധലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും സൈന്യം ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച നടന്ന സുരക്ഷാ യോഗത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഇയാല്‍ സമീറും പരസ്പരം കൊമ്പുകോര്‍ത്തതായും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനിക ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായ റഫ നഗരത്തിലാണ് ഇസ്രയേല്‍ 'മാനവിക നഗരം' (ഹ്യുമാനിറ്റേറിയന്‍ സിറ്റി) കെട്ടിപ്പടുക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. തുടക്കത്തില്‍ ആറ് ലക്ഷത്തോളം ആളുകളെയാണ് നഗരത്തിലേക്ക് മാറ്റുകയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വിശദീകരിച്ചിരുന്നു. ക്രമേണ ഗാസയിലെ മുഴുവന്‍ ജനങ്ങളെയും നഗരത്തിലേക്ക് മാറ്റും. അവിടെ എത്തുന്നവരെ മറ്റ് രാജ്യങ്ങളിലേക്ക് പോകുവാന്‍ മാത്രമേ അനുവദിക്കൂ. ക്യാംപിനുള്ള രൂപരേഖ തയ്യാറാക്കാന്‍ സൈന്യത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും കാറ്റ്സ് കഴിഞ്ഞവാരം വ്യക്തമാക്കി. നെതന്യാഹു യുഎസ് സന്ദര്‍ശനത്തിലായിരുന്നപ്പോഴാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.

പദ്ധതി തയ്യാറാക്കാനുള്ള ഉത്തരവുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, സൈന്യത്തിന് ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ട്. ഞായറാഴ്ച നടന്ന സുരക്ഷാ യോഗത്തില്‍ ലഫ്. ജനറല്‍ ഇയാല്‍ സമീര്‍ എതിര്‍പ്പ് പറഞ്ഞതായും, പ്രധാനമന്ത്രി നെതന്യാഹുവുമായി വാക്ക്പോര് ഉണ്ടായെന്നും ചാനല്‍ 12 ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി' എന്നാണ് ഇയാല്‍ സമീര്‍ നല്‍കിയ വിശേഷണം. നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളുള്ള പദ്ധതിയാണ്. അസംഖ്യം പ്രശ്നങ്ങളുണ്ട്. യുദ്ധലക്ഷ്യങ്ങളുമായി പദ്ധതി പൊരുത്തപ്പെടുന്നില്ല. മാനവിക നഗരം എന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത്, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച കരാറില്‍ ഹമാസ് ഏര്‍പ്പെടുന്നതിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തും. യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള നിയമവിരുദ്ധ ഉത്തരവുകള്‍ ഏല്‍ക്കേണ്ടിവരും. പദ്ധതിക്ക് വലിയ ചെലവ് വരും. സൈനിക ഫണ്ടുകളും മറ്റ് വിഭവങ്ങളും വഴിമാറ്റി ചെലവിടേണ്ടിവരും. യുദ്ധം ചെയ്യാനുള്ള ശേഷിയെ തന്നെ പദ്ധതി ബാധിക്കുമെന്നുമാണ് സൈന്യത്തിന്റെ വാദം.

ചര്‍ച്ചകള്‍ക്കൊടുവില്‍, ലഫ്. ജനറല്‍ ഇയാല്‍ സമീറിന്റെ വാദങ്ങളെ നെതന്യാഹു ശരിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. യാഥാര്‍ഥ്യബോധമുള്ള ഒരു പദ്ധതി അവതരിപ്പിക്കാന്‍ നെതന്യാഹു സേനയോട് ആവശ്യപ്പെട്ടു. നാളെ തന്നെ ചെലവ് കുറഞ്ഞ, എത്രയും വേഗത്തില്‍ നടപ്പാക്കാനാകുന്ന, ലളിതമായ ബദല്‍ പദ്ധതി തയ്യാറാക്കണമെന്നും നെതന്യാഹു സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹമാസ്. സമാധാന ശ്രമങ്ങളെ മനപൂര്‍വം തുരങ്കംവയ്ക്കുന്നതാണ് ക്യാംപ് പദ്ധതികളെന്ന് ഹമാസ് മുതിര്‍ന്ന അംഗം ഹുസാം ബദ്രനെ ഉദ്ധരിച്ച് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ അത് സങ്കീര്‍ണമാക്കും. ചേരിയെ ഓര്‍മപ്പെടുത്തുന്ന ഒറ്റപ്പെട്ട നഗരമാകും അത്. അത് തികച്ചും അസ്വീകാര്യമാണ്. ഒരു പലസ്തീന്‍കാരനും അത് അംഗീകരിച്ചേക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പദ്ധതിക്കെതിരെ വിമര്‍ശനവും ശക്തമാണ്. ലോകനേതാക്കള്‍ പദ്ധതിയില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈജിപ്ത് അതിര്‍ത്തിക്കും മൊറാഗ് ഇടനാഴിക്കും ഇടയിലേക്ക് പലസ്തീനികളെ കുത്തിനിറയ്ക്കാനുള്ള ഇസ്രയേല്‍ പദ്ധതി എന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ഭ്രാന്തന്‍ ആശയമെന്നാണ് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പ്രതികരിച്ചത്. കാറ്റ്സ് പ്രഖ്യാപിച്ച 'മാനവിക നഗരം' പലസ്തീനികള്‍ക്ക് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളായിരിക്കുമെന്നാണ് മുന്‍ പ്രധാനമന്ത്രി എഹുദ് ഓള്‍മെര്‍ട്ട് വിമര്‍ശിച്ചത്. പലസ്തീനികളെ നിര്‍ബന്ധപൂര്‍വം ക്യാംപുകളിലേക്ക് മാറ്റുന്നത് വംശീയ ഉന്മൂലനമാകുമെന്നാണ് ഓള്‍മെര്‍ട്ടിന്റെ വാദം. നാസി കാലത്തെ ജര്‍മനിയുമായി താരതമ്യം ചെയ്യുന്ന ഓള്‍മെര്‍ട്ടിന്റെ പ്രസ്താവനയ്ക്കെതിരെ ഭരണകക്ഷി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഓള്‍മെര്‍ട്ടിനെ ജയിലിലടയ്ക്കണമെന്നുവരെ അഭിപ്രായമുയര്‍ന്നിരുന്നു.

SCROLL FOR NEXT