ഇറാനിൽ അതിരൂക്ഷ ആക്രമണം നടത്തിയതായി ഇസ്രയേൽ. 15 പോർ വിമാനങ്ങൾ ഉപയോഗിച്ച് പടിഞ്ഞാറൻ ഇറാനിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാനിലെ ആയുധ സംഭരണ കേന്ദ്രങ്ങളിലും ഇറാനിയൻ സേനയുടേതാണെന്ന് അവകാശപ്പെടുന്ന ഡ്രോൺ സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.
നേരത്തെ ഫോർദോ ആണവ കേന്ദ്രത്തിലും തെഹ്റാനിലെ സർവകലാശാലയിലും ഇസ്രയേൽ ആക്രമണം നടത്തുയിരുന്നു. ആറ് വിമാനത്താവളങ്ങൾ ആക്രമിച്ചെന്നും 15 വിമാനങ്ങളും 2 ഫൈറ്റർ ജെറ്റുകളും തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
യുഎസിനെതിരെ ഇറാൻ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് ഇറാനിലെ ഇസ്രയേൽ ആക്രമണവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖിലും ഖത്തറിലും ഇറാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ദോഹയില്‍ തീജ്വാലകള്‍ കണ്ടതായും സ്‌ഫോടനങ്ങളും കേട്ടതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുഎസ് വ്യോമത്താവളം ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണിതെന്നും ഖത്തര്‍ വ്യക്തമാക്കി. മിസൈലുകളെ വ്യോമ പ്രതിരോധം നിര്‍വീര്യമാക്കിയെന്നും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എന്നാൽ ആക്രമണം ഖത്തറിനെതിരായല്ലെന്നാണ് ഇറാന്‍ അറിയിച്ചത്. വ്യോമത്താവളം ഖത്തറിലെ ആള്‍ത്താമസമില്ലാത്തിടത്താണെന്ന് ഇറാനിയന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. ആക്രമണം സഹോദര രാജ്യമായ ഖത്തറിനെതിരെയല്ലെന്നും ഖത്തറുമായുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധം തുടരാന്‍ ഇറാന്‍ താത്പര്യപ്പെടുന്നതായും ഇറാനിയന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.